ഡെറ്റ് വിപണിയിലെ എഫ്‍പിഐ വരവ് 6 വര്‍ഷത്തെ ഉയര്‍ച്ചയില്‍
- ഓഗസ്റ്റില്‍ ഇക്വിറ്റിയിലെ അറ്റ നിക്ഷേപം 12,262 കോടി രൂപ
- യുഎസ് സെക്യൂരിറ്റി വരുമാനം ഉയര്‍ന്നത് എഫ്‍പിഐ നിക്ഷേപം ദുര്‍ബലമാക്കി
ഈ വര്‍ഷം ഓഗസ്റ്റ് അവസാനം വരെയുള്ള കണക്ക് പ്രകാരം ഡെറ്റ് വിപണിയിലേക്കുള്ള വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങളുടെ (എഫ്‍പിഐ) വരവ് 6 വര്‍ഷത്തെ ഉയര്‍ച്ചയിലെത്തി. 5,950 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഓഗസ്റ്റില്‍ നടത്തിയത്. ഇതോടെ ഈ വര്‍ഷം മൊത്തമായി ഡെറ്റില്‍ എഫ്‍പിഐകള്‍ നടത്തിയ നിക്ഷേപം 28,181 കോടി രൂപയിലെത്തി.
നാലു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഇന്ത്യയുടെ ഡെറ്റ് വിപണിയില്‍ എഫ്‍പിഐകള്‍ അറ്റവാങ്ങലുകാരാകുന്നത്. 2019ല്‍ 24,058 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തിയിരുന്നു.
ഇക്വിറ്റി വിപണിയില്‍ 12,262 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഓഗസ്റ്റില്‍ എഫ്‍പിഐകള്‍ നടത്തിയത്. തുടര്‍ച്ചയായ മൂന്ന് മാസങ്ങളില്‍ 40,000 കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപം നടത്തിയ ശേഷമാണ് ഈ ഇടിവ്. ഉയര്‍ന്ന ക്രൂഡ് ഓയില്‍ വിലയും വിലക്കയറ്റ ആശങ്കകളും എഫ്‍പിഐ വികാരം ദുര്‍ബലമാക്കി. യുഎസ് സെക്യൂരിറ്റികളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും ഇന്ത്യ ഉള്‍പ്പടെയുള്ള വികസ്വര വിപണികളിലേക്കുള്ള എഫ്‍പിഐ നിക്ഷേപത്തെ ബാധിച്ചു.
എഫ്‍പിഐകളുടെ ഇടിവ് ഇന്ത്യയുടെ ഓഹരി വിപണി സൂചികകളുടെ ഇടിവിലും കാര്യമായ പങ്കുവഹിച്ചു. നാലു മാസങ്ങളിലെ ശക്തമായ നേട്ടങ്ങള്‍ക്കു ശേഷം ഓഗസ്റ്റില്‍ നിഫ്റ്റി 2.5 ശതമാനം ഇടിവ് പ്രകടമാക്കി.
എങ്കിലും തുടര്‍ച്ചയായ ആറാം മാസവും എഫ്‍പിഐകള്‍ അറ്റവാങ്ങലുകാരായി തുടര്‍ന്നു. ആഗോള തലത്തിലെ ബൃഹദ് സാമ്പത്തിക ഘടകങ്ങളില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, മാർച്ച് മുതല്‍ അവര്‍ ഇന്ത്യന്‍ ഇക്വിറ്റികളില്‍ വലിയ നിക്ഷേപം നടത്തി.
ജൂലൈയിൽ 46,618 കോടി രൂപയും ജൂണിൽ 47,148 കോടി രൂപയും മേയിൽ 43,838 കോടി രൂപയുമാണ് അറ്റ നിക്ഷേപം. മാർച്ചിന് മുമ്പ്, ജനുവരിയിലും ഫെബ്രുവരിയിലുമായി 34,626 കോടി രൂപ പിൻവലിച്ചു.
