24 Nov 2025 6:24 PM IST
Summary
ക്രിസ്തുമസ് ഡിമാന്റ് മുന്നില്‍ കണ്ട് ഏലക്ക ശേഖരണം
രാജ്യാന്തര റബര്‍ മാര്‍ക്കറ്റുകളില്‍ ഉല്‍പ്പന്ന വിലയില്‍ ഇന്ന് കാര്യമായ മാറ്റമില്ല. ജപ്പാനീസ് വിപണിയില്‍ റബര്‍ കിലോ 336 യെന്നിലാണ് വ്യാപാരം അവസാനിച്ചത്. പ്രതികൂല കാലാവസ്ഥ മൂലം തായ്ലാന്‍ഡില്‍ റബര്‍ ഉല്‍പാദന രംഗത്ത് പ്രതിസന്ധി തല ഉയര്‍ത്തിയെങ്കിലും ടയര്‍ നിര്‍മ്മതാക്കളില്‍ നിന്നും ഇതര വ്യവസായികളില്‍ നിന്നുമുള്ള ഡിമാന്റ് മങ്ങിയത് മൂലം ഷീറ്റ് വില 19,336 രൂപയില്‍ നിന്നും 19,011 ലേയ്ക്ക് ഇടിഞ്ഞു.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ മൂലം റബര്‍ വെട്ടിന് തടസം നേരിട്ടങ്കിലും വന്‍കിട വ്യവസായികളും ഉത്തരേന്ത്യന്‍ വാങ്ങലുകാരും ഷീറ്റ് വിലയില്‍ മാറ്റത്തിന് തയ്യാറായില്ല. നാലാം ഗ്രേഡ് ഷീറ്റ് 18,500 രൂപയിലും അഞ്ചാം ഗ്രേഡ് 18,200 രൂപയിലും വ്യാപാരം നടന്നു.
ക്രിസ്തുമസ് ഡിമാന്റ് മുന്നില്‍ കണ്ട് ഏലക്ക ശേഖരിക്കാന്‍ ലേല കേന്ദ്രങ്ങളില്‍ വാങ്ങലുകാര്‍ തിടുക്കം കാണിച്ചു. വിലപ്പനയ്ക്ക് എത്തുന്ന ഏലക്കയില്‍ വലിയ പങ്കും അവര്‍ തിരക്കിട്ട് വാങ്ങിയെങ്കിലും നിരക്ക് കാര്യമായി ഉയര്‍ത്താന്‍ അവര്‍ തയ്യാറായില്ല. ശരാശരി ഇനങ്ങള്‍ കിലോ 2436 രൂപയിലും മികച്ചയിനങ്ങള്‍ 2712 രൂപയിലും കൈമാറി. ഏറ്റവും കുറഞ്ഞ വില കിലോ 2231 രൂപ. മൊത്തം 89,901 കിലോ ഏലക്കയുടെ ഇടപാടുകള്‍ നടന്നു.
ഇടുക്കിയില്‍ നിന്നും അച്ചാര്‍ തയ്യാറാക്കുന്നതിന് ആവശ്യമായ പച്ച കുരുമുളക് ശേഖരിക്കാനും വാങ്ങലുകാരുണ്ട്. നേരത്തെ കനത്ത മഴ മൂലം പല തോട്ടങ്ങളിലും കൊടികളില്‍ നിന്നും വ്യാപകമായി തിരികള്‍ അടര്‍ന്ന് വീണതിനാല്‍ അച്ചാര്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഡിമാന്റിന് അനുസൃതമായി പച്ച കുരുമുളക് വരവ് ശക്തമല്ല. കിലോ 190 രൂപയ്ക്ക് വരെ പച്ച മുളകിന് ആവശ്യക്കാരുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
