6 Dec 2025 8:31 PM IST
ഹൃദ്രോഗചികില്‍സാ രംഗത്ത് ചരിത്രപരമായ മുന്നേറ്റം നടത്തി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി. കടുത്ത ഹൃദ്രോഗിയായ 83 വയസുകാരനെ ആധുനിക ചികില്‍സാ സംവിധാനമായ ഇംപെല്ലാ സി.പി സ്മാര്‍ട്ട് അസിസ്റ്റ് സംവിധാനത്തിന്റെ സഹായത്തോടെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. മെഡിക്കല്‍ ട്രസ്റ്റ് സൗത്ത് ബ്ലോക്കിലെ കാത്ത്ലാബില് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ആയ ഡോ. രാജ ശേഖര്‍ വര്‍മ്മയുടെ നേതൃത്വത്തിലാണ് ആഗോളതലത്തില്‍ ലഭ്യമായ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് കേരളത്തിലെ ഹൃദ്രോഗചികില്‍സാ രംഗത്ത് പുതിയ ചരിത്രം കുറിച്ചത്. ഇംപെല്ലാ സി.പി സ്മാര്‍ട്ട് അസിസ്റ്റ് ഉപയോഗിച്ച് നടത്തിയ കേരളത്തിലെ മൂന്നാമത്തെയും മധ്യകേരളത്തില്‍ ആദ്യത്തേതുമാണ് മെഡിക്കല്‍ ട്രസ്റ്റില്‍ നടത്തിയ ചികില്‍സ.
ഹൃദ്രോഗത്തെ തുടര്‍ന്ന് 1989ല്‍ കൊറോണറി ആര്‍ട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് (സിഎബിജി) ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയായിരുന്നു പാലക്കാട് സ്വദേശിയായ 83 കാരനായ രോഗി. എന്നാല്‍ പിന്നീട് ബൈപാസ് ഗ്രാഫ്റ്റുകള്‍ അടഞ്ഞുപോയതോടെ നിരന്തരമായ നെഞ്ചുവേദന ഇദ്ദേഹത്തെ വിടാതെ പിന്തുടര്ന്നു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള നിരവധിയായ ശാരീരിക പ്രശ്നങ്ങള്‍, ഹൃദയത്തിലെ ഗുരുതരമായ ഒന്നിലധികം ബ്ലോക്കുകള്‍, ഹൃദയത്തിന്റെ ദുര്‍ബലമായ പമ്പിംഗ് ശേഷി, ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന കിഡ്നി, കരള്‍ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടികൊണ്ടിരിക്കുന്ന രോഗിയില്‍ വീണ്ടുമൊരു ഹൃദ്രോഗ ശസ്ത്രക്രിയ എന്നത് കടുത്ത വെല്ലുവിളി നിറഞ്ഞതായിക്കുമെന്ന് ഡോ. രാജ ശേഖര്‍ വര്‍മ്മ, ഡോ. പി.വി ലൂയിസ്, ഡോ. എസ്. ശാലിനി (അനസ്തേഷ്യ), ഡോ. അരുണ്‍കുമാര്‍ ഗോപാലകൃഷ്ണ പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ മെഡിക്കല്‍ സംഘം വിലയിരുത്തി. തുടര്‍ന്നാണ് അതി നൂതന സാങ്കേതികവിദ്യയായ ഇംപെല്ലാ സി.പി സ്മാര്‍ട്ട് അസിസ്റ്റിന്റെ സഹായത്താല്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്യാന്‍ തീരുമാനിച്ചത്.
സങ്കീര്‍ണ്ണമായ ആന്ജിയോപ്ലാസ്റ്റിയിലുടനീളം ഇംപെല്ല സി.പി. സ്മാര്‍ട്ട് ഉപയോഗിച്ച് യാന്ത്രിക രക്തചംക്രമണം നടത്തിക്കൊണ്ട് ഹൃദയത്തിലെ അപകടകരമായ ബ്ലോക്കുകള്‍ സുരക്ഷിതമായി നീക്കം ചെയ്യാനും അതുവഴി സങ്കീര്‍ണതകള്‍ കുറച്ച് രോഗിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാനും സാധിച്ചു. ഗുരുതരമായി കാല്‍സ്യം അടിഞ്ഞ് കൂടി ബ്ലോക്കായ രക്തക്കുഴലുകളിലൂടെയുള്ള സുഗമമായ രക്തപ്രവാഹത്തിന് ഹൈ ഡെഫനിഷന്‍ ഇന്‍ട്രാവാസ്കുലര്‍ അള്‍ട്രാസൗണ്ട് (എച്ച്ഡി ഐവയുഎസ്), റോട്ടാബ്ലേഷന്‍ പോലുള്ള നൂതന സാങ്കേതിക വിദ്യകളും ചികില്‍സയില്‍ ഉള്‍പ്പെടുത്തി. വലത് കൊറോണറി ധമനിയില്‍ ഗുരുതരമായ വിധത്തില്‍ അടിഞ്ഞു കൂടിയ കൊഴുപ്പ് നീക്കം ചെയ്യുന്നതിനായി റെട്രോഗ്രേഡ് ആന്‍ജിയോപ്ലാസ്റ്റിയും നടത്തി.
ഈ നേട്ടം രോഗിക്ക് ഒരു പുതിയ ജീവിതം നല്‍കുക മാത്രമല്ല, കേരളത്തിലെ ഹൃദയ ചികില്‍സാ രംഗത്തിന് പുതിയ ദിശാബോധം കൂടിയാണ് നല്‍കിയിരിക്കുന്നതെന്ന് ചികില്‍സയ്ക്ക് നേതൃത്വം നല്കിയ ഡോ. രാജ ശേഖര്‍ വര്‍മ്മ പറഞ്ഞു. രോഗികളുടെ പ്രായമോ സങ്കീര്‍ണതകളോ പരിഗണിക്കാതെ തന്നെ ഇംപെല്ലാ സി.പി സ്മാര്‍ട്ട് അസിസ്റ്റ് വഴി ചികില്‍സ ഫലപ്രദമാക്കാനും അതുവഴി ജീവിതം തിരികെ പിടിക്കാനും സാധിക്കുമെന്നും ഡോ. രാജ ശേഖര്‍ വര്‍മ്മ പറഞ്ഞു. മരണത്തെ മുഖാമുഖം കണ്ട 83 വയസുള്ള രോഗിയെ അപൂര്‍വ്വമായ ചികില്‍സാ സംവിധാനത്തിലൂടെ ജീവിതത്തിലേക്ക് മടക്കികൊണ്ടു വന്ന മെഡിക്കല്‍ സംഘത്തെ അഭിനന്ദിക്കുന്നതായി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.വി ലൂയിസ് പറഞ്ഞു. നൂതന ചികില്‍സാ സംവിധാനത്തിലൂടെ ഹൃദ്രോഗത്തിന് എന്നും മികച്ച ചികില്‍സ നല്കിക്കൊണ്ടിരിക്കുന്ന മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവലാണിതെന്നും ഡോ. പി.വി ലൂയിസ് പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
