30 Nov 2025 12:33 PM IST
Summary
ഐക്യം വിളിച്ചോതുന്ന കാഴ്ചകളാൽ തെരുവോരങ്ങൾ
മനാമ: 46ാമത് ജി.സി.സി സുപ്രീം കൗൺസിൽ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ബഹ്റൈൻ ഡിസംബർ മൂന്നിനാണ് ഉച്ചകോടി.
ഉച്ചകോടിയുടെ ഭാഗമായി രാജ്യത്തെ പ്രധാന റോഡുകളും തെരുവോരങ്ങളും ഗൾഫ് രാജ്യങ്ങളുടെ ഐക്യം വിളിച്ചോതുന്ന കാഴ്ചകളാൽ അലങ്കരിച്ചിരിക്കുകയാണ്. ജി.സി.സി രാജ്യങ്ങളിലെ നേതാക്കളുടെ ചിത്രങ്ങളും സ്വാഗതസന്ദേശങ്ങളും ഐക്യത്തിന്റെയും ഒത്തുചേരലിന്റെയും പ്രതീകമായ മുദ്രാവാക്യങ്ങളും രാജ്യത്തുടനീളം പ്രദർശിപ്പിച്ചിട്ടുണ്ട്.
പ്രധാന റോഡുകൾ, തിരക്കേറിയ കവലകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം അലങ്കാരങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദബന്ധങ്ങളെയും ബഹ്റൈന്റെ നയങ്ങളിലെ അടിയുറച്ച നിലപാടായ ഗൾഫ് ഐക്യത്തെയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സംയുക്ത ഗൾഫ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രസംഗങ്ങളിലെ പ്രധാന ഉദ്ധരണികളും ചില ബോർഡുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വരാനിരിക്കുന്ന ഉച്ചകോടി ഒരു രാഷ്ട്രീയ ഇവന്റ് മാത്രമല്ലെന്നും മറിച്ച് മേഖലയിലെ രാജ്യങ്ങൾക്കും ജനങ്ങൾക്കുമിടയിലുള്ള കൂട്ടായ ഭാവിയും സംയോജനവും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന നാഴികക്കല്ലാണെന്നും അടിവരയിടുന്നതാണ് ഓരോ ബോർഡുകളും അതിലെ വാചകങ്ങളും. പ്രാദേശിക, അന്തർദേശീയ വെല്ലുവിളികൾ, സാമ്പത്തിക സംയോജനത്തിന്റെ സാധ്യതകൾ, സുരക്ഷാ ഏകോപനം വർധിപ്പിക്കൽ, വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തൽ തുടങ്ങിയ പ്രധാന വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ജി.സി.സി രാജ്യങ്ങളിലെ ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും അന്താരാഷ്ട്രവേദിയിൽ ഗൾഫ് രാജ്യങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനും സഹായിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
