image

12 Dec 2025 5:51 PM IST

Gold

Gold Silver Demand : വീണ്ടും തിളങ്ങി സ്വര്‍ണവും വെള്ളിയും

MyFin Desk

gold and silver jump again
X

Summary

ഫെഡറല്‍ റിസര്‍വ് അടുത്ത വര്‍ഷം പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന സൂചന സ്വര്‍ണവില ഉയര്‍ത്തുന്നു


ആഗോള വിപണിയില്‍ വീണ്ടും കുതിച്ച് സ്വര്‍ണം, വെള്ളി വില. ഫെഡ് നിരക്ക് കുറച്ചത് വിലയെ സ്വാധീനിച്ചെന്ന് വിലയിരുത്തല്‍. യുഎസ് ഫെഡറല്‍ റിസര്‍വ് അടുത്ത വര്‍ഷം പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന സൂചനകള്‍ നല്‍കിയതാണ് സ്വര്‍ണത്തിനും വെള്ളിയ്ക്കും വീണ്ടും തിളക്കം നൽകിയത്.

ലിക്വിഡിറ്റി ഉയർന്ന ആസ്തികളാണ് സ്വര്‍ണവും വെള്ളിയും. പലിശ നിരക്കുകള്‍ കുറയുമ്പോള്‍, ബോണ്ടുകള്‍, ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവയുടെ ആകര്‍ഷണീയത കുറയുകയും നിക്ഷേപകര്‍ സുരക്ഷിത ആസ്തികളായ സ്വര്‍ണത്തിലേക്ക് തിരിയുകയും ചെയ്യും. ദുര്‍ബലമാകുന്ന ഡോളറിന്റെ മൂല്യവും വിലയേറിയ ലോഹങ്ങളുടെ വില ഉയരാൻ കാരണമാകും.

അതേസമയം രൂപയുടെ മൂല്യം കുറയുന്നത് ഇന്ത്യയില്‍ സ്വര്‍ണ വില ഉയരാന്‍ കാരണമാകും എന്ന് മെഹ്ത ഇക്വിറ്റീസിലെ വിദഗ്ധര്‍ വ്യക്തമാക്കി. ഫെഡ് റിസര്‍വിന്റെ അടുത്ത ആഴ്ച പുറത്തുവരുന്ന യുഎസ് തൊഴില്‍ റിപ്പോര്‍ട്ടുകള്‍ ഈ വിലക്കയറ്റത്തിന്റെ അടുത്ത ഗതി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുമെന്നും സ്ഥാപനം ചൂണ്ടികാട്ടുന്നുണ്ട്.

വെള്ളിയുടെ മൂല്യം കുതിക്കും

സ്വര്‍ണം, വെള്ളി തുടങ്ങിയ ആഗോള കമ്മോഡിറ്റികളുടെ വില ഡോളറിലാണ് നിശ്ചയിക്കുന്നത്. ഡോളര്‍ ഇന്‍ഡക്സ് തുടര്‍ച്ചയായി മൂന്നാം വാരവും ദുര്‍ബലമാകുമ്പോള്‍, മറ്റ് രാജ്യങ്ങളിലെ നിക്ഷേപകര്‍ക്ക് സ്വര്‍ണവും വെള്ളിയും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ സാധിക്കുന്നത് ഡിമാന്‍ഡ് വര്‍ധിക്കാൻ കാരണമാകും.വെള്ളി റെക്കോഡ് കുതിപ്പാണ് ഈ വർഷം നടത്തുന്നത്. വെറുമൊരു നിക്ഷേപ ആസ്തി മാത്രമല്ല. വ്യവസായ ആവശ്യങ്ങള്‍ക്കും നിര്‍ണായകമാണ് എന്നത് വെള്ളിയുടെ മൂല്യം ഇനിയും ഉയർത്തും. അപൂർവ ധാതുവിഭവമായി യുഎസ് വെള്ളിയെ പട്ടികപ്പെടുത്തിയതും ഡിമാന്‍ഡ് കുത്തനെ ഉയര്‍ത്തി.