പേടിഎം ഓഹരികള്‍ വിറ്റൊഴിക്കാന്‍ പ്രമുഖര്‍; 2 ശതമാനം വിറ്റ് സോഫ്റ്റ്ബാങ്ക്

  • എസ്‌വിഎഫ് ഇന്ത്യാ ഹോള്‍ഡിങ്‌സ് വിറ്റത് 13,103,148 ഓഹരികള്‍
  • ആന്റ് ഗ്രൂപ്പും വില്‍പ്പനക്ക്
  • ആലിബാബ വിറ്റത് 3.3 ശതമാനം ഓഹരികള്‍

Update: 2023-05-11 14:30 GMT

ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ പേടിഎമ്മിലെ 2.07% ഓഹരികള്‍ വിറ്റതായി സോഫ്റ്റ്ബാങ്ക്. പേടിഎമ്മിന്റെ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിലുള്ള ഓഹരികളാണ് നിക്ഷേപക ഭീമന്‍ വിറ്റൊഴിച്ചത്. 2023 ഫെബ്രുവരി മുതലുള്ള ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ സംബന്ധിച്ച് സെബിയില്‍ ഫയല്‍ചെയ്ത റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. സോഫ്റ്റ്ബാങ്കിന്റെ ഇന്ത്യന്‍ സ്ഥാപനമായ എസ്‌വിഎഫ് ഇന്ത്യാ ഹോള്‍ഡിങ്‌സ് വണ്‍ 97 കമ്മ്യൂണിക്കേഷന്റെ 13,103,148 ഇക്വിറ്റി ഓഹരികളാണ് വിറ്റഴിച്ചത്.

രണ്ട് ശതമാനം ഓഹരികളാണിത്. ഇതോടെ പേടിഎമ്മിലുള്ള സോഫ്റ്റ് ബാങ്കിന്റെ 11.17 ശതമാനമായി കുറഞ്ഞു. നിലവില്‍ 13.24 ശതമാനം ഓഹരികളുണ്ടായിരുന്നു. എന്നാല്‍ മൊത്തം വില്‍പ്പനയുടെ വിപണി മൂല്യം എത്രയാണെന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഏകദേശം 120 മില്യണ്‍ ഡോളര്‍ വിലമതിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പേടിഎമ്മിലെ ഓഹരികള്‍ പതുക്കെ പതുക്കെ വിറ്റഴിക്കാനുള്ള നീക്കങ്ങളാണ് സോഫ്റ്റ് ബാങ്കും മറ്റൊരു നിക്ഷേപകനും ആലിബാബയുടെ അഫിലിയേറ്റ് സ്ഥാപനമായ ആന്റും നടത്തുന്നതെന്ന് വിലയിരുത്തലുണ്ട്.

അതുകൊണ്ട് തന്നെ കൂടുതല്‍ ഓഹരികള്‍ ഇവര്‍ വിറ്റഴിക്കുമെന്ന് കരുതാം. 1378 കോടി രൂപയുടെ ഇടപാടില്‍ ചൈനയുടെ ആലിബാബ ഗ്രൂപ്പ് പേടിഎമ്മിലെ 3.3 ശതമാനം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ വിറ്റിരുന്നു . ആന്റ് ഗ്രൂപ്പ് പേടിഎം ഓഹരികള്‍ സെക്കണ്ടറി ബ്ലോക്ക് ഡീല്‍ വഴി വില്‍ക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പിന് ഇപ്പോഴും ഏകദേശം 25% ഓഹരിയാണുള്ളത്. പേടിഎമ്മിലെ ഏറ്റവും വലിയ ഓഹരിയുടമയാണിത്. പ്രമോട്ടര്‍ സ്ഥാപനങ്ങളൊന്നും ഇല്ലാത്ത പേടിഎമ്മില്‍ സിഇഓ വിജയ് ശേഖര്‍ ശര്‍മ്മയ്ക്ക് 9.13 ശതമാനം ഓഹരിയാണുള്ളത്. മാര്‍ച്ചിലെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ ഇക്കാര്യം തെളിയിക്കുന്നു.

Tags:    

Similar News