രേഖ ജുന്‍ജുന്‍വാലയുടെ ബാങ്ക്, സ്‌മോള്‍ ക്യാപ്പ് ഓഹരി പങ്കാളിത്തം കുറഞ്ഞു

  • കാനറ ബാങ്കിലുള്ള പങ്കാളിത്തം 1.45 ശതമാനമായി കുറച്ചു
  • 2023 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ കാനറ ബാങ്കിലെ രേഖ ജുന്‍ജുന്‍വാലയുടെ പങ്കാളിത്തം 2.07 ശതമാനമായിരുന്നു
  • രേഖ ജുന്‍ജുന്‍വാലയ്ക്ക്, രാഘവ് പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സേഴ്‌സിലുള്ള ഓഹരി പങ്കാളിത്തവും മാര്‍ച്ച് പാദത്തില്‍ 5.06 ശതമാനമായി താഴ്ത്തി

Update: 2024-04-11 11:35 GMT

പ്രമുഖ നിക്ഷേപകയായ രേഖ ജുന്‍ജുന്‍വാല 2024 മാര്‍ച്ചില്‍ കാനറ ബാങ്കിലും, സ്‌മോള്‍ ക്യാപ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന രാഘവ് പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സേഴ്‌സിലുമുള്ള ഓഹരി പങ്കാളിത്തം കുറച്ചു.

കാനറ ബാങ്കിലുള്ള പങ്കാളിത്തം 1.45 ശതമാനമായി കുറച്ചു. 2023 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ കാനറ ബാങ്കിലെ രേഖ ജുന്‍ജുന്‍വാലയുടെ പങ്കാളിത്തം 2.07 ശതമാനമായിരുന്നു.

ഏപ്രില്‍ 10 ന് കാനറ ബാങ്കിന്റെ ഓഹരി എന്‍എസ്ഇയില്‍ ക്ലോസ് ചെയ്തത് 0.78 ശതമാനം ഉയര്‍ന്ന് 612.90 രൂപയിലായിരുന്നു. കാനറ ബാങ്കിന്റെ വിപണി മൂല്യം 1.11 ലക്ഷം കോടി രൂപയാണ്.

രേഖ ജുന്‍ജുന്‍വാലയ്ക്ക്, രാഘവ് പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സേഴ്‌സിലുള്ള ഓഹരി പങ്കാളിത്തവും മാര്‍ച്ച് പാദത്തില്‍ 5.06 ശതമാനമായി താഴ്ത്തി. 2023 ഡിസംബര്‍ പാദത്തില്‍ 5.12 ശതമാനമായിരുന്നു ഓഹരി പങ്കാളിത്തം.

നിക്ഷേപകര്‍ക്ക് കഴിഞ്ഞ 1 വര്‍ഷ കാലയളവില്‍ 45 ശതമാനം റിട്ടേണ്‍ നല്‍കിയിട്ടുള്ള ഓഹരിയാണ് രാഘവ് പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സേഴ്‌സിന്റേത്.

ആശിഷ് കച്ചോളിയ, മുകുള്‍ അഗര്‍വാള്‍ തുടങ്ങിയ പരിചയ സമ്പന്നരായ നിരവധി നിക്ഷേപകര്‍ ഈ കമ്പനിയുടെ ഓഹരിയില്‍ നിക്ഷേപം നടത്തിയിട്ടുള്ളവരാണ്.

രാഘവ് പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സേഴ്‌സ് വൈറ്റ് സിലിക്ക സാന്‍ഡ്, കാസ്റ്റിംഗ് പൗഡര്‍, വൈറ്റ് റാമിംഗ് മാസ്, പ്രീമിക്‌സ്ഡ് റാമിംഗ് മാസ്, ക്വാര്‍ട്‌സ് സിലിക്ക റാമിംഗ് മാസ് എന്നിവയാണു വിതരണം ചെയ്യുന്നത്. ജയ്പൂര്‍ ആസ്ഥാനമായുള്ള കബ്ര കുടുംബമാണ് കമ്പനി സ്ഥാപിച്ചത്. 2016 ഏപ്രിലില്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണിത്.

Tags:    

Similar News