2 Dec 2025 11:52 AM IST
Summary
അതോറിറ്റി ജീവനക്കാർക്ക് ലുലു സ്റ്റോറുകളിൽ പ്രത്യേക ഇളവുകൾ
റിയാദ്: മക്ക, മദീന ഇരുഹറം പരിപാലന ജനറൽ അതോറിറ്റിയുമായി കരാറിലേർപ്പെട്ട് സൗദി ലുലു ഹൈപ്പർമാർക്കറ്റ്. അതോറിറ്റിക്ക് കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇനി മുതൽ ലുലു സ്റ്റോറുകളിൽ പ്രത്യേക ഇളവുകൾ ലഭിക്കും. ജനറൽ അതോറിറ്റി ഷെയേർഡ് സർവിസസ് സെക്ടർ വൈസ് പ്രസിഡൻറ് അയ്മാൻ ബിൻ അബ്ദുറഹ്മാൻ അൽ ജുനെയ്ദിയും ലുലു സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസുമാണ് കരാറിൽ ഒപ്പുവെച്ചത്. അതോറിറ്റി ഇന്റേണൽ കമ്യൂണിക്കേഷൻസ് പ്രതിനിധികളായ അഹമ്മദ് ബിൻ സൽമാൻ അൽ ഹസ്മി, ഹോസം ബിൻ വഹീദ് മോർസി എന്നിവർ പങ്കെടുത്തു.
മക്കയിലെ ലുലു അൽ റുസെയ്ഫ ഹൈപ്പർമാർക്കറ്റ്, ലുലു ജബൽ ഒമർ, മദീനയിലെ ലുലു അൽമനാഖ അടക്കം സൗദിയിലെ മുഴുവൻ ലുലു ഹൈപ്പർമാർക്കറ്റുകളിലും അതോറിറ്റി ജീവനക്കാർക്ക് ഷോപ്പിങ് ഇളവുകൾ ഇതോടെ ലഭ്യമാകും. ഇരു ഹറമുകളിലുമെത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് എല്ലാ സഹായങ്ങളും ഒരുക്കുന്ന അതോറിറ്റി ജീവനക്കാരോടുള്ള ലുലുവിന്റെ അടിയുറച്ച പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണ് കരാർ. അതേസമയം സൗദിയിൽ കൂടുതൽ സ്ഥലങ്ങളിൽ സ്റ്റോറുകൾ തുറന്ന് ഷോപ്പിങ് സംവിധാനങ്ങൾ വിപുലമാക്കാനൊരുങ്ങുകയാണ് ലുലു. മക്കയിലും, മദീനയിലുമായി വൈകാതെ നാല് പുതിയ ഔട്ട്ലെറ്റുകൾ തുറക്കുമെന്ന് ലുലു മാനേജ്മെൻറ് അറിയിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
