ചെറുകിട സംരംഭങ്ങളുടെ വായ്പ അര്‍ഹത മെച്ചപ്പെടുത്താന്‍ 4 വഴികള്‍

Update: 2025-05-20 12:13 GMT

ബിസിനസ് വായ്പകള്‍ നേടിയെടുക്കുക എന്നത് ഇന്നും പല സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ സംബന്ധിച്ചും വലിയൊരു വെല്ലുവിളിയാണ്. ഈ സംരംഭങ്ങള്‍ക്ക് യഥാര്‍ത്ഥത്തിലുള്ള സാമ്പത്തിക സാധ്യതകള്‍ രേഖകളില്‍ സമര്‍പ്പിക്കാനാവാത്തതാവും പലപ്പോഴും പ്രശ്നമാകുന്നത്. പല ചെറുകിട സംരംഭകരും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വളരെ ഊര്‍ജ്ജസ്വലരായി മുഴുകിയിരിക്കുമ്പോള്‍ പോലും അവരുടെ വായ്പ അര്‍ഹത മെച്ചപ്പെടുത്തുന്ന രീതിയിലെ സാമ്പത്തിക ശീലങ്ങള്‍ക്ക് വലിയ പരിഗണന നല്‍കാത്തതാണ് വലിയൊരു പ്രശ്നം.

സിസിആര്‍ എന്നറിയപ്പെടുന്ന സിബില്‍ റാങ്ക് ആന്‍റ് കമ്പനി ക്രെഡിറ്റ് റിപ്പോര്‍ട്ടു പരിശോധിക്കുന്ന രീതിയാണ് പല വായ്പ ദാതാക്കള്‍ക്കുമുള്ളത്. അതിന്‍റെ അടിസ്ഥനത്തിലാവും നഷ്ട സാധ്യതകള്‍ അവലോകനം ചെയ്യുന്നതും ബിസിനസിന്‍റെ വിശ്വാസ്യത വിലയിരുത്തുന്നതും. ഈ സുചികകള്‍ ഉപയോഗിച്ച് ബാങ്കുകളും എന്‍ബിഎഫ്സികളും ഇത്തരം സംരംഭങ്ങളുടെ തിരിച്ചടവു ശേഷി കണക്കാക്കും. സാമ്പത്തിക അച്ചടക്കം, നഷ്ട സാധ്യതകള്‍ തുടങ്ങിയവയും ഇതിലൂടെയാവും വിലയിരുത്തുക. മികച്ച സാമ്പത്തിക അടിത്തറയുണ്ടെന്നു കണ്ടാല്‍ വായ്പ അര്‍ഹത വര്‍ധിക്കുക മാത്രമല്ല, കൂടുതല്‍ മെച്ചപ്പെട്ട പലിശ നിരക്കുകള്‍ ലഭിക്കുകയും തിരിച്ചടവു വ്യവസ്ഥകള്‍ മികച്ച രീതിയിലാക്കുകയും ചെയ്യാനാവും.

ചെറുകിട സംരംഭകര്‍ക്ക് എങ്ങനെ തങ്ങളുടെ വായ്പ അര്‍ഹത മെച്ചപ്പെടുത്താനാവും എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. ക്യാഷ് ഫ്ളോ അച്ചടക്കം, സാമ്പത്തിക കാര്യങ്ങളുടെ ഡോക്യുമെന്‍റേഷന്‍, വായ്പ ആസൂത്രണം തുടങ്ങിയവയാണ് സിബില്‍ റാങ്കില്‍ നിര്‍ണായകമായ ഘടകങ്ങള്‍. അവ എങ്ങനെ മെച്ചപ്പെടുത്താം എന്നാണു നോക്കേണ്ടത്.

ക്യാഷ് ഫ്ളോയുടെ കാര്യത്തില്‍ ശക്തമായ അച്ചടക്കം വേണം

ഏതൊരു ബിസിനസിന്‍റേയും ജീവനാഡിയാണ് ക്യാഷ് ഫ്ളോ. രേഖകളില്‍ ബിസിനസ് ലാഭത്തിലാണെങ്കിലും മോശമായ ക്യാഷ് ഫ്ളോ മാനേജുമെന്‍റ് സാമ്പത്തിക അസ്ഥിരതയിലേക്കു നിക്കാം. വായ്പകള്‍ സുരക്ഷിതമല്ലെന്നതാവും വായ്പ ദാതാക്കള്‍ക്ക് ഇതിലൂടെ നേരിടേണ്ടി വരുന്ന അവസ്ഥ. ഇന്‍വോയ്സുകള്‍ കൃത്യമായി അയക്കുക, ഉപഭോക്താക്കളുമായുള്ള പണമടക്കല്‍ വ്യവസ്ഥകള്‍ കൃത്യമായി നിശ്ചയിക്കുക, കാലതാമസം ഒഴിവാക്കാന്‍ സ്ഥിരമായി അവ പരിശോധിക്കുക തുടങ്ങിയവ സുഗമമായ ക്യാഷ് ഫ്ളോ ഉറപ്പാക്കാന്‍ സഹായിക്കും. ക്യാഷ് റിസര്‍വ് സൂക്ഷിക്കുന്നത് പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ സാമ്പത്തിക അടിത്തറ പോലെ സഹായകമാകും. അപ്രതീക്ഷിത ചെലവുകള്‍ നേരിടാനും ബുദ്ധിമുട്ടുള്ള അവസരങ്ങളില്‍ ബിസിനസ് മുന്നോട്ടു പോകുന്നു എന്നുറപ്പാക്കാനും ഇതു സഹായകമാകും.

സ്ഥിരമായതും മാറിക്കൊണ്ടിരിക്കുന്നതുമായ ചെലവുകള്‍ സ്ഥിരമായി പരിശോധിച്ചു കൊണ്ടിരിക്കുന്നത് പ്രവര്‍ത്തനത്തെ ഇവ ബാധിക്കാതെ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ ഏറെ പ്രധാനപ്പെട്ടതാണ്. വ്യക്തിപരമായ സാമ്പത്തിക കാര്യങ്ങളും ബിസിനസ് സംബന്ധിച്ച സാമ്പത്തിക കാര്യങ്ങളും കൂട്ടിക്കുഴക്കരുത് എന്നതും ഏറെ നിര്‍ണായകമാണ്. പ്രത്യേകമായ ബിസിനസ് ബാങ്ക് അക്കൗണ്ട് സാമ്പത്തിക രേഖകള്‍ കൃത്യമായി മുന്നോട്ടു കൊണ്ടു പോകാന്‍ സഹായിക്കും. വായ്പ ദാതാക്കളില്‍ നിന്നുള്ള അര്‍ഹത മെച്ചപ്പെടുത്താനും ഇതു സഹായിക്കും. ഇവയെല്ലാം നിങ്ങളുടെ ബിസിനസിന്‍റെ സിസിആറില്‍ പ്രതിഫലിക്കുകയും സിബില്‍ റാങ്ക് മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും

ശക്തമായ വായ്പ പ്രൊഫൈല്‍ വളര്‍ത്തിയെടുക്കുക

ഒന്നു മുതല്‍ പത്തു വരെയുള്ള സിബില്‍ റാങ്ക് വായ്പ അനുമതികളുടെ കാര്യത്തില്‍ ഏറെ നിര്‍ണായകമാണ്. ഏറ്റവും കുറഞ്ഞ നഷ്ട സാധ്യത കാട്ടുന്ന ഒന്നാമത്തെ റാങ്കാണ് ഏറ്റവും മികച്ചത്. പത്താമത്തെ റാങ്ക് നഷ്ട സാധ്യത ഏറ്റവും കൂടുതലുള്ളവയ്ക്കും. സിബില്‍ റാങ്കും സിസിആറും സ്ഥിരമായി നിരീക്ഷിച്ച് അവയില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ അവ ഉടന്‍ പരിഹരിക്കണം.

വായ്പകളും മറ്റും കൃത്യമായി തിരിച്ചടക്കുന്നത് സിബില്‍ റാങ്കില്‍ ക്രിയാത്മകമായി പ്രതിഫലിക്കും. സ്ഥിരത ഉറപ്പാക്കാന്‍ പണമടക്കല്‍ ഓട്ടോമേറ്റ് രീതിയിലാക്കണം. അനാവശ്യമായ വായ്പ അന്വേഷണങ്ങള്‍ ഒഴിവാക്കുക തന്നെ വേണം. ആവശ്യമുള്ളപ്പോള്‍ മാത്രം വായ്പ ദാതാക്കളെ തിരയുകയും അപേക്ഷിക്കുകയും ചെയ്യുന്നതാവണം രീതി. വിവിധ രീതികളിലെ വായ്പകള്‍ സംയോജിപ്പിച്ച് ഉപയോഗിക്കുന്നത് വിവിധ രീതികളിലെ വായ്പകള്‍ കൈകാര്യം ചെയ്യാന്‍ ബിസിനസിനു കഴിയുമെന്നു സൂചിപ്പിക്കുന്നതാണ്. വര്‍ക്കിങ് ക്യാപിറ്റല്‍ വായ്പകള്‍, ടേം വായ്പകള്‍, ട്രെഡ് വായ്പകള്‍ തുടങ്ങിയവ ഇങ്ങനെ ഒരേ സമയം പ്രയോജനപ്പെടുത്താം.

രേഖകള്‍ കൃത്യമാക്കുക

കൃത്യമായ സാമ്പത്തിക രേഖകള്‍ ഇല്ലാത്തതാണ് പലപ്പോഴും എംഎസ്എംഇ വിഭാഗത്തിലെ ബിസിനസുകള്‍ക്ക് വായ്പകള്‍ ലഭിക്കാതിരിക്കാന്‍ ഇടയാക്കുന്നത്. പൂര്‍ണമല്ലാത്തതോ കൃത്യമായ ഘടനയില്ലാത്തതോ ആയ സാമ്പത്തിക രേഖകള്‍ ഇങ്ങനെ പ്രശ്നമാകും. കൃത്യമായി സൂക്ഷിച്ച ബാലന്‍സ് ഷീറ്റ്, ലാഭ-നഷ്ട സ്റ്റേറ്റ്മെന്‍റ്, ടാക്സ് ഫയലിങ് തുടങ്ങിയവ സംരംഭത്തിനുണ്ടായിരിക്കണം.

ജിഎസ്ടിയും ആദായ നികുതിയും കൃത്യമായി അടക്കുക, ബാങ്ക് സ്റ്റേറ്റ്മെന്‍റുകള്‍ സൂക്ഷിക്കുക, എല്ലാ ബിസിനസ് ഇടപാടുകളും രേഖയിലാക്കുക, വസ്തു ഈടില്ലാത്ത വായ്പകള്‍ പ്രയോജനപ്പെടുത്തുക തുടങ്ങിയവയ്ക്ക് അതിന്‍റേതായ പ്രാധാന്യമുണ്ട്.

വായ്പകള്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തി നേട്ടമുണ്ടാക്കാം

ബിസിനസ് വളര്‍ച്ചയ്ക്കായി വായ്പകള്‍ തന്ത്രപരമായി പ്രയോജനപ്പെടുത്തുന്നതും നിര്‍ണായകമാണ്. പുതിയ സാങ്കേതികവിദ്യകള്‍, പ്രവര്‍ത്തന മൂലധനം കൈകാര്യം ചെയ്യല്‍ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുമ്പോഴും അവ ആവശ്യമാണോ എന്ന് വിലയിരുത്തണം. അനിവാര്യമായ വായ്പകള്‍ മാത്രം ഉപയോഗിക്കുക എന്നതാവണം നയം. ബിസിനസ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോഴും ഏറെ ശ്രദ്ധ പുലര്‍ത്തണം.

- ഭൂഷണ്‍ പാഡ്കില്‍

സീനിയര്‍ വൈസ് പ്രസിഡന്‍റും ഡയറക്ട് ടു കണ്‍സ്യൂമര്‍ ബിസിനസ് മേധാവിയും

ട്രാന്‍സ്യൂണിയന്‍ സിബില്‍

Tags:    

Similar News