ഒക്റ്റോബറില്‍ എഫ്‍പിഐകളുടെ വില്‍പ്പന 20,000 കോടി കവിഞ്ഞു

  • എഫ്‍പിഐകള്‍ വില്‍പ്പനക്കാരായി തുടര്‍ന്നത് തുടര്‍ച്ചയായ രണ്ടാം മാസം
  • ഡെറ്റുകളിലെ നിക്ഷേപത്തില്‍ അഞ്ചുമടങ്ങ് പ്രതിമാസ വര്‍ധന
  • 2023ലെ രണ്ടാമത്തെ വലിയ പ്രതിമാസ വില്‍പ്പന

Update: 2023-10-29 04:13 GMT

വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) ഇന്ത്യൻ ഇക്വിറ്റികളിലെ വില്‍പ്പന തുടര്‍ച്ചയായ രണ്ടാം മാസവും മാറ്റമില്ലാതെ തുടര്‍ന്നു. സെപ്തംബറിൽ ആഭ്യന്തര വിപണിയിൽ 14,768 കോടി രൂപയുടെ അറ്റ ​​വിൽപ്പനക്കാരായിരുന്നു എഫ്‍പിഐകള്‍ എങ്കില്‍ ഒക്റ്റോബറിലെ വില്‍പ്പന 20000 കോടി രൂപ കവിഞ്ഞിരിക്കുകയാണ്.

"എഫ്‍പിഐ വിൽപ്പന തടസ്സമില്ലാതെ തുടരുന്നു. ഒക്‌ടോബർ ആരംഭം മുതൽ 27 വരെ 20,356 കോടി രൂപയുടെ അറ്റ വില്‍പ്പന നടന്നു. എക്‌സ്‌ചേഞ്ചുകൾ വഴിയുള്ള വിൽപ്പന 25,575 കോടി രൂപ എന്ന ഉയര്‍ന്ന നിലയിലാണ്. ധനകാര്യം, ഊര്‍ജ്ജം, എഫ്‌എംസിജി, ഐടി തുടങ്ങിയ മേഖലകളില്‍ എഫ്‌പിഐകൾ കാര്യമായി വിറ്റഴിക്കുന്നു,”  ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

യുഎസ് ബോണ്ട് ആദായവും യുദ്ധഭീതിയും

യുഎസിലെ 10 വർഷ ബോണ്ടുകളിലെ ആദായം 17 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5 ശതമാനം വരെ എത്തിയതാണ് എഫ്‍പിഐകളുടെ സുസ്ഥിരമായ വില്‍പ്പനയിലേക്ക് വഴിവെച്ച പ്രധാന ഘടകം. ഇപ്പോഴിത്  4.84 ശതമാനമായി കുറഞ്ഞിട്ടുണ്ടെങ്കിലും, അതും വളരേ ഉയര്‍ന്ന നിലയാണ്. പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം വിപണിയിൽ നെഗറ്റിവ് വികാരം സൃഷ്ടിച്ചതും എഫ്‍പിഐകളെ വില്‍പ്പനയ്ക്ക് പ്രേരിപ്പിക്കുന്നു. 

അതേസമയം, കട വിപണിയിൽ എഫ്‍പിഐ നിക്ഷേപം ഉയരുകയാണ്. ഈ മാസം 27 വരെ 6,080 കോടി രൂപയുള്ള അറ്റ നിക്ഷേപമാണ് ഡെറ്റ് വിപണിയില്‍ എഫ്‍പിഐകളില്‍ നിന്ന് ഉണ്ടായത്. സെപ്തംബറിലെ 938 കോടി രൂപയുടെ നിക്ഷേപത്തെ അപേക്ഷിച്ച് അഞ്ച് മടങ്ങ് വര്‍ധനയാണിത്. 

2023ലെ രണ്ടാമത്തെ വലിയ വില്‍പ്പന

ഇക്വിറ്റികളില്‍ 2023 ലെ രണ്ടാമത്തെ ഉയർന്ന എഫ്‍പിഐ വില്‍പ്പനയാണ് ഒക്റ്റോബറിലേത്. ജനുവരിയിൽ 28,852 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് ഉണ്ടായത്. ഫെബ്രുവരിയിൽ 5,294 കോടി രൂപയുടെ വിറ്റഴിക്കലാണ് എഫ്‍പിഐകളില്‍ നിന്ന് ഉണ്ടായത്. തുടര്‍ന്ന് തുടര്‍ച്ചയായ ആറ് മാസങ്ങളില്‍ അവര്‍ ഇന്ത്യന്‍ വിപണിയില്‍ വാങ്ങലുകാരായി തുടര്‍ന്നു.

മെയ്, ജൂൺ, ജൂലായ് മാസങ്ങളിൽ  40,000 കോടി രൂപയ്ക്കു മുകളിലുള്ള അറ്റ വാങ്ങലാണ് ഉണ്ടായത്. എൻഎസ്‍‍ഡിഎൽ കണക്കുകൾ പ്രകാരം കഴിഞ്ഞ 10 മാസത്തില്‍ മൊത്തമായി എഫ്പിഐകളുടെ അറ്റവാങ്ങല്‍  100,163 കോടി രൂപയാണ്.

Tags:    

Similar News