26 Nov 2025 12:57 PM IST
ബിസിനസ് തകർന്ന് കോടികൾ കട ബാധ്യത , താമരകൃഷിയിലൂടെ അടച്ചു തീർക്കുന്ന യുവതി, ചർച്ചയായി 44കാരി
MyFin Desk
Summary
താമര വേരുകളോടുള്ള പ്രിയം ഇവര്‍ ശ്രദ്ധിച്ചു
ബിസിനസ് തകര്‍ന്നുണ്ടായ വലിയ കട ബാധ്യത താമര കൃഷിയിലൂടെ അടച്ചുതീര്‍ക്കുന്ന യുവതിയാണ് സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും ഇടംപിടിച്ചത്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ നിന്നുള്ള ഹു ക്വിന്‍ എന്ന 44-കാരിയാണ് സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും ഇടംപിടിച്ചത്. 50 ലക്ഷം യുവാന്‍ ഏകദേശം 6.2 കോടി രൂപ ആണ് ഇവരുടെ കടമെന്ന് സൗത്ത് ചൈനാ മോണിങ് പോസ്റ്റിന്റ് റിപ്പോര്‍ട്ടിൽ പറയുന്നു. കഠിനാധ്വാനത്തിലൂടെ പത്ത് ലക്ഷം യുവാന്റെ കടം യുവതി ഇതിനോടകം അടച്ചുതീര്‍ത്തു. 2012-ല്‍ ഭര്‍ത്താവിനൊപ്പം ഹു ക്വിന്‍ തുടങ്ങിയ പഴക്കച്ചവടം വന്‍ വിജയമായിരുന്നു. തുടര്‍ന്ന് രാജ്യത്തുടനീളം 30 സ്റ്റോറുകള്‍ തുടങ്ങുകയും ഇതോടെ ഇവരുടെ സമ്പത്ത് ഒരുകോടി യുവാനായി അതായത്12.5 കോടി രൂപ ഉയരുകയും ചെയ്തു.
ഇരുവരും ആഡംബരജീവിതം നയിക്കാന്‍ ആരംഭിച്ചു. ഷിയാങ് നദിയുടെ കരയിലെ വില്ലയില്‍ താമസം, സ്വന്തം ഡ്രൈവര്‍, വീട്ടുജോലിക്കാര്‍, ഇടയ്ക്കിടെയുള്ള യാത്രകള്‍ എന്നിങ്ങനെ ഇവരുടെ ജീവിതം മുന്നോട്ടുപോയി.അങ്ങനെയിരിക്കെ സാമ്പത്തികകാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യാതിരുന്നതിനാല്‍ 2019-ല്‍ ഇവരുടെ ബിസിനസ് തകര്‍ന്നു. ഇതോടെയാണ് 50 ലക്ഷം യുവാന്റെ കടത്തില്‍ പെട്ടത്. വില്ല വിറ്റ ഇരുവരും രാജ്യത്തെ വിവിധ ഇടങ്ങളിലേക്ക് യാത്ര ചെയ്യുകയും ഓരോ ഇടങ്ങളിലും താത്കാലികമായി താമസിക്കുകയും ചെയ്തു. ചെലവുകള്‍ കണ്ടെത്താനായി ഇവര്‍ കാര്‍ഷികോത്പന്നങ്ങള്‍ വില്‍ക്കുന്നുമുണ്ടായിരുന്നു.വുഹാനിലെത്തിയപ്പോഴാണ് ഇവരുടെ ജീവിതത്തില്‍ മാറ്റങ്ങൾ സംഭവിച്ചത് .
ഈ പ്രദേശത്തുള്ളവര്‍ക്ക് താമര വേരുകളോടുള്ള പ്രിയം ഇവര്‍ ശ്രദ്ധിച്ചു. താമരവേരുകൊണ്ടുള്ള വിഭവങ്ങള്‍ ആ നാട്ടുകാര്‍ക്ക് ഏറെ ഇഷ്ടമായിരുന്നു. രുചികരവും ആരോഗ്യകരവുമാണെന്നതായിരുന്നു താമരവേരിന്റെ പ്രത്യേകത. ഇതോടെ ഇരുവരും താമരവേര് വില്‍പ്പനയിലേക്ക് കടക്കുകയായിരുന്നു. പ്രദേശത്തെ കുളങ്ങളില്‍ ഇരുവരും താമര കൃഷി ചെയ്യാന്‍ ആരംഭിച്ചു. ഒപ്പം കുളങ്ങളല്‍ നിന്നുള്ള ലൈവ് സ്ട്രീമിങ് വഴി സോഷ്യല്‍ മീഡിയാ പ്രചാരണവും നല്‍കി. വില്‍പ്പനയും സോഷ്യല്‍ മീഡിയ വഴി തന്നെയായിരുന്നു.
വര്‍ഷങ്ങളുടെ നഗരജീവിതം കാരണം ഹുവിന്റെ ഭര്‍ത്താവിന് കഠിനമായ ജോലികള്‍ ചെയ്യാനാകില്ലായിരുന്നു. അതിനാല്‍ ഹു തന്നെയാണ് എല്ലാ ജോലികളും ചെയ്തിരുന്നത്.രാവിലെ അഞ്ചുമണിക്ക് എഴുന്നേല്‍ക്കുന്ന ഹു കാര്‍ഷികോപകരണങ്ങള്‍ ഉപയോഗിച്ച് കഠിനജോലികള്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പങ്കുവെച്ചു. പാചകവും തുണി അലക്കലും ഉള്‍പ്പെടെയുള്ള വീട്ടുജോലികള്‍ ഭര്‍ത്താവ് ചെയ്യുന്നതായിരുന്നു പതിവ്. കഠിനാധ്വാനത്തെ തുടര്‍ന്ന് വലിയ കച്ചവടമാണ് ഇവര്‍ക്ക് ലഭിച്ചത്. ചില ദിവസങ്ങളില്‍ 4500 കിലോഗ്രാം താമരവേര് വരെ ഇവര്‍ക്ക് വില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
