Nifty Index : നിഫ്റ്റി 50 സൂചിക 29,000 നിലവാരത്തിലേക്കോ?
നിഫ്റ്റി സൂചിക പുതിയ നിലവാരത്തിലേക്ക്. പുതിയ പ്രവചനവുമായി ബാങ്ക് ഓഫ് അമേരിക്ക
നിഫ്റ്റി 50 സൂചിക 29,000 നിലവാരത്തിലേക്കെന്ന് ബാങ്ക് ഓഫ് അമേരിക്ക. 2026 ഡിസംബറോടെ നിഫ്റ്റി 50 ഈ നേട്ടം കൈവരിക്കുമെന്നാണ് പ്രവചനം. അതായത് നിലവിലുള്ളതില്‍ നിന്ന് 11.4 ശതമാനത്തിന്റെ മുന്നേറ്റം സൂചിക നടത്തും. ഓഹരികളുടെ പുനർമൂല്യനിർണയത്തേക്കാൾ കമ്പനികളുടെ ലാഭം ഉയരുന്നത് മൂലമുള്ള വരുമാന വളർച്ചയാകും ഈ കുതിപ്പിന് കരുത്തേകുക.
ആഭ്യന്തര നിക്ഷേപം സ്ഥിരമായതിനാൽ ലാര്‍ജ്-ക്യാപ് ഓഹരികള്‍ മികച്ച പ്രകടനം തുടരും. എന്നാൽ 2026-27 വര്‍ഷത്തേക്കുള്ള മൊത്തം വരുമാന പ്രതീക്ഷ കുറയുമെന്നാണ് അനലിസ്റ്റുകൾ നിരീക്ഷിക്കുന്നത്.ഇത് ഇപ്പോള്‍ ബാങ്ക് ഓഫ് അമേരിക്കയുടെ പ്രതീക്ഷകളുമായി ഏതാണ്ട് യോജിക്കുന്നു.. 2027ല്‍ 6.5% ജി.ഡി.പി. വളര്‍ച്ചയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ആഭ്യന്തര ഡിമാന്‍ഡ്, പണ നയം എന്നിവ ഇതിന് സഹായകമാകും.പണപ്പെരുപ്പം 4.8%മെന്ന സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് നാമമാത്ര വളര്‍ച്ചയും കോര്‍പ്പറേറ്റ് വരുമാനവും ഉയര്‍ത്താന്‍ സഹായിക്കും.
വരും കൂടുതൽ നിരക്കിളവ്
2026ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും യു.എസ്. ഫെഡറല്‍ റിസര്‍വും പലിശ നിരക്ക് വെട്ടിക്കുറയ്ക്കാനുള്ള സാധ്യതയും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.ഫെഡ് നിരക്ക് കുറയ്ക്കുന്നതും, യു.എസ്. ഡോളര്‍ ദുര്‍ബലമാകുന്നതും സൂചികയ്ക്ക് അനുകൂലമാകും. യുഎസിന്റെ എസ് & പി 500 സൂചികയെ അപേക്ഷിച്ച് ഈ സമയത്ത് നിഫ്റ്റി 50യ്ക്കാണ് വളര്‍ച്ചാ സാധ്യതയുള്ളത്.നിലവില്‍ പ്രതിമാസം 5600 കോടി ഡോളര്‍ ആണ് ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ ഓഹരികളിലേക്ക് നിക്ഷേപിക്കുന്നത്. ഇത് വിപണിക്ക് സ്ഥിരമായ പിന്തുണ നൽകുന്നു.
