എസ്ഐപി റെക്കോഡ് ഉയരത്തിൽ; മ്യൂച്വൽ ഫണ്ട് ഹൗസുകൾക്കും നല്ല കാലം
എസ്ഐപി നിക്ഷേപം റെക്കോഡ് നിലവാരത്തിൽ
സെപ്റ്റംബറിൽ എസ്‌ഐപി നിക്ഷേപം എക്കാലത്തെയും ഉയർന്ന നിലയിൽ എത്തി. 29,361 കോടി രൂപയിലേക്കാണ് നിക്ഷേപം എത്തിയത്. റീട്ടെയിൽ നിക്ഷേപകർ എസ്ഐപിയിലേക്ക് പണം ഒഴുക്കുന്നത് തുടരുകയാണ്. എസ്‌ഐപികൾ ഇപ്പോൾ ഇന്ത്യാക്കാരുടെ നിക്ഷേപ രീതികളുടെ നട്ടെല്ലായി മാറുകയാണ്. ഓഗസ്റ്റിൽ നാലുശതമാനമാണ് നിക്ഷേപത്തിലെ വർധന. ഓഹരി വിപണിയെക്കുറിച്ചുള്ള ആളുകളുടെ അവബോധം ഉയർന്നതും സാമ്പത്തിക അച്ചടക്കവുമൊക്കെ എസ്ഐപികളുടെ മുന്നേറ്റത്തിന് സഹായകരമായിട്ടുണ്ട്.
ഓഗസ്റ്റിൽ നാലുശതമാനമാണ് നിക്ഷേപങ്ങളിലെ വർധനവ്. ഇടത്തരം, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളും ചെറിയ തുക എസ്‌ഐപിയിൽ നിക്ഷേപിച്ചു തുടങ്ങിയിട്ടുണ്ട്. എഎംഎഫ്ഐയുടെ മ്യൂച്വൽ ഫണ്ട് സഹി ഹേ പോലുള്ള പ്രചാരണങ്ങളും നിക്ഷേപം എളുപ്പമാക്കി.
എസ്ഐപി നിക്ഷേപം മാത്രമല്ല വിവിധ ഫണ്ടുകളിലെ നിക്ഷേപം ഉയർന്നതും മ്യൂച്വൽ ഫണ്ടുകളുടെ മുന്നേറ്റത്തിന് സഹായകരമായിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷത്തിലെ ഏറ്റവും വലിയ നിക്ഷേപ പിൻവലിക്കൽ നടന്നിട്ടും, സെപ്റ്റംബറിൽ ഇന്ത്യയിലെ മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആസ്തിയിൽ വളർച്ചയുണ്ട്. ഓഗസ്റ്റിലെ 75.18 ലക്ഷം കോടി രൂപയിൽ നിന്ന്പ്രതിമാസം 0.57 ശതമാനം വർധനയോടെ 75.61 ലക്ഷം കോടി രൂപയായി ആണ് തുക ഉയർന്നത്.
ഡെറ്റ് ഫണ്ടുകളിൽ നിന്ന് നിക്ഷേപകർ നിക്ഷേപം പിൻവലിച്ചപ്പോഴും ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് നിക്ഷേപം ഒഴുകി.സെപ്റ്റംബറിൽ ഗോൾഡ് ഇടിഎഫുകളിൽ നിക്ഷേപകർ വലിയ തോതിൽ പണം മുടക്കി. എക്കാലത്തെയും ഉയർന്ന നിക്ഷേപമാണ് രേഖപ്പെടുത്തിയത്. 8,363 കോടി രൂപ.കഴിഞ്ഞ വർഷം ഇതേ മാസത്തേക്കാൾ 578 ശതമാനമാണ് നിക്ഷേപത്തിലെ വർധന. ഈ വിഭാഗത്തിലെ ഉയർന്ന പ്രതിമാസ നിക്ഷേപമാണിത്. മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 24% വർധിച്ച് 90,136 കോടി രൂപയായി, വാർഷികാടിസ്ഥാനത്തിൽ ഇരട്ടിയായി നിക്ഷേപം ഉയർന്നു.
