27 Nov 2025 4:52 PM IST
Summary
82°E വന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ട്
നടി ദീപിക പദുക്കോണിന്റെ സ്കിന്‍ കെയര്‍ ബ്രാന്‍ഡായ 82°E വന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ട്. കമ്പനിക്ക് ലാഭം കുറവാണെന്നും വന്‍ നഷ്ടം നേരിടുകയാണെന്നും കമ്പനിയുടെ ഏറ്റവും പുതിയ സാമ്പത്തിക രേഖകള്‍ വ്യക്തമാക്കുന്നു. ലാഭം ഉറപ്പാക്കാന്‍ ചെലവുകള്‍ കുറയ്ക്കാന്‍ ശ്രമിക്കുന്നതായി കമ്പനി പറയുന്നുണ്ടെങ്കിലും നഷ്ടത്തില്‍ കുറവുണ്ടായതല്ലാതെ, ലാഭത്തിലേക്ക് തിരിച്ചുപോയിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഡിപികെഎ യൂണിവേഴ്സല്‍ കണ്‍സ്യൂമര്‍ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡ് ആണ് 82°E. ദീപികയും പിതാവ് പ്രകാശ് പദുക്കോണുമാണ് ഡയറക്ടര്‍മാര്‍. സ്ഥാപനം അടുത്തിടെ കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നതനുസരിച്ച്, 2024-25 സാമ്പത്തികവര്‍ഷത്തില്‍ 12.26 കോടിയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്.
2023-24 കാലഘട്ടത്തില്‍ വരുമാനം 21.21 കോടിയില്‍ നിന്ന് 30 ശതമാനം കുറഞ്ഞ് 2024-25 കാലയളവില്‍ 14.66 കോടിയിലെത്തിയെന്നും രേഖകളില്‍ പറയുന്നു. മുന്‍ സാമ്പത്തികവര്‍ഷത്തേക്കാള്‍ നഷ്ടത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നും രേഖകള്‍ വ്യക്തമാക്കുന്നു. 2023-24 കാലയളവില്‍ 23 കോടിയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്.
ഇതേ തുടര്‍ന്ന് കമ്പനി ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 2024-25 ല്‍ കമ്പനിയുടെ വിപണി ചെലവ് മുന്‍വര്‍ഷം 20 കോടി ആയിരുന്നതില്‍ നിന്ന് 4.4 കോടിയായി കുറഞ്ഞു. 78 ശതമാനത്തിന്റെ വന്‍ കുറവാണുണ്ടായത്. മൊത്ത ചെലവ് 47 കോടിയില്‍ നിന്ന് 26 കോടിക്ക് താഴെയായി കുറഞ്ഞു.
2021 ലാണ് ദീപിക 82°E എന്ന ആഡംബര സ്കിന്‍കെയര്‍ ബ്രാന്‍ഡിന് തുടക്കമിട്ടത്. 2500 രൂപയ്ക്ക് മുകളില്‍ വിലയുള്ള വൈവിധ്യങ്ങളായ ഉത്പന്നങ്ങള്‍ ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്. ശക്തമായ മാര്‍ക്കറ്റിങ് ശ്രമങ്ങളും സോഷ്യല്‍മീഡിയ വഴിയുള്ള ദീപികയുടെ പ്രചാരണങ്ങളും ഉണ്ടായിട്ടും തുടക്കംമുതല്‍ തന്നെ ലാഭമുണ്ടാക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നില്ല.
പഠിക്കാം & സമ്പാദിക്കാം
Home
