യുദ്ധം, ഫെഡ് റിസര്‍വ് യോഗം, പാദഫലങ്ങള്‍; ഈയാഴ്ച വിപണി ഉറ്റുനോക്കുന്നത് എന്തെല്ലാം?
- വാഹന വില്‍പ്പന കണക്കുകളും ഒക്റ്റോബറിലെ സാമ്പത്തിക ഡാറ്റകളും നിക്ഷേപകരെ സ്വാധീനിക്കും
- ക്രൂഡ് ഓയില്‍ വിലയില്‍ കഴിഞ്ഞ വാരത്തിലുണ്ടായത് ഇടിവ്
- ജെറോം പവ്വല്‍ മാധ്യമങ്ങളെ കാണുന്നത് നവംബര്‍ 1ന്
നിരാശയും ജാഗ്രതയും നിറഞ്ഞ വാരമാണ് ഓഹരിവിപണികളില്‍ കടന്നു പോയത്. ഒക്റ്റോബര്‍ 27 ന് അവസാനിച്ച വിപണി വാരത്തില്‍ മൊത്തമായി 2.5 ശതമാനത്തോളം ഇടിവാണ് ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ രേഖപ്പെടുത്തിയത്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വിൽപ്പന തുടരുന്നത്, യുഎസ് ബോണ്ട് യീൽഡുകളുടെ വർദ്ധനവ്, മങ്ങിയ കോർപ്പറേറ്റ് വരുമാനം എന്നിവയെല്ലാം നിക്ഷേപകരുടെ വികാരത്തെ നെഗറ്റിവായി ബാധിച്ചു.
ഈ വാരത്തിലും നിക്ഷേപകര്‍ ജാഗ്രതാപൂര്‍ണമായ സമീപനമാണ് സ്വീകരിക്കുകയെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. കോർപ്പറേറ്റ് വരുമാന പ്രഖ്യാപനങ്ങള്‍, ഇസ്രായേൽ-ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട കൂടുതൽ സംഭവവികാസങ്ങൾ, ഫെഡ് റിസര്‍വ് ഉള്‍പ്പടെയുള്ള കേന്ദ്രബാങ്കുകളുടെ മീറ്റിംഗുകളുടെ ഫലങ്ങള്‍ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടായിരിക്കും വിപണിയുടെ മുന്നോട്ടുപോക്ക്. ഒക്ടോബറിലെ മാനുഫാക്ചറിംഗ്, സർവീസ് പിഎംഐ നമ്പറുകളും ഫാക്റ്ററി ഓര്‍ഡറുകളുടെ കണക്കും വിലയിരുത്തപ്പെടും.
കഴിഞ്ഞ വാരത്തില്‍ ബിഎസ്ഇ സെൻസെക്‌സ് 1,615 പോയിന്റ് ഇടിഞ്ഞ് 63,783ലും നിഫ്റ്റി 495 പോയിന്റ് താഴ്ന്ന് 19,047ലും എത്തി. നിഫ്റ്റി മിഡ്‌ക്യാപ് 100, സ്‌മോൾക്യാപ് 100 സൂചികകൾ 3 ശതമാനവും 2 ശതമാനവും വീതം ഇടിഞ്ഞു.
കോര്‍പ്പറേറ്റ് വരുമാന പ്രഖ്യാപനങ്ങള്‍
സ്‍റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലാർസൻ ആൻഡ് ടൂബ്രോ, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, സൺ ഫാർമസ്യൂട്ടിക്കൽ, ഹീറോ മോട്ടോ കോർപ്, ടൈറ്റൻ കമ്പനി, യുപിഎൽ, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, അദാനി എന്റർപ്രൈസസ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് എന്നിങ്ങനെ നിഫ്റ്റി 50- യില്‍ മൊത്തമായി 17 ശതമാനം വെയ്റ്റേജുള്ള പ്രമുഖ കമ്പനികൾ ഉൾപ്പെടെ 700 ഓളം കമ്പനികൾ അവരുടെ ഫലങ്ങൾ ഈ വാരത്തില്‍ പുറത്തുവിടും.
ഗെയിൽ ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, അംബുജ സിമന്റ്‌സ്, ടിവിഎസ് മോട്ടോർ, ഇന്റർഗ്ലോബ് ഏവിയേഷൻ, സൊമാറ്റോ, ഡൽഹിവേരി, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ഡിഎൽഎഫ്, മാരിക്കോ, അദാനി പവർ, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്‌റ്റ്‍സ്, എൽഐസി ഹൗസിംഗ് ഫിനാൻസ്, ഡാബർ ഇന്ത്യ , ഗോദ്‌റെജ് പ്രോപ്പർട്ടീസ്, ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ച്, ഭാരത് ഡൈനാമിക്‌സ്, എസ്‌കോർട്ട്‌സ് കുബോട്ട, ജെഎസ്‌ഡബ്ല്യു ഇൻഫ്രാസ്ട്രക്ചര്‍, തെർമാക്‌സ്, പിബി ഫിൻടെക് എന്നിവയും ഈ വാരത്തില്‍ വരുമാനം പ്രഖ്യാപനങ്ങള്‍ നടത്തുന്ന കമ്പനികളില്‍ ഉള്‍പ്പെടുന്നു.
ഫെഡ് റിസര്‍വ്‍ പണനയ സമിതി യോഗം
ഒക്റ്റോബര്‍ 31, നവംബർ 1 തീയതികളിലായി നടക്കുന്ന നടക്കുന്ന ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) മീറ്റിംഗിന്റെ ഫലത്തിനായി ആഗോള വിപണികൾ കാതോര്‍ക്കും. യോഗത്തിന് ശേഷം, ഫെഡ് ചെയർ ജെറോം പവല്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും നിക്ഷേപകരുടെ വികാരത്തെ സ്വാധീനിക്കും.
ഫെഡ് റിസര്‍വ് 5.25-5.50 ശതമാനത്തിൽ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുമെന്ന് മിക്ക വിദഗ്ധരും കരുതുന്നു. എന്നാൽ, സെപ്റ്റംബറിലെ മീറ്റിംഗ് മിനുറ്റ്സ് നിർദ്ദേശിച്ചതുപോലെ വർഷാവസാനത്തോടെയുള്ള നിരക്ക് വർദ്ധനയെക്കുറിച്ചുള്ള പവലിന്റെ അഭിപ്രായം ശ്രദ്ധനേടും. നിരക്ക് വർധനയുടെ ചക്രം അവസാനിക്കുന്നതിനെ കുറിച്ചും എപ്പോള്‍ നിരക്കുകള്‍ താഴ്ന്നു തുടങ്ങുമെന്നും അറിയാന്‍ നിക്ഷേപകര്‍ ആകാംക്ഷയിലാണ്. ഉപഭോക്തൃ വില പണപ്പെരുപ്പം ലക്ഷ്യമിടുന്ന 2 ശതമാനത്തിന് ഏറെ മുകളിലാണ് ഇപ്പോഴും തുടരുന്നത്, ആരോഗ്യകരമായ സാമ്പത്തിക ഡാറ്റ, പ്രതിരോധശേഷിയുള്ള തൊഴിൽ വിപണി, ആഗോള സാമ്പത്തിക വീക്ഷണത്തിൽ അനിശ്ചിതത്വം ഉയർത്തിയ ഇസ്രായേൽ-ഹമാസ് യുദ്ധം എന്നിവയെല്ലാം ഫെഡ് റിസര്‍വിന്‍റെ തീരുമാനത്തെ സ്വാധീനിച്ചേക്കാം.
മുൻ ആഴ്‌ചയിലെ 4.93 ശതമാനത്തിൽ നിന്ന് പോയവാരത്തില്‍ 4.84 ശതമാനത്തിലേക്ക് താണെങ്കിലും, 10 വർഷ യുഎസ് ബോണ്ട് യീൽഡ് ഉയർന്ന നിലയിൽ തുടരുകയാണ്, യുഎസ് ഡോളർ സൂചിക 106.16 ലെവലിൽ നിന്ന് ഉയർന്ന് 106.58 ൽ ക്ലോസ് ചെയ്തു.
ഒക്ടോബർ 31, നവംബർ 2 തീയതികളിൽ ഷെഡ്യൂൾ ചെയ്യുന്ന ബാങ്ക് ഓഫ് ജപ്പാന്റെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും പോളിസി മീറ്റിംഗുകളിൽ നിന്നുള്ള സൂചനകളും നിക്ഷേകര്‍ ശ്രദ്ധിക്കും. യുഎസിലെ തൊഴിലില്ലായ്മ നിരക്ക്, ജൂലൈ-സെപ്റ്റംബര്‍ കാലയളവിലെ യൂറോപ്പിന്റെ ജിഡിപി വളർച്ചാ നിരക്ക് എന്നിവയും ആഗോള നിക്ഷേപകർ ശ്രദ്ധയോടെ വീക്ഷിക്കും.
തീരാത്ത യുദ്ധം
ഗാസയില്‍ നടത്തുന്ന യുദ്ധം പുതിയ ഘട്ടത്തിലേക്ക് എത്തിയതായി ഇസ്രായേല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആഗോള വളർച്ചാ വീക്ഷണത്തിലും എണ്ണവിലയിലെ ചാഞ്ചാട്ടത്തിലും ഇതിനകം ഏറെ അനിശ്ചിതത്വങ്ങള്‍ യുദ്ധം സൃഷ്ടിച്ചു കഴിഞ്ഞു. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വർണ്ണ വില ആഗോള തലത്തില്‍ ഔണ്‍സിന് 2,000 ഡോളറിന് മുകളിൽ ഉയർത്തി.
എണ്ണ വിതരണത്തെ ഇതുവരെ യുദ്ധം ബാധിച്ചിട്ടില്ല എങ്കിലും യുദ്ധം മറ്റു രാഷ്ട്രങ്ങളിലേക്കും പരക്കുന്നതു സംബന്ധിച്ച ആശങ്കകള്‍ ശക്തമാണ്. ബ്രെന്‍റ് ക്രൂഡ് വില പോയ വാരത്തില്‍ മുന്‍ വാരത്തെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും ബാരലിന് 90 ഡോളറിന് മുകളില്‍ തന്നെ നിലയുറപ്പിച്ചു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ കഴിഞ്ഞ ആഴ്ചയിൽ 1.82 ശതമാനം ഇടിഞ്ഞ് ബാരലിന് 90.48 ഡോളറിലെത്തി.
ആഭ്യന്തര ഡാറ്റകളും വാഹന വില്‍പ്പനയും
സെപ്റ്റംബറിലെ ധനക്കമ്മി, ഇൻഫ്രാസ്ട്രക്ചർ ഔട്ട്പുട്ട് എന്നിവ സംബന്ധിച്ച ഡാറ്റകള്‍ ഒക്ടോബർ 31ന് പുറത്തുവരും. എസ് & പി ഗ്ലോബലിന്‍റെ മാനുഫാക്ചറിംഗ് പിഎംഐ നമ്പറുകൾ നവംബർ 1-നും സേവന മേഖലയുടെ പിഎംഐ നമ്പറുകള്‍ നവംബർ 3നും പുറത്തിറങ്ങും.
ഒക്ടോബർ 20ന് അവസാനിച്ച രണ്ടാഴ്ച കാലയളവിലെ ബാങ്ക് വായ്പയുടെയും നിക്ഷേപത്തിന്‍റെയും വളർച്ചയുടെ കണക്കും ഒക്ടോബർ 27ന് അവസാനിച്ച ആഴ്ചയിലെ വിദേശനാണ്യ കരുതൽ ധനത്തിന്‍റെ കണക്കും നവംബര്‍ 3ന് പുറത്തിറങ്ങും.
ഒക്‌ടോബറിലെ പ്രതിമാസ വാഹന വിൽപ്പന ഡാറ്റയിലും വിപണി പങ്കാളികൾ ശ്രദ്ധ നല്‍കും. ദീപാവലിയിൽ അവസാനിക്കുന്ന ഉത്സവ സീസണിന്‍റെ ഭാഗമായി കമ്പനികൾ ആരോഗ്യകരമായ വില്‍പ്പന കണക്കുകള്‍ നല്‍കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. സെപ്റ്റംബറിൽ യാത്രാ വാഹന വിൽപ്പന 19 ശതമാനവും ഇരുചക്രവാഹന വിൽപ്പനയിൽ 22 ശതമാനവും വർധിച്ചിരുന്നു.
