പാദഫലങ്ങള്‍, ചെങ്കടലിലെ പ്രതിസന്ധി, പണപ്പെരുപ്പ കണക്കുകള്‍; ഈയാഴ്ച ദലാല്‍ തെരുവ് കാത്തിരിക്കുന്നത്

  • ഈയാഴ്ച ഏകദേശം 65 കമ്പനികൾ റിസൾട്ട് പ്രഖ്യാപിക്കും
  • ഡിസംബറിലെ സിപിഐ 0.3 ശതമാനം പ്രതിമാസ വളർച്ച പ്രകടമാക്കിയേക്കും
  • ചെങ്കടല്‍ പ്രതിസന്ധി ആഗോള വ്യാപാരത്തെ ബാധിക്കും

Update: 2024-01-07 05:14 GMT

പുതുവര്‍ഷത്തിന്‍റെ ആദ്യ വാരം ഫ്ലാറ്റായി അവസാനിപ്പിച്ച വിപണി സൂചികകള്‍ പുതിയ വാരത്തിലേക്ക് കടക്കുമ്പോള്‍ പ്രധാനമായും ഉറ്റുനോക്കുന്നത് മൂന്നാം പാദത്തിലെ റിസള്‍ട്ടുകളിലേക്കാണ്. നവംബറിലെ പണപ്പെരുപ്പ കണക്കുകളും വിപണി പങ്കാളികള്‍ ശ്രദ്ധയോടെ വീക്ഷിക്കും. ഈ വര്‍ഷം കേന്ദ്രബാങ്കുകള്‍ പലിശ നിരക്കുകള്‍ ഇളവ് ചെയ്യുമെന്ന പ്രതീക്ഷകള്‍ നിലനി‍ല്‍ക്കുന്നത് പണപ്പെരുപ്പ കണക്കുകളെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.

പലസ്‍തീനില്‍ ഇസ്രയേല്‍ യുദ്ധം തുടരുന്നതും ചെങ്കടലില്‍ ഹൂതി വിമതര്‍ ചരക്കുകപ്പലുകള്‍ക്കു നേരേ നടത്തുന്ന ആക്രമണവും ആഗോള വിപണികളിലെ നിക്ഷേപകര്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നുണ്ട്.

ജനുവരി അഞ്ചിന് അവസാനിച്ച ആഴ്ചയിൽ നിഫ്റ്റി 0.1 ശതമാനം താഴ്ന്ന് 21,710ലും സെൻസെക്സ് 0.3 ശതമാനം താഴ്ന്ന് 72,026ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിവിധ മേഖലകളിൽ, നിഫ്റ്റി റിയൽറ്റി 7.8 ശതമാനം ഉയർന്ന് മികച്ച നേട്ടം കൈവരിച്ചു, നിഫ്റ്റി മീഡിയയും (3.3 ശതമാനം) നല്ല മുന്നേറ്റം നടത്തി. എന്നാൽ ഐടി (1.9 ശതമാനം ഇടിവ്), മെറ്റൽ (1.3 ശതമാനം ഇടിവ്) എന്നിവ നഷ്ടത്തിലായി.

വിശാലമായ വിപണി തുടർച്ചയായ രണ്ടാം ആഴ്ചയും മികച്ച പ്രകടനം നിലനിർത്തി. നിഫ്റ്റി മിഡ്‌ക്യാപ് 100 2.5 ശതമാനവും നിഫ്റ്റി സ്‌മോൾക്യാപ് 100 1.9 ശതമാനവും നേട്ടമുണ്ടാക്കി. 

മൂന്നാം പാദ ഫലങ്ങള്‍

ബിഎസ്ഇ വരുമാന കലണ്ടർ അനുസരിച്ച്, ജനുവരി 8 മുതൽ ജനുവരി 13 വരെ ഏകദേശം 65 കമ്പനികൾ അവരുടെ മൂന്നാംപാദ  ഫലങ്ങൾ പ്രസിദ്ധീകരിക്കും. നിഫ്റ്റി 50 കമ്പനികളിൽ ടിസിഎസ് (ജനുവരി 11), ഇൻഫോസിസ് (ജനുവരി 11), എച്ച്സിഎൽ ടെക് (ജനുവരി 12), വിപ്രോ (ജനുവരി 12) ) കൂടാതെ എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് (ജനുവരി 12) എന്നിവ റിസൾട്ട് പ്രഖ്യാപിക്കും.

ഐടി സ്ഥാപനങ്ങളുടെ വളർച്ച മാന്ദ്യം പ്രകടമാക്കുമെന്നാണ് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നത്. ഡോളറിന്‍റെ സ്ഥിര കറൻസി മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ വളർച്ച ശരാശരി 1.4-1.6 ശതമാനം മാത്രമാകുമെന്നാണ് വിലയിരുത്തൽ. 

ഉയർന്ന പണപ്പെരുപ്പം, ഐടി ചെലവിടലുകളിലെ കാലതാമസം, മന്ദഗതിയിലുള്ള വളർച്ച എന്നിവ കാരണം ഡിസംബർ പാദത്തിൽ മുൻ പാദത്തിൽ നിന്ന് കാര്യമായ വളർച്ച ഉണ്ടാകാനിടയില്ല . ഇന്ത്യൻ ഐടി കമ്പനികളുടെ ഏറ്റവും വലിയ വിപണിയായ യുഎസിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും അവധിക്കാലമായതിനാൽ ഒക്ടോബർ-ഡിസംബർ കാലയളവ് സാധാരണയായി മന്ദഗതിയിലുള്ള പാദമാണ്.

യുഎസിലെ പണപ്പെരുപ്പ കണക്കുകൾ 

യുഎസിന്‍റെ ഡിസംബറിലെ സിപിഐ (ഉപഭോക്തൃ വില സൂചിക) ജനുവരി 11-ന് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കും. ചെറുകിട പണപ്പെരുപ്പം ഡിസംബറില്‍ 0.3 ശതമാനം പ്രതിമാസ വളര്‍ച്ച പ്രകടമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.. റിപ്പോർട്ടുകൾ പ്രകാരം, മുഖ്യ പണപ്പെരുപ്പത്തില്‍ 0.33 ശതമാനം പ്രതിമാസ വളര്‍ച്ച പ്രതീക്ഷിക്കുന്നു.

യുഎസ് ഫെഡറൽ റിസർവ് നിരക്കിളവിലേക്ക് നീങ്ങുന്നതിന് എത്ര കാത്തിരിക്കേണ്ടി വരുമെന്നതില്‍ സിപിഐ നി‍‍‍‍ര്‍ണായകമാണ്. ഈ വർഷം മൂന്ന് വെട്ടിക്കുറവുകൾ സംഭവിക്കുമെന്ന് ഫെഡറൽ റിസർവ് ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്.

ചെങ്കടലിലെ പ്രതിസന്ധി

ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമായതോടെ ചെങ്കടലിൽ ഹൂതി വിമതർ വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം തുടരുന്ന സാഹചര്യമാണ്.എല്ലാ കപ്പലുകളും വഴിതിരിച്ചുവിടേണ്ടി വരുമെന്ന് ഷിപ്പിംഗ് ഭീമൻ മാർസ്ക് ഇതിനകം പറഞ്ഞിട്ടുണ്ട്, 

ഷിപ്പിംഗ് ചെലവ് 60 ശതമാനവും ഇൻഷുറൻസ് പ്രീമിയം 20 ശതമാനവും വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചെങ്കടൽ പ്രതിസന്ധി ആഗോള വ്യാപാരത്തെ ബാധിച്ചേക്കാമെന്നാണ്, സാമ്പത്തിക ഗവേഷണ സ്ഥാപനമായ ജിആര്‍ടിഐ ജനുവരി 6ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സാഹചര്യത്തിന്റെ ആഘാതം വിലയിരുത്താൻ ഇന്ത്യയിൽ സർക്കാർ ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ച ഷിപ്പിംഗ് കമ്പനികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

വിദേശ നിക്ഷേപങ്ങളുടെ ഗതി 

വർഷത്തിലെ ആദ്യ വ്യാപാര ആഴ്ചയിൽ, വിദേശ സ്ഥാപന നിക്ഷേപകർ വാങ്ങുന്നവരായിരുന്നു, ആഭ്യന്തര വിദേശ സ്ഥാപന നിക്ഷേപകർ വിൽപ്പനക്കാരായിരുന്നു. കഴിഞ്ഞ ആഴ്‌ചയിൽ എഫ്‌ഐഐകൾ 3,290.23 കോടി രൂപയുടെ അറ്റ വാങ്ങൽ ഇക്വിറ്റികളിൽ നടത്തിയപ്പോൾ ഡിഐഐകൾ 7,296.50 കോടി രൂപയുടെ അറ്റ വിൽപ്പന നടത്തി.

Tags:    

Similar News