കൊപ്രവില താഴ്ന്നു; കുരുമുളകിന് നല്ലകാലം

റബര്‍വില കുറഞ്ഞു

Update: 2025-11-17 12:30 GMT

വ്യവസായികള്‍ കൊച്ചി, കോട്ടയം വിപണികളില്‍ നിന്നും പിന്‍വലിഞ്ഞതിനെത്തുടര്‍ന്ന് റബര്‍ വിലയിടിഞ്ഞു. ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകള്‍ സ്റ്റെഡി നിലവാരത്തില്‍ നീങ്ങുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് വിലയില്‍ മാറ്റമുണ്ടായത്. കാലാവസ്ഥ അനുകൂലമായതിനാല്‍ കര്‍ഷകര്‍ക്ക് പുലര്‍ച്ചെ ടാപ്പിങിന് ഇറങ്ങി. അതേ സമയം തെക്കന്‍ കേരളത്തില്‍ മഴ നിലനിന്നതിനാല്‍ റബര്‍ വെട്ടില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഒരു വിഭാഗം ഉല്‍പാദകര്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. നാലാം ഗ്രേഡ് റബര്‍ കിലോ 186 രൂപയില്‍ നിന്നും 185 രൂപയായി. തായ് വിപണിയായ ബാങ്കോക്കില്‍ ഷീറ്റ് കിലോ 187 രൂപ.

കൊപ്ര വില താഴ്ന്നു. മാസാരംഭം മുതല്‍ 22,000 രൂപയില്‍ നിലകൊണ്ട് കൊപ്ര വില ഇടിക്കാന്‍ വന്‍കിട മില്ലുകാര്‍ പല അവസരത്തിലും നീക്കം നടത്തിയെങ്കിലും ദക്ഷിണേന്ത്യയില്‍ നിലനിന്ന ചരക്ക് ക്ഷാമം കൊപ്രയ്ക്ക് താങ്ങ് പകര്‍ന്നു. എന്നാല്‍ തമിഴ്നാട്ടില്‍ കൊപ്രയ്ക്ക് ഇന്ന് ക്വിന്റ്റലിന് 250 രൂപ ഇടിഞ്ഞതിന്റെ ചുവട് പിടിച്ച് കൊച്ചിയില്‍ 100 രൂപ കുറഞ്ഞ് 21,900 രൂപയായി.

ഇടുക്കിയില്‍ രാവിലെ നടന്ന ഏലക്ക ലേലത്തില്‍ അന്തര്‍സംസ്ഥാന വ്യാപാരികള്‍ക്ക് ഒപ്പം കയറ്റുമതി സമൂഹവും ചരക്ക് സംഭരിച്ചു. 82,458 കിലോ ഏലക്ക വില്‍പ്പനയ്ക്ക് ഇറങ്ങിയതില്‍ 81,912 കിലോയും വിറ്റഴിഞ്ഞങ്കിലും ശരാശരി ഇനങ്ങള്‍ക്ക് 2400 രൂപയിലെ താങ്ങ് നഷ്ടപ്പെട്ട് 2398 ലേയ്ക്ക് താഴ്ന്നു.

വിദേശത്ത് കുരുമുളക് വില ഉയര്‍ന്നതിന്റെ ചുവട് പിടിച്ച് ഇന്ത്യന്‍ മാര്‍ക്കറ്റും മുന്നേറി. യുറോപ്യന്‍ ഓര്‍ഡറുകളുടെ വരവ് വിയറ്റ്നാം മുളക് വില ഉയര്‍ത്തി. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് മുളക് വില ഇന്ന് 200 രൂപയുടെ മികവില്‍ 68,700 രൂപയായി. 

Tags:    

Similar News