റീപോ നിരക്ക് 25 ബേസിസ് പോയിന്റുകൾ കുറച്ചും ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻ, ഡോളർ രൂപ സ്വാപ്പ് വഴി പണലഭ്യത ഉറപ്പാക്കിയും ധനനയ അവലോകന കമ്മിറ്റി പലദിശകളിൽ ഇന്ന് നിലവിലിക്കുന്ന സാമ്പത്തിക സാഹചര്യങ്ങളെ മിടുക്കോടെ നേരിട്ടിരിക്കുകയാണ്.
വിലക്കയറ്റ നിരക്ക് താഴ്ന്ന് നിൽക്കുന്ന സാഹചര്യത്തിൽ റിപ്പോനിരക്ക് കുറയ്ക്കുവാൻ ഇടയില്ല എന്ന ശക്തമായ അഭിപ്രായം നിലനിന്നിരുന്ന സമയത്താണ് ധനനയ അവലോകന കമ്മിറ്റി ഒന്നടങ്കം നിരക്ക് കുറക്കുവാൻ തീരുമാനിച്ചത് എന്നത് ശ്രദ്ധേയമാണ്. വിലക്കയറ്റ നിരക്ക് ഇപ്പോഴുള്ളത്, സാമ്പത്തിക സാഹചര്യങ്ങളെ പൂർണമായും പ്രതിഫലിപ്പിക്കുന്നില്ല എന്ന യാഥാർഥ്യം ഈ തീരുമാനത്തിന് പിന്നിൽ കണക്കിലെടുത്തിട്ടുണ്ട്.
മാത്രമല്ല, അമേരിക്കൻ തീരുവയുമായി ബന്ധപ്പെട്ട് ഡോളറിന്റെ വരവിൽ ഉള്ളതും ഉണ്ടാകാനിരിക്കുന്നതുമായ കുറവും, രൂപയുടെ മൂല്യം കുറയുന്നതനുസരിച്ച് ഇറക്കുമതി രംഗത്തുണ്ടാകുന്ന അധിക ഭാരവും, വിദേശ നിക്ഷേപകർ തുക തിരിച്ചു കൊണ്ടുപോകുവാൻ ഡോളർ വാങ്ങുന്നതും, ഡോളറിലുള്ള വായ്പകളുടെ തിരിച്ചടവിന് കൂടുതൽ ഇന്ത്യൻ രൂപയുടെ ആവശ്യം വരുന്നതുമെല്ലാം രൂപയുടെ മൂല്യത്തിലുള്ള സമ്മർദ്ദം വർധിപ്പിക്കും. ഇത്, വിലക്കയറ്റനിരക്കിനെ മേലേക്ക് കൊണ്ടുപോകാൻ ഇടവരുത്തും. വിലക്കയറ്റം ഈ വർഷാവസാനം 2.2 ശതമാനത്തിനടുത്തും അടുത്ത വർഷം അതിനു മേലേക്കും ഉയരുമെന്ന് വിലയിരുത്തുന്നത് അതിനാലാണ്.
മറ്റൊന്ന് കയറ്റുമതിയിൽ വരാവുന്ന കുറവ് വളർച്ചയെയും കറന്റ് അക്കൗണ്ട് ഡെഫിസിറ്റിനെയും ബാധിക്കും. ഇക്കാര്യങ്ങൾ ഗവർണ്ണർ തുറന്ന് പറഞ്ഞില്ലെങ്കിലും ഈ യാഥാർഥ്യങ്ങൾ റീപോ നിരക്ക് കുറയ്ക്കുന്നതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് മനസ്സിലാക്കാം.
സാധാരണക്കാരെ ബാധിക്കുമോ
എന്തുതന്നെയായാലും നിരക്കിൽ വരുത്തിരിക്കുന്ന കുറവ് ഉത്പാദനരംഗത്തിന്, വിശേഷിച്ച് സൂക്ഷ്മ - ചെറുകിട - മീഡിയം രംഗങ്ങളിൽ, കൂടുതൽ ഉന്മേഷം നൽകും. വ്യക്തിഗത വായ്പകൾ - ഭവന, വാഹന, പേർസണൽ വായ്പകൾ - കുറഞ്ഞ പലിശക്ക് ലഭിക്കും. നിലവിലുള്ള വായ്പകൾക്കു പലിശ നിരക്ക് കുറയുകയും അതനുസരിച്ച് തവണ തുക കുറയുകയും ചെയ്യും. എന്നാൽ ബാങ്ക് നിക്ഷേപകരെ സംബന്ധിച്ചേടത്തോളം നിരക്ക് കുറവ് സന്തോഷകരമാകില്ല. കാലാവധി നിക്ഷേപത്തിന്റെ പലിശ നിരക്കിൽ കുറവ് വരും. ബാങ്ക് പലിശയെ ആശ്രയിച്ച് കഴിയുന്ന മുതിർന്ന പൗരന്മാർ മുതലായവരെ ഇത് വിഷമത്തിലാക്കും. നിലവിലുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോഴുള്ള കാലാവധി വരെ നിരക്കിൽ മാറ്റം ഉണ്ടാകില്ല.
പോളിസി സ്റ്റാൻസ് ന്യൂട്രൽ തന്നെ
പോളിസി സ്റ്റാൻസ് ന്യൂട്രൽ ആയി തന്നെ നിലനിർത്തിയിരുന്നത്, സാമ്പത്തിക രംഗത്തുള്ള സ്റ്റെബിലിറ്റിയെ കാണിക്കുന്നു. പ്രത്യക്ഷമായ ഒരു മൃദു സമീപനം നയത്തിൽ വേണ്ടതായി കാണുന്നില്ല എന്നർത്ഥം. ഈ തീരുമാനം കമ്മിറ്റി എടുത്തത് ആറിൽ അഞ്ച് ഭൂരിപക്ഷത്തിൽ ആണ്. റിപ്പോ നിരക്ക് കുറക്കുമ്പോഴും സാമ്പത്തിക സൂചനകൾ പൂർണമായും ഒരേ ദിശയിലല്ല എന്നാണ് കമ്മിറ്റി ഇത് വഴി പറയുന്നത്.
ബാങ്കുകൾ എങ്ങനെ കാണുന്നു?
നിരക്ക് കുറവ് ബാങ്കുകളെ സാമ്പത്തിച്ചേടത്തോളം വലിയ ആഹ്‌ളാദം നൽകുന്നില്ല. സാമ്പത്തിക രംഗത്ത് 1.5 ലക്ഷം കോടിയുടെ സർപ്ലസ് ഉണ്ട് എന്ന് ഗവർണ്ണർ പറയുമ്പോഴും വായ്പ - നിക്ഷേപ അനുപാതം 80 ശതമാനത്തിന് മേലെ നിൽക്കുന്ന വെല്ലുവിളിയാണ് ബാങ്കുകൾ നേരിടുന്നത്. വളർച്ചക്ക് ആക്കം നൽകാൻ തുടർന്നും ബാങ്ക് വായ്പകൾ ലഭ്യമായേ പറ്റൂ. നിരക്കിന്റെ കുറവ് ബാങ്കുകളുടെ മാർജിൻ ഇനിയും താഴേക്ക് കൊണ്ടുവരും എന്ന് മാത്രമല്ല, നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് കുറച്ചാൽ, പുതിയ നിക്ഷേപ സമാഹരണം പ്രയാസത്തിലാക്കും. ഇപ്പോൾ തന്നെ നിക്ഷേപ സമാഹരണം ബാങ്കുകൾ നേരിടുന്ന വെല്ലുവിളിയാണ്. ഒരു വശത്ത് നിലവിലുള്ള വായ്പകളുടെ പലിശ വരുമാനം കുറയും. പുതിയ വായ്പകൾക്ക് പലിശ നിരക്ക് കുറച്ച് നൽകേണ്ടിവരും. നിക്ഷേപങ്ങൾക്ക് അതനുസരിച്ച് പലിശ നിരക്ക് കുറക്കുവാൻ ഒരു പക്ഷെ സാധിക്കുകയുമില്ല. ഈ പ്രതിസന്ധിയെ തരണം ചെയ്യുവാൻ ധനനയത്തിൽ കൊണ്ടുവന്നിരിക്കുന്ന വഴികൾ ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻ വഴിയും ഡോളർ രൂപ സ്വാപ്പ് വഴിയും കൂടുതൽ ലഭ്യമാക്കുന്ന 1.5 ലക്ഷം കോടി രൂപയാണ്.
വായ്പകൾ നൽകാൻ കഴിയുമെങ്കിലും ബാങ്കുകളുടെ ലാഭം കുറഞ്ഞു തന്നെ ഇരിക്കും. ബാങ്കുകൾക്ക് ഇതൊരു ഞാണിന്മേൽ കളിയാകും.
വളർച്ച തുടരുമോ?
സാമ്പത്തിക വളർച്ച ഈ വർഷം നേരത്തെ കണക്കുകൂട്ടിയിരുന്ന 6.8 ശതമാനത്തിൽനിന്നു ഉയർന്ന് 7.3 ശതമാനത്തിൽ എത്തുമെന്ന് കണക്കാക്കുന്നു. ഇന്നുള്ള 8.2 ശതമാനത്തിനു താഴെയാണിത്. അതിനർത്ഥം വിദേശ വ്യാപാരത്തിൽ, പ്രത്യകിച്ചും സാധനങ്ങളുടെ കയറ്റുമതിയിൽ, കുറവുണ്ടാകും എന്ന് തന്നെയാണ്. അതിൽ പ്രധാനപ്പെട്ടത് അമേരിക്കൽ തീരുവ തന്നെയാവും. ഇക്കാര്യത്തിൽ എന്തെങ്കിലും അയവുണ്ടായാൽ അത് വളർച്ചയെ കൂടുതൽ സഹായിക്കും. അങ്ങനെയെങ്കിൽ, അതൊരു ബോണസ്സായി കരുതാം.
