തമിഴ്‌നാട്ടിലെ ഔദ്യോഗിക 'രാജ് ഭവൻ' ഇനി 'ലോക് ഭവൻ'

തമിഴ്നാട് രാജ് ഭവൻ്റെ പേര് മാറ്റി, ലോക് ഭവൻ എന്നാക്കി

Update: 2025-12-02 05:37 GMT

"രാജ്ഭവൻ" ഔദ്യോഗികമായി "ലോക് ഭവൻ" എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് തമിഴ്നാട് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. കൊളോണിയൽ കാലത്ത് ഇട്ട പേര് ഉപേക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് നീക്കമെന്ന് തമിഴ്‌നാട് ഗവർണറുടെ ഓഫീസ് വ്യക്തമാക്കി. രാജ്ഭവന്റെ ലോക് ഭവനിലേക്കുള്ള പരിണാമം ജനങ്ങളെ കേന്ദ്രീകരിച്ചുള്ള ഭരണത്തോടുള്ള പ്രതിബദ്ധത കൂടിയായിരിക്കും എന്നാണ് ഔദ്യോഗിക വിശദീകരണം. 

2025 നവംബറിൽ, കൊളോണിയൽ കാലഘട്ടത്തിലെ പേരുകൾ ഒഴിവാക്കി രാജ് ഭവൻ എന്നത് ലോക് ഭവൻ എന്നാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദ്ദേശിച്ചിരുന്നു. 

1670 കളുടെ തുടക്കത്തിൽ ഗവർണർ വില്യം ലാങ്‌ഹോൺ നിർമ്മിച്ചതാണ് തമിഴ്നാട്ടിലെ രാജ്ഭവൻ. 1821 ൽ ഏകദേശം 35,000 രൂപക്ക് സർക്കാർ ഏറ്റെടുക്കുന്നതിന് മുമ്പ് സ്വകാര്യ ഉമസ്ഥതയിലായിരുന്നു കെട്ടിടം. ഗവർണർ സർ തോമസ് മൺറോയാണ് പിന്നീട് ഈ കെട്ടിടം ഏറ്റെടുത്ത് വികസിപ്പിച്ചത്. 1937-ൽ ലോർഡ് എർസ്‌കൈനാണ്  കെട്ടിടം ഒന്നിലധികം നിലകളായി  വികസിപ്പിച്ചത്. ഇപ്പോൾ സെക്രട്ടേറിയറ്റിന്റെ കാതലാണ് ഈ കെട്ടിടം.

ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷമാണ്  കെട്ടിടം രാജ്ഭവൻ എന്ന് പുനർനാമകരണം ചെയ്തത്. കെട്ടിടത്തിന് ചുറ്റുമുള്ള സമീപത്തെ ഭൂമി സംരക്ഷിത വനപ്രദേശമാണ്. വർഷങ്ങളായി എസ്റ്റേറ്റിന്റെ വലിയൊരു ഭാഗവും പൊതു ആവശ്യങ്ങൾക്കായി നൽകുന്നുണ്ട്. 


Tags:    

Similar News