കേരളാ ബജറ്റ്: ബാലഗോപാൽ, ഡൽഹിയിലേക്ക് നോക്കാതെ കേരളത്തിലേക്ക് നോക്കൂ

  • ബാലഗോപാൽ നടപ്പു വർഷം ( 2022 - 23 ) ൽ പ്രതീക്ഷിക്കുന്ന മൊത്തം ചെലവ് 228785 കോടിയാണ്.
  • ഡിസംബറിൽ ചരക്ക് സേവന നികുതിയായി മഹാരാഷ്ട്രയ്ക്കു 23598 കോടിയും, ഗുജറാത്തിനു 9338 കോടിയും കിട്ടിയപ്പോൾ കേരളത്തിനു ലഭിച്ചത് 2185 കോടി.

Update: 2023-02-01 05:58 GMT

നെഞ്ചിടിപ്പോടെയാണ് മലയാളികൾ ഫെബ്രുവരി 3 ലെ ആ സാഹസം

കാത്തിരിക്കുന്നത് . അന്നാണല്ലൊ ധനമന്ത്രി ബാലഗോപാൽ നിയമസഭയിൽ തന്റെ രണ്ടാമത്തെ പൂർണ ബജറ്റ് അവതരിപ്പിക്കുന്നത്. അതോടെ ഓരോ മലയാളിയുടെയും കീശ കൂടുതൽ കീറാനാണ് സാധ്യത.

അതിനു ബാലഗോപാലിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ബാലഗോപാലിന്റെ പെട്ടിയിൽ വീഴുന്നത് കൊണ്ട് കാര്യങ്ങൾ നടക്കത്തില്ലന്ന് ഏതു പൊതു സാമ്പത്തിക കാര്യ വിദഗ്ധനും അറിയാം. അപ്പോൾ പിന്നെ എന്താണ് ചെയ്യുക. കടം വാങ്ങി കാര്യങ്ങൾ നടത്തുകയല്ലാതെ വഴിയില്ല. കടം വാങ്ങുന്നതിൽ അപകടമില്ല, തിരിച്ചടക്കാൻ പാങ്ങുണ്ടെങ്കിൽ . ഈ പാങ്ങില്ലാത്തതാണല്ലോ കേരളത്തിന്റെ പ്രശ്നം.

ബാലഗോപാൽ നടപ്പു വർഷം ( 2022 - 23 ) ൽ പ്രതീക്ഷിക്കുന്ന മൊത്തം ചെലവ് 228785 കോടിയാണ്. ഇതിൽ 55198 കോടി കടം തിരിച്ചടവാണ്. ബാക്കിയുള്ള 173588 കോടി സംസ്ഥാനം നടത്തികൊണ്ടുപോകാനുള്ള ചെലവും.

ഈ വർഷത്തെ മൊത്തം ചെലവുകൾ നടത്തിക്കൊണ്ടു പോകാൻ കടം എടുക്കുന്നതുൾപ്പെ ടെ ബാലഗോപാലിന്റെ കൈയിൽ വരും എന്ന് പ്രതീക്ഷിക്കുന്നതു 217525 കോടിയാണ് . കടം എടുക്കുന്ന 83054 കോടി കഴിഞ്ഞു സംസ്ഥാനത്തിന്റെ തനതു വരുമാനത്തിൽ നിന്നും, കേന്ദ്ര വിഹിതമായി ലഭിക്കും എന്ന് കണക്കാക്കുന്നതും ഉൾപ്പെടെ ആകെ ലഭിക്കാൻ സാധ്യത ( നെറ്റ് റെസിപ്റ്റ് ) 134471 കോടിയും. .

സംസ്ഥാനം നടത്തികൊണ്ടുപോകുന്നതിനുള്ള ( നെറ്റ്എക്സ് പെന്റിച്ചർ) ചെലവും , കടം എടുക്കുന്നതൊഴിച്ചുള്ള വരുമാനവും (നെറ്റ്റെസിപ്റ്റ്) തമ്മിലുള്ള അന്തരം അഥവാ ധനകമ്മി 39117 കോടിയാണ്. കാര്യങ്ങൾ പൂർണമായി നടന്നു പോകണമെങ്കിൽ ഈ കുറവ് വരുന്ന ( കമ്മി ) തുക സർക്കാർ വിപണിയിൽ നിന്ന് കടമെടുക്കണം . ഇതിനായി സർക്കാർ ദീർഘ കാലാവധിയുള്ള കടപ്പത്രങ്ങൾ ഇറക്കും. ഇത് ആർ ബി ഐ ലേലം ചെയ്യും. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെയും, ഭാവിയിലെയും സാമ്പത്തിക നില കണക്കാക്കി ഒരു പലിശ നിശ്ചയിച്ചു ബാങ്കുകൾ ഈ കടപ്പത്രങ്ങൾ വാങ്ങും . ഒരു സംസ്ഥാന സർക്കാരിന് അതിന്റെ മൊത്ത ഉല്പാദനത്തിന്റെ ( ഗ്രോസ് സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രോഡക്ട് - ജി എസ് ഡി പി ) 3 ശതമാനം കടമെടുക്കുന്നതിനെ സാമ്പത്തിക ഉത്തരവാദിത്വ നിയമം ( ഫിസ്കൽ റെസ്പോൺസിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്‌മന്റ് ആക്ട് ) അനുവദിക്കുന്നുള്ളു . കേന്ദ്രത്തിനും ഇത് ബാധകമാണ്. കാരണവർക്ക് അടുപ്പിലും ആകാമല്ലോ എന്ന് പറഞ്ഞതുപോലെ, പരമാധികാരിയായ കേന്ദ്രം ഈ നിയമമൊന്നും വകവെക്കുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ ഇപ്പോഴത്തെ കടം ജി ഡി പി യുടെ 59 ശതമാനമാണ്. ഈ കടത്തിന്റെ തിരിച്ചടവിനു കേന്ദ്രം നീക്കി വെച്ചിരിക്കുന്നത് 9 . 4 - ലക്ഷം കോടിയാണ്. ഇത് അവരുടെ റവന്യു വരവിന്റെ 43 ശതമാനമാണ്. അപ്പോൾ കേരളം കടത്തിൽ മുങ്ങുകയാണെങ്കിൽ, ഇന്ത്യ കടം കൊണ്ട് ശ്വാസംമുട്ടുകയാണ് .

തോമസ് ഐസക് മാത്രമല്ല ധന ഉത്തരവാദിത്വ നിയമ൦ വളരെ അധികം `` അസിമിട്രിക്കൽ '' ആണെന്ന് ചൂണ്ടികാട്ടുന്നത് . ഈ കാര്യത്തിൽ അദ്ദേഹത്തെ പിന്തുണക്കുന്ന നിരവധി മുൻനിര സാമ്പത്തിക വിദഗ്ധരുണ്ട് .

കേരളത്തെ സംബന്ധിച്ചടത്തോളം കടമെടുക്കുന്നതിൽ മറ്റൊരാപ്പും കൂടിയുണ്ട്. ബജറ്റിൽ പറയാത്ത കടങ്ങൾ സംസ്ഥാനങ്ങൾ എടുക്കുകയോ, അങ്ങനെയുള്ള കടത്തിന് ജാമ്യം നിൽക്കുകയോ ചെയ്താൽ, അതും കൂടി സംസ്ഥാനങ്ങളുടെ കടമായി മാറും എന്ന കേന്ദ്രത്തിന്റെ അടുത്തിടെയുള്ള നിലപാട്. അത് നേരത്തെയുള്ള ബാധ്യത ആയതിനാൽ, അത് കുറച്ചേ, കടമെടുക്കാൻ കേന്ദ്രവും, ആർ ബി ഐയും അനുവദിക്കൂ.

കിഫ്ബിക്കു ഒരു പണി കൊടുക്കാനാണ് കേന്ദ്രം ഇങ്ങനെ ഒരു നിലപാടെടുക്കുന്നത് . അഞ്ചു പൈസ വരുമാനമില്ലാത്ത കിഫ്ബിക്കു ആരെങ്കിലും കടം കൊടുക്കുമോ? അപ്പോൾ പിന്നെ കിഫ്ബിക്കു വായ്പ കിട്ടണമെങ്കിൽ സംസ്ഥാനം ജ്യാമ്യം നിൽക്കണം. അങ്ങനെ ജ്യാമം നിന്നാൽ സംസ്ഥാനത്തിന് ആവശ്യത്തിന് കടമെടുക്കാൻ കഴിയുകയില്ല. അങ്ങനെ കിഫ്ബിയെ കൊല്ലണോ, വളർത്തണോ എന്നറിയാൻ വയ്യാത്ത അവസ്ഥയിലാണ് സംസ്ഥാനം. കൊന്നാൽ, മസാല ബോണ്ട് ഉൾപ്പെടെ വിപണിയിൽ നിന്ന് എടുത്തിട്ടുള്ള വായ്പ്പ എങ്ങനെ തീർക്കും. അത് വലിയ നിയമ പ്രശ്നമാകുമോ. തുടങ്ങിയ വലിയ ചോദ്യങ്ങൾ സർക്കാരിന് മുമ്പിലുണ്ട്. കിഫ്‌ബി സംസ്ഥാനത്തിന് ശരിക്കും ഒരു ഊരാക്കുടുക്കാനാണ്.

ശാസ്ത്രജ്ഞന്മാരുടെ ഭൂരിഭാഗം പരീക്ഷണങ്ങളും, സമൂഹത്തിനു ഗുണമായി മാറും. അപൂർവം ചിലതു സമൂഹത്തിനു സമ്മാനിക്കുന്നത് ദുരന്തങ്ങളും. തോമസ് ഐസക് നടത്തിയ കിഫ്‌ബി എന്ന പരീക്ഷണം ഈ രണ്ടാം വിഭാഗത്തിൽ പെടുന്നതാണ്.

ബാലഗോപാൽ 2022 -23 ൽ വരുമാനമായി പ്രതീക്ഷിക്കുന്ന 134471 കോടിയിൽ, 85867 കോടിയും (പ്രതീക്ഷിക്കുന്ന വരുമാനത്തിന്റെ 64 ശതമാനം) സംസ്ഥാനത്തിന്റെ തനതു സ്രോതസ്സിൽ നിന്ന് ലഭിക്കേണ്ടതാണ്. ബാക്കിവരുന്ന 36 ശതമാനം ( 48230 കോടി) കേന്ദ്ര നികുതിയിൽ നിന്നുമുള്ള സംസ്ഥാന വിഹിതവും, കേന്ദ്ര ഗ്രാന്റുമാണ്.

തനതു വരുമാനത്തിൽ , 74098 കോടി തനതു നികുതി വരുമാനത്തിൽ നിന്ന് വരേണ്ടതാണ്. ബാക്കി 11770 കോടി തനതു നികുതിയേതര വരുമാനത്തിൽ നിന്നും. നികുതി വരുമാനത്തിൽ, സംസ്ഥാന ചരക്കു - സേവന നികുതിയിൽ (ജി എസ് റ്റി) നിന്ന് പ്രതീക്ഷിക്കുന്നത് 36818 കോടിയാണ്. ഇത് തനതു വരുമാനത്തിന്റെ 50 ശതമാനവുമായി ഒന്നാം സ്ഥാനത്തു നിൽക്കുന്നു. വിൽപ്പന നികുതി/ വാറ്റ് എന്നിവയിൽ ( ഇത് നിശ്ചയിക്കാൻ സംസ്ഥാനത്തിന് പൂർണ അധികാരം ഉണ്ട് ) നിന്ന് കിട്ടുമെന്ന് കണക്കാക്കുന്നത് 24965 കോടിയാണ്. ഇത് തനതു വരുമാനത്തിന്‍റെ 34 ശതമാനമാണ്. പിന്നെ വസ്തു ഇടപാടുകളുടെ രജിസ്ട്രേഷനിൽ നിന്നും ഒരു 4687 കോടി, വാഹന നികുതിയിൽ നിന്നും ഒരു 4139 കോടി, സംസ്ഥാന എക്സ് സൈസ് നികുതിയിൽ നിന്നൊരു 2656 കോടി, ഭൂനികുതിയിൽ നിന്നൊരു 510 കോടി , വൈദ്യുതി സെസിൽ നിന്നു ഒരു 71 കോടി, ജി എസ് റ്റി നഷ്ടപരിഹാരമായി ഒരു 3743 കോടി. ഇത്രയുമാണന് നികുതി ഇനത്തിൽ നിന്നും ബാലഗോപാലിന്റെ പ്രതീക്ഷ.

ഇനിയുള്ള തനതു വരുമാനം, നികുതിക്ക് പുറമെ ( നികുതിയേതര വരുമാനം) കിട്ടേണ്ടതാണ്. ഇതിൽ നിന്നും ബാലഗോപാൽ പ്രതീക്ഷിക്കുന്നത് 17721 കോടി. ഇത് ലോട്ടറി കച്ചവടം, സർക്കാർ സ്ഥാപനങ്ങളിൽ നിന്നും കിട്ടുന്ന ലാഭ വിഹിതം, കോടതികളും, പോലീസും, മറ്റു ഏജൻസികളും ഇടുന്ന പിഴ തുടങ്ങിയവയിൽ നിന്നും കിട്ടേണ്ടതാണ്.

കേന്ദ്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന നികുതി വരുമാനം 17721 കോടിയും, ഗ്രാന്റ് 30510 കോടിയുമാണ്. എന്നാൽ കേന്ദ്ര ബജറ്റിൽ കേരളത്തിന് നികുതി വിഹിതത്തിൽ വകയിരുത്തിയിരിക്കുന്നതു 15720 . 50 കോടിമാത്രമാണ്. കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നതു കോർപറേഷൻ നികുതി, ആദായ നികുതി, സ്വത്തു നികുതി, കേന്ദ്ര ചരക്കു സേവന നികുതി, കസ്റ്റംസ് നികുതി, കേന്ദ്ര എക്സ് സൈസ് നികുതി, സേവന നികുതി എന്നിവയുടെ വിഹിതമാണ്.

സംസ്ഥാനത്തിന്റെ അടച്ചു തീർക്കാനുള്ള കടം ( ഔട്ട്‍സ്റ്റാൻഡിങ് ലയബൽറ്റിസ് ) ജൂണിലെ കണക്കനുസരിച്ചു 332291 കോടിയാണ്. ഇത് ഇപ്പോൾ 4 ലക്ഷം കടന്നിരിക്കുന്നു എന്നാണ് പ്രതിപക്ഷം പറയുന്നത്. ഇത് കൂടാതെ , സംസ്ഥാനത്തിന്റ കീഴിൽ വരുന്ന കിഫ്‌ബി ഉൾപ്പെടെയുള്ള സ്വതന്ത്ര സ്ഥാപനങ്ങൾ എടുക്കുന്ന വായ്പ്പകൾക്കു സർക്കാർ ജാമ്യം നിൽക്കുന്നു. മൊത്ത൦ 80000 കോടിക്കാണ് സർക്കാർ ജാമ്യം നിന്നിരിക്കുന്നത് എന്നാണ് ബാലഗോപാൽ അടുത്തിടെ മൈഫിനുമായി നടത്തിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്. കേന്ദ്രത്തിന്റെ പുതിയ നിയമമനുസരിച്ചു ഒരു സംസ്ഥാനം ഈ വർഷം ജാമ്യം നിൽക്കുന്ന തുക, അടുത്ത വർഷം അതിന്റെ കടമെടുക്കാവുന്ന തുകയിൽ നിന്ന് കുറയ്ക്കും.

നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്നത് ഈ സാമ്പത്തിക വർഷത്തെ ( 2022 - 23 ) കണക്കുകളാണ്. ഇവിടെ പറഞ്ഞിരിക്കുന്ന വരുമാനം കിട്ടിയോ, പ്രതീക്ഷിച്ചിടത്തു ചെലവുകൾ നിന്നോ എന്നൊക്കെ പുനഃക്രമീകരിച്ച കണക്കുകൾ (റിവൈസ്ഡ് എസ്റ്റിമേറ്റ്) വരുമ്പോഴേ അറിയൂ.

വരുന്ന സാമ്പത്തിക വർഷത്തെ ( 2023 - 24 ) ബജറ്റ് ഫെബ്രുവരി 3 നു ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. അതും ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ കുറെ വരവ്, അതിലധികം ചെലവ് , ചെലവുകൾ നടത്താൻ പിന്നയും കടം., അതോടെ സംസ്ഥാനത്തിന്റെ മൊത്തം കടം പിന്നയും വളരുന്നു,. ജനം കൂടുതൽ പാപ്പരാകും .

കേരളത്തിന്റെ അടിസ്ഥാന പ്രശ്‍നം അതിന്റെ വരുമാനത്തിൽ വളർച്ച ഇല്ല എന്നതും, ഏതാണ്ട് ഒരു ആധുനിക സമൂഹമായതു കൊണ്ട് വികസനത്തിനും, ക്ഷേമ പ്രവർത്തനങ്ങൾക്കും കൂടുതൽ ഫണ്ട് ആവശ്യമായി വരുന്നു എന്നതുമാണ്.

സംസ്ഥാനത്തിന്റെ വരുമാനത്തിൽ മുഖ്യ പങ്കും വരുന്നത് ചരക്കുകളുടെയും സേവനത്തിന്റെയും കൈമാറ്റത്തിന് ഈടാക്കുന്ന നികുതിയിൽ നിന്നാണ്.ആദ്യം അത് വിൽപ്പന നികുതി ആയിരുന്നു പിന്നീടത് ചരക്കു സേവന നികുതിയായി വേഷം മാറി. വിൽപ്പന നികുതി സംസ്ഥാനങ്ങളുടെ

നിയന്ത്രണത്തിലായിരുന്നു. അപ്പോൾ, വരുമാനത്തിൽ എന്തെങ്കിലും പരുവക്കേട്‌ വന്നാൽ, വിൽപ്പന നികുതിയിൽ ഒരു അഡ്ജസ്റ്റ്മെന്റ് ഒക്കെ നടത്തി തത്ക്കാലം ഒന്ന് നിൽക്കാമായിരുന്നു . ചരക്കു -സേവന നികുതി ആയപ്പോൾ ആ സൗകര്യം സംസ്ഥാനങ്ങളുടെ കൈയിൽ നിന്ന് പോയി. നിരക്കുകൾ നിശ്ചയിക്കുന്നതിൽ സംസ്ഥാനത്തിന് ഒരു പങ്കുമില്ലാതായി. അതിനുള്ള അവകാശം ജി എസ്‌ റ്റി കൗൺസിലിനായി. നിരക്കുകൾ അവർ നിശ്ചയിക്കും. അതിന്റെ നേർ പകുതി വാങ്ങിച്ചു സംസ്ഥാനങ്ങൾ അടങ്ങി ഇരുന്നോണം , ബാക്കി പകുതി നേരെ കേന്ദ്രത്തിന്റെ പോക്കറ്റിലേക്ക് പോകും. എല്ലാ സംസ്ഥാനങ്ങളിൽ നിന്ന് കിട്ടുന്ന വിഹിതത്തിന്റെ 1 . 9 ശതമാനം കേന്ദ്രം കേരളത്തിന് തരും. വില്പന നികുതി നിരക്കുകൾ, ചരക്കു സേവന നികുതി നിരക്കുകളേക്കാൾ കൂടുതലായിരുന്നു.

കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായതുകൊണ്ടു, ചരക്കു-സേവന നികുതി കേരളത്തിനു ലോട്ടറി ആകുമെന്നായിരുന്നു പുതിയ നികുതി ഏർപ്പെടുത്തിയിരുന്നപ്പോൾ അന്ന് സംസ്ഥാന ധനമന്ത്രി ആയിരുന്ന തോമസ് ഐസക്കിന്റെ പ്രവചനം. എന്നാൽ ഐസക്കിന്റെ പ്രവചനം എട്ടുനിലയിൽ പൊട്ടുന്നതാണ് പിന്നീട് കണ്ടത്. കേന്ദ്ര സർക്കാരിന്റെ കണക്കുകൾ അനുസരിച്ചു വ്യവസായവത്കൃത സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക൦ , തമിഴ്നാട് എന്നിവക്കാണ് ഇത് സ്വർണ ഖനിയായി മാറിയത്. ഡിസംബറിൽ മഹാരാഷ്ട്രയ്ക്കു 23598 കോടിയും, ഗുജറാത്തിനു 9338 കോടിയും , കർണാടകക്കു 10061 കോടിയും, തമിഴ്നാടിനു 8324 കോടിയും സ്റ്റേറ്റ് ജി എസ് റ്റി ആയി കിട്ടിയപ്പോൾ കേരളത്തിനു ലഭിച്ചത് 2185 കോടി മാത്രം. ചെറിയ സംസ്ഥാങ്ങളായ ജാർഖണ്ഡും ( 2536 കോടിയും) ഛത്തിസ്ഘടും ( 2585 കോടി ) കേരളത്തിനേക്കാൾ മുമ്പിലാണ് . കേരളത്തിന്റെ ഏപ്രിൽ -ഡിസംബർ 22 ലെ കണക്കുകൾ നോക്കുകയാണെങ്കിൽ 2000 - 2400 കോടിക്കും ഇടയിൽ നിന്ന് കളിക്കുകയാണ്. അതിനു മുകളിലോട്ടു പോകാൻ കഴിയുന്നില്ല.

ജി എസ റ്റി യിൽ സംസ്ഥാനം അതിന്റെ മുകളറ്റത്തു എത്തി എന്ന് കരുതണം. ഇനിയും മുകളിലേക്ക് പോകണമെങ്കിൽ, സംസ്ഥാനം ഉപഭോഗം കൂട്ടണം. അതിനുള്ള സാധ്യത ഇല്ലെന്നു തന്നെ പറയണം. കാരണം, ജനസംഖ്യാ വളർച്ച സംസ്ഥാനത്തു താഴോട്ടാണ്. കൂടാതെ, ഉപഭോഗത്തിനു ഏറ്റവും അധികം ഊർജം നൽകുന്ന വിഭാഗം യുവജനങ്ങളാണ്. അവരിൽ നല്ലൊരു ഭാഗം സംസ്ഥാനത്തിനോ, രാജ്യത്തിനോ പുറത്താണ്.

ആൾക്കാരെ കൂടുതൽ ചാരായം കൂടിപ്പിച്ചും, ലോട്ടറി എന്ന ചൂതാട്ടം നടത്തിയും, എണ്ണ നികുതി കൂട്ടിയും ഖജനാവ് കൊഴുപ്പിക്കുന്ന രീതി അധികനാൾ കൊണ്ടുനടത്താൻ കഴിയില്ല.

വരുമാനത്തിന്റെ കാര്യത്തിൽ കേന്ദ്രത്തിനെ നമ്പാൻ പറ്റത്തില്ല. 15 ആം ധനകാര്യ കമ്മീഷന്റെ ശുപാർശ അനുസരിച്ചു കേന്ദ്രം സമാഹരിക്കുന്ന സംസ്ഥാനങ്ങളുമായി വീതം വെക്കണ്ടേ ഫണ്ടിന്റെ 41 ശതമാനം സംസ്ഥാനങ്ങൾക്ക് വീതിച്ചു കൊടുക്കണം. എന്നാൽ ഇത് 29 - 32 ശതമാനമേ കിട്ടുന്നുള്ളതു എന്നാണ് സംസ്ഥാനിങ്ങളുടെ പരാതി. കമ്മീഷന്റെ മറ്റൊരു ശുപാർശ ഇത് ജനസംഖ്യ അനുപാതത്തിൽ സംസ്ഥാനങ്ങൾക്കു വീതിക്കണം എന്നാണ്. അതിനാൽ കേരളത്തിന് കിട്ടുന്നത് സംസ്ഥാനങ്ങൾക്കായി വീതിക്കുന്ന ഫണ്ടിന്റെ 1 . 9 ശതമാനമാണ് .

ചുവരെഴുത്തു വ്യക്തമാണ്. വരുമാനം കൂട്ടാൻ സംസ്ഥാനം അടിയന്തിരമായ നടപടികൾ കൈക്കൊള്ളണം. അതിനു എന്താണ് മാർഗം? ഒറ്റയടിക്ക് വരുമാനം കൂട്ടാൻ പറ്റുകയില്ല. എന്നാൽ ഒരു കാര്യം ചെയ്യാം, ചെലവ് കുറയ്ക്കാം . അങ്ങനെ കുറെ പണം മിച്ചം പിടിക്കാം.

അതിന്റെ ആദ്യ പടിയായി സൗജന്യങ്ങൾ അത് അർഹിക്കുന്ന വിഭാഗത്തിന് മാത്രം നൽകുക. ആരോഗ്യ, വിദ്യാഭ്യാസ, ഭക്ഷ്യ മേഖലയിൽ ഉൾപ്പെടെ ഇത് കർശനമായി എല്ലാ മേഖലയിലും നടപ്പാക്കണം

സർക്കാർ കൊടുക്കുന്ന എല്ലാ ശമ്പളങ്ങളും, പെൻഷനും പുനഃപരിശോധിക്കുക. അത് സംസ്ഥാനത്തിന്റെ വരവിനു ആനുപാതികമാക്കുക. ഇപ്പോൾ വലിയ ശമ്പളവും, പെൻഷനും മേടിക്കുന്നവരിൽ പലരും അത് ബാങ്കിൽ നിക്ഷേപിക്കുകയാണ് . ഇതിന്റെ ഭൂരിപക്ഷവും ബാങ്കുകൾ കേരളത്തിന് വെളിയിൽ വായ്പ്പയായി നൽകുകയാണ്.

ഞങ്ങളുടെ വരുമാനം കുറഞ്ഞാൽ വിപണിയിലേക്കുള്ള പണം ഒഴുക്ക് കുറയും എന്നൊക്കെയുള്ള പേടിപ്പീരുമായി ചിലർ വന്നേക്കാം. അതൊന്നും കണക്കാക്കേണ്ട. ഇങ്ങനെ മിച്ചം പിടിക്കുന്ന പണം, താഴെത്തട്ടിലേക്കു ചെന്നാൽ, അത് എപ്പോൾ വിപണിയിൽ എത്തി എന്ന് നോക്കിയാൽ മതി.

പിന്നെ മണിമാളികയുള്ളവർ, രണ്ടിലധികം വാഹനങ്ങൾ ഉള്ളവർ, ശീതികരണികൾ ഉപയോഗിക്കുന്നവർ ഇവർക്കൊക്കെ കൂടുതൽ നികുതി ചുമത്തണം.

ലോകം ചുറ്റും മന്ത്രിമാരുടെ ധൂർത്തും ഉൾപ്പെടെ ഉള്ള എല്ലാ പാഴ്ചെലവുകളും അവസാനിപ്പിക്കണം.

ഇതൊക്കെ വെറും ഫസ്റ്റ് എയിഡ് ആണ്. അൽപ്പം ആശ്വാസം കിട്ടും എന്നെ ഒള്ളൂ. രോഗത്തിന് പൂർണ ശമനം വേണമെങ്കിൽ സംസ്ഥാനത്തിന്റെ വരുമാനം കൂട്ടുക തന്നെ വേണം. അതിനുള്ള നടപടി വേണം.

ഇങ്ങു തെക്കേ അറ്റത്തു കിടക്കുന്ന സംസ്ഥാനത്തു, അങ്ങ് വടക്കെ അറ്റത്തുനിന്നു അസംസ്‌കൃത വസ്തുക്കൾ കൊണ്ടുവന്ന് ഉത്പന്നങ്ങൾ ഉണ്ടാക്കി വടക്കെ അറ്റത്തുള്ള വിപണിയിൽ കൊണ്ട് വിൽക്കാൻ തലയിൽ അൾത്താമസം ഉള്ള ആരും തുനിയത്തില്ല. അതുകൊണ്ടു കേരളത്തിന്റെ സാധ്യതകളിലേക്ക് തന്നെ നോക്കണം.

ഭക്ഷ്യ കൃഷിക്ക് കേരളത്തിന് അപാര സാധ്യതയല്ലേ. അരിക്കും, പച്ചക്കറിക്കും എല്ലാ അഷേർഡ് മാർകറ്റല്ലേ. ആളെവിടെ എന്നതാണ് പ്രശ്നമെങ്കിൽ, കൃഷി ഹൈടെക് ആക്കി നോക്ക്. ന്യൂജെൻ പിള്ളേർ കൃഷിയിലേക്കു പറന്നു വരും. ശീതീകരിച്ച ട്രാക്ടറുകളും, കൊയ്ത്തു മെതി യന്ത്രങ്ങളു ഡ്രോൺകളും, അതുപോലുള്ള സംവിധാനങ്ങളും രംഗത്തിറക്കു, കൃഷി യുവജനങ്ങൾ ഏറ്റെടുക്കും.

ഏതാണ്ട് ഉപേക്ഷിച്ച നീരയ്ക്കു പുതു ജീവൻ കൊടുക്കാം.അതുപോലെ തേങ്ങാകൊണ്ടുള്ള പുതിയ ഉത്പന്നങ്ങൾക്ക് ശ്രമിക്കാം. തെങ്ങിൻ തടി കൊണ്ടുള്ള അന്തരീക്ഷ സൗഹൃദ വീടുകൾക്ക് പ്രചാരം കൊടുക്കുക .

ക്ഷീര മേഖല സജീവമാണെങ്കിലും കർഷർകാർക്കു വലിയ പ്രയോജനമില്ല. ആധുനിക സാങ്കേതിക വിദ്യകൊണ്ട്, മാനേജ്‌മന്റ് വൈദഗ്ധ്യം കൊണ്ടും സംസ്ഥാനത്തിന്റെ ക്ഷീരമേഖലയെ രാജ്യത്തിന്റെ മുന്നണിയിൽ എത്തിക്കാം.

പൂക്കൃഷിക്ക് കേരളത്തിൽ നല്ല സാധ്യതയാണുള്ളത് . ഒരു വർഷം ഇന്ത്യയിൽ 23170 കോടിയുടെ പൂക്കളാണ് വിൽക്കുന്നത്. പൂക്കളുടെ കയറ്റുമതിയിൽ നിന്ന് രാജ്യം നേടുന്നത് ഏതാണ്ട് 800 കോടിയിലധികം . കേരളത്തിൽ ഓണക്കാലത്തുമാത്രം വിൽക്കുന്നത് 500 ടണ്ണിലധികം . കേരളത്തിൽ പൂക്കളുടെ ആവശ്യം വർഷം 20 ശതമാനം വർധിച്ചു വരുന്നു എന്നാണ് കണക്കുകൾ പറയുന്നത്.

യൂ എസ് എ, നെതർലാൻഡ്, ജർമ്മനി, യൂ എ ഇ, കാനഡ, ഇറ്റലി എന്നിവടങ്ങളിൽ ഇന്ത്യൻ പൂക്കൾക്ക് വൻ ഡിമാൻഡ് ആണ്.

കേരളത്തിലെ കർഷകർക്ക് സബ്‌സിഡിയെക്കാൾ ആവശ്യം, അവരുടെ ഉൽപ്പന്നങ്ങളുടെ വിപണ സൗകര്യമാണ്. സബ്‌സിഡി കൊണ്ട് കൃഷി പച്ചപിടിക്കതില്ലന്നാണ് ധനശാസ്ത്രജ്ഞന്മാരുടെ വാദം.

കേരളത്തിന് ഒരു വർഷം 7000 കോടിയുടെ മരുന്നുകളാണ് വേണ്ടത്. എപ്പോഴും രോഗാവസ്ഥയിലുള്ള കെ എസ് ഡി പി മാത്രമാണ് കേരളത്തിലെ അറിയപ്പെടുന്ന ഒരു മരുന്ന് നിർമാണ ശാല. ഈ മേഖലയിൽ നിക്ഷേപത്തിന് വലിയ സാധ്യതയുണ്ട്.

ഐ റ്റി , ഇലട്രോണിക്‌സ് മേഖലയിലെ സാധ്യതകൾ ഇനിയും പൂർണമായി സംസ്ഥാനം മുതലാക്കിയിട്ടില്ല.

ഇതെല്ലാം കേരളത്തിന്റെ വിഭവങ്ങൾ ഉപയോഗിച്ചു സംസ്ഥാനത്തിന്റെ തലവര എങ്ങനെ മാറ്റം എന്നുള്ളതിന്റെ ഒരു ത്രെഡ് മാത്രമാണ്. തുടർ ചിന്തയിലൂടെയും , ചർച്ചയിലൂടെയും ഇതിനു മൂർത്തിമത്‌ ഭാവമുണ്ടാകു .

ഇതൊക്കെ പറയാൻ എളുപ്പമാണ്, ചെയ്യാൻ വളരെ കഠിനവും. എല്ലാം തീരുമാനിക്കേണ്ടത് രാഷ്ട്രീയ നേതൃത്വമാണ്. അവർക്കു അവരുടെയും, വരും തലമുറയുടെയും സുന്ദരലോകമാണ് സ്വപ്നം. അതാണ് സംസ്ഥാനത്തിന്റെ ശാപവും.

Tags:    

Similar News