യുഎസ് വിപണി ദുർബലമായത് പ്രതികൂലമായി; സെൻസെക്സ് 61,000- ത്തിനു താഴെ

ദുർബലമായ യു എസ് ഉപഭോക്തൃ ഡാറ്റയും, ഫെഡിന്റെ കർശനമായ ചില അഭിപ്രായങ്ങളും വിപണിയുടെ ഇടിവിനു കാരണമായി.

Update: 2023-01-19 11:00 GMT

മുംബൈ : രണ്ട് ദിവസത്തെ തുടർച്ചയായ നേട്ടത്തിന് ശേഷം കുത്തനെ ഇടിഞ്ഞ് വിപണി. യു എസ് വിപണിയിലുണ്ടായ ഇടിവും, വിദേശ നിക്ഷേപത്തിന്റെ പിൻ വാങ്ങലും വിപണിയിലുണ്ടായ നേട്ടം നില നിർത്തുന്നതിന് തടസ്സമായി.

ദുർബലമായ യു എസ് ഉപഭോക്തൃ ഡാറ്റയും, ഫെഡിന്റെ കർശനമായ ചില അഭിപ്രായങ്ങളും വിപണിയുടെ ഇടിവിനു കാരണമായി.

സെൻസെക്സ് 187.31 പോയിന്റ് ഇടിഞ്ഞ് 60,858.43 ലും നിഫ്റ്റി 57.50 പോയിന്റ് നഷ്ടത്തിൽ 18,107.85 ലുമാണ് വ്യപരാമവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 329 .19 പോയിന്റ് ഇടിഞ്ഞ് 60,716.55 ലെത്തിയിരുന്നു.

സെൻസെക്സിൽ ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്‌സ്, ഇൻഡസ് ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടൈറ്റൻ, അൾട്രാ ടെക്ക് സിമന്റ്, ബജാജ് ഫിൻസേർവ്, ഐ ടി സി, നെസ്‌ലെ എന്നിവ നഷ്ടത്തിലായി.

ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ്, ടെക്ക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ് സി ബാങ്ക്, ലാർസെൻ ആൻഡ് റ്റ്യുബ്രോ എന്നിവ ലാഭത്തിലായി.

ഏഷ്യൻ വിപണിയിൽ ടോക്കിയോ ഹോങ്കോങ് എന്നിവ ദുർബലമായപ്പോൾ, സിയോൾ ഷാങ്ഹായ് എന്നിവ ലാഭത്തിൽ അവസാനിച്ചു.

ഉച്ച കഴിഞ്ഞുള്ള സെഷനിൽ യൂറോപ്യൻ വിപണികൾ ചുവപ്പിലാണ് വ്യപാരം ചെയുന്നത്. ബുധനാഴ്ച യുഎസ് വിപണി നഷ്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്.

"ആഗോള വിപണികളിലെ ദുർബലമായ പ്രവണതയെ പിന്തുടർന്ന്, ആഭ്യന്തര വിപണിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ നേട്ടം തകർന്നു. ദുർബലമായ യു എസ് ഉപഭോക്തൃ ഡാറ്റയും, ഫെഡിന്റെ നയരൂപീകരണ കർത്താക്കൾ നടത്തിയ കർശനമായ ചില അഭിപ്രായങ്ങളും നിക്ഷേപകരിൽ കൂടുതൽ ആശങ്ക ഉളവാക്കി. മാന്ദ്യത്തെക്കുറിച്ചുള്ള ഭയം ആഗോള വിപണികളെ തകർത്തു, ഇത് വിപണിയെ അസ്ഥിരമാക്കി," ജിയോജിത് ഫിനാൻഷ്യൽ സർവീസിന്റെ റീസേർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.

ബുധനാഴ്ച വിദേശ നിക്ഷേപകർ 319.23 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.68 ശതമാനം കുറഞ്ഞ് ബാരലിന് 84.40 ഡോളറായി.

Tags:    

Similar News