കേരളത്തില്‍ മ്യൂചല്‍ ഫണ്ടുകളില്‍ താല്‍പര്യം വര്‍ധിക്കുന്നു

  • കേരളം മ്യൂചല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചത് 56,050 കോടി രൂപ
  • 46.63 ലക്ഷം കോടി രൂപയാണു മ്യൂചല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്

Update: 2023-09-26 11:36 GMT

കേരളത്തില്‍ നിന്നും മ്യൂചല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചത് 56,050.36 കോടി രൂപ. ഇതില്‍ 69 ശതമാനവും ഓഹരി അധിഷ്ഠിത പദ്ധതികളില്‍ അഥവാ ഇക്വിറ്റി ഫണ്ടുകളിലാണ്. ബാക്കി നിക്ഷേപം നടത്തിയിരിക്കുന്നത് കടപ്പത്രം പോലുള്ള ഡെറ്റ്, ലിക്വിഡ് പദ്ധതികളിലും (20 ശതമാനം) ബാലന്‍സ്ഡ് (9 ശതമാനം) പദ്ധതികളിലുമാണ്.

കേരളീയര്‍ക്ക് മ്യുചല്‍ ഫണ്ടുകളിലും ഓഹരി വിപണിയിലും താല്‍പര്യമില്ലെന്ന ധാരണ തെറ്റാണെന്നു തെളിയിക്കുന്നതാണ് ഈ കണക്കുകളെന്നു ടാറ്റാ അസറ്റ് മാനേജ്‌മെന്റ് കമ്പനി ഫണ്ട് മാനേജര്‍ മീത ഷെട്ടി പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു മീത ഷെട്ടി.

കേരളത്തില്‍ നിന്നും ടാറ്റാ മ്യൂചല്‍ ഫണ്ട് നേടിയ നിക്ഷേപത്തില്‍ 76 ശതമാനം ഇക്വിറ്റി ഫണ്ടുകളിലൂടെയായിരുന്നെന്ന് അവര്‍ പറഞ്ഞു.

15 ശതമാനം നിക്ഷേപം ഡെറ്റ്, ലിക്വിഡ് ഫണ്ടുകളിലായിരുന്നെന്നും, 9 ശതമാനം ബാലന്‍സ്ഡ് ഫണ്ടുകളിലായിരുന്നെന്നും മീത ഷെട്ടി പറഞ്ഞു.

ബാങ്കിംഗ്, ഫാര്‍മ, ഇന്‍ഫ്ര, ഊര്‍ജ്ജ രംഗത്തെ ഓഹരികള്‍ മുന്നേറും

ആപ്പിള്‍ പോലുള്ള മുന്‍നിര ഐടി കമ്പനികള്‍ ഐഫോണ്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കാന്‍ തീരുമാനിച്ചതോടെ ഇന്‍ഫ്ര വിഭാഗം ഓഹരികള്‍ക്ക് ഡിമാന്‍ഡ് ഉയരാന്‍ കാരണമായി.

രോഗനിര്‍ണയം, ചികിത്സ, മരുന്ന് ഉല്‍പ്പാദനം തുടങ്ങിയ രംഗത്തും ഇന്ത്യ കൂടുതല്‍ വളര്‍ച്ച കൈവരിക്കും.ഇത്തരം ഘടകങ്ങള്‍ ഇന്‍ഫ്ര, ഫാര്‍മ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മേഖലകളിലെ ഓഹരികളില്‍ നിക്ഷേപം വര്‍ധിക്കാന്‍ കാരണമായി. ഇതോടൊപ്പം ബാങ്കിംഗ്, ഐടി, ഊര്‍ജ്ജ മേഖലകളിലെ ഓഹരികളിലും നിക്ഷേപം വര്‍ധിക്കുന്നുണ്ടെന്നു മീത ഷെട്ടി പറഞ്ഞു.

ഭാവിയില്‍ ഇന്ത്യ ആറ് ശതമാനത്തില്‍ കുറയാത്ത ജിഡിപി വളര്‍ച്ച കൈവരിക്കും. ഇത് ഓഹരി നിക്ഷേപകരെ സംബന്ധിച്ച് മികച്ച പ്രതീക്ഷയാണു നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 20 ശതമാനത്തിലധികം റിട്ടേണ്‍ നല്‍കിയ ടാറ്റയുടെ ഫണ്ടുകളാണ് ടാറ്റാ ഇന്ത്യ ഫാര്‍മ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ ഫണ്ടും ടാറ്റാ ഡിജിറ്റള്‍ ഇന്ത്യ ഫണ്ടും ടാറ്റാ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ടും. ഇവയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത് മീത ഷെട്ടിയാണ്.

അസോസിയേഷന്‍ ഓഫ് മ്യൂചല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ 2023 ഓഗസ്റ്റ്  31 വരെയുള്ള കണക്കുകള്‍ പ്രകാരം മൊത്തം 46.63 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് മ്യൂചല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്.

Tags:    

Similar News