ബാങ്കുകള്‍ വീടിന് ഓടാമ്പലിടുമ്പോള്‍, കിടപ്പാടം വിഴുങ്ങുന്ന സര്‍ഫാസി

വലിയ സാമ്പത്തിക ഞെരുക്കം സൃഷ്ടിച്ച വര്‍ഷങ്ങളാണ് കോവിഡ് മഹാമാരി പ്രതിസന്ധി രൂക്ഷമായിരുന്ന 2020, 2021 കാലയളവ്. ഇപ്പോഴും അതിന്റെ ആഘാതം തീര്‍ത്തും കുറഞ്ഞിട്ടില്ല. ഇന്ത്യയുടെ കാര്യമെടുത്താല്‍ 2015 മുതല്‍ തന്നെ പല തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. 2019 ആയപ്പോഴേയ്ക്കും രാജ്യത്തെ ഗ്രാമ-നഗര മേഖലകളെ ഒരു പോലെ സാമ്പത്തിക മാന്ദ്യം ബാധിച്ചിരുന്നു. ഇതിനിടയിലാണ് കോവിഡ് വന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനം ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ചു ശതമാനത്തിലേക്ക്

Update: 2022-04-04 04:00 GMT

വലിയ സാമ്പത്തിക ഞെരുക്കം സൃഷ്ടിച്ച വര്‍ഷങ്ങളാണ് കോവിഡ് മഹാമാരി പ്രതിസന്ധി രൂക്ഷമായിരുന്ന 2020, 2021 കാലയളവ്. ഇപ്പോഴും അതിന്റെ ആഘാതം തീര്‍ത്തും കുറഞ്ഞിട്ടില്ല. ഇന്ത്യയുടെ കാര്യമെടുത്താല്‍ 2015 മുതല്‍ തന്നെ പല തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. 2019 ആയപ്പോഴേയ്ക്കും രാജ്യത്തെ ഗ്രാമ-നഗര മേഖലകളെ ഒരു പോലെ സാമ്പത്തിക മാന്ദ്യം ബാധിച്ചിരുന്നു. ഇതിനിടയിലാണ് കോവിഡ് വന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനം ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ചു ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു. അടിസ്ഥാന വ്യവസായങ്ങളുടെ വളര്‍ച്ച താഴേയ്ക്ക് പോയതോടെ ബിസിനസ് തകര്‍ച്ച, തൊഴില്‍ നഷ്ടം എന്നിവ പെരുകി.

സാധാരണക്കാരെയാണ് ഇതും വലിയ തോതില്‍ ബാധിച്ചത്. പലരുടെയും തൊഴില്‍ നഷ്ടപ്പെട്ടു. ഒട്ടനവധി സംരഭങ്ങള്‍ക്ക് പൂട്ടു വീണു. ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതാവുകയോ പകുതിയായി കുറയുകയോ ചെയ്തു. ഇതിനിടയല്‍ കേന്ദ്രസര്‍ക്കാര്‍ വായ്പാ മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും അത് തൊലിപുറമേയുള്ള ചികിത്സയായിരുന്നു. ആറു മാസത്തേയ്ക്കാണ് രണ്ട് ഘട്ടങ്ങളിലായി മൊറട്ടോറിയം അനുവദിച്ചത്. എന്നാല്‍ ഇത് ഫലത്തില്‍ ഇരുട്ടടിയായി. മൊറട്ടോറിയം കാലം കഴിഞ്ഞതോടെ വായ്പ കുടിശിക ഉയരുകയാണ് ഉണ്ടായിരുന്നത്. ഈ കാലഘട്ടത്തിലെ പലിശ ഒഴിവാക്കി നല്‍കണെമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല. ഫലത്തില്‍ കൂട്ടുപലിശ മാത്രം ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ തടയൂരുകയായിരുന്നു.

കൂട്ടുപലിശ മാത്രം ഒഴിവാക്കിയത് കൊണ്ട് സാധാരണക്കാരന്റെ വായ്പാ ഭാരം കുറഞ്ഞില്ല. മാത്രമല്ല കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൂടി കടുത്തതോടെ നല്ലൊരു വിഭാഗം ആള്‍ക്കാര്‍ക്കും വരുമാനം എന്നത് നിലയ്ക്കുകയും വായ്പാ തിരിച്ചടവിനുള്ള വഴി അടയുകയുമായിരുന്നു. സാധാരണക്കാര്‍ക്ക് ദിവസേന ജീവിച്ച് പോകാനുള്ള മാര്‍ഗം അടഞ്ഞ അവസ്ഥയിലാണ് സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ സര്‍ഫാസി നിയമത്തിന്റെ പിന്‍ബലത്തില്‍ സാധാരണക്കാരന് മേല്‍ ജപ്തി ഭീഷണിയുയര്‍ത്തുന്നത്.

മൂവാറ്റുപുഴ ജപ്തി വിവാദം

2017ല്‍ ക്യാമറ വാങ്ങുന്നതിനായി പേഴയ്ക്കാപ്പിള്ളി സ്വദേശി അജേഷ് മൂവാറ്റുപുഴ അര്‍ബന്‍ സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്തിരുന്നു. ഹൃദ്രോഗം മൂലമുള്ള ചികിത്സാ ചെലവുകള്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍, തൊഴിലില്ലായ്മ എന്നിവയ്ക്കിടയില്‍ ജീവിതം ഞെരുങ്ങി മുന്നോട്ട് പോകുമ്പോഴാണ് കോവിഡ് മഹാമാരിയും അജേഷിന്റെ കുടുംബത്തിന്റെ താളം തെറ്റിച്ചത്.

വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ സര്‍ഫാസി നിയമത്തിന്റെ പിന്‍ബലത്തില്‍ ബാങ്ക് അധികൃതരെത്തി അജേഷിന്റെ വീട് ജപ്തി ചെയ്തു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ സ്ഥലത്തെത്തി കുടുംബത്തിന് സുരക്ഷ നല്‍കുമെന്ന് പ്രഖ്യാപിച്ചതോടെ സര്‍ഫാസി നിയമത്തെ ആയുധമാക്കി ജപ്തി നടപടിയുമായി ഇറങ്ങുന്ന ധനകാര്യ സ്ഥാപനങ്ങളുടെ ക്രൂരത വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയാണ്. സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്താലും സര്‍ഫാസി നിയമത്തിന്റെ പരിധിയില്‍ വരുമെന്ന്് സുപ്രീം കോടതി വിധി വന്നിരുന്നു.

സര്‍ഫാസി 'കുരുക്കോ' ?

വായ്പ തിരിച്ചടവ് മുടങ്ങിയവര്‍ക്കെതിരെ ബാങ്കുകള്‍ പ്രയോഗിക്കുന്ന ശക്തമായൊരു ആയുധമാണ് സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസ്സെറ്റ്സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട് അഥവാ സര്‍ഫാസി ആക്ട് 2002. വിവിധ ആവശ്യങ്ങള്‍ക്കായി എടുക്കുന്ന വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വരുന്നതോടെ ധനകാര്യ സ്ഥാപനങ്ങള്‍ അവയെ നിഷ്‌ക്രിയ ആസ്തിയായി (എന്‍പിഎ) കണക്കാക്കും. മൂന്നു മാസതവണ വായ്പ തിരിച്ചടവ് മുടക്കുന്നവരുടെ നിഷ്‌ക്രിയ ആസ്തികള്‍ ലേലം ചെയ്യാന്‍ സര്‍ഫാസി നിയമം ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും അധികാരപ്പെടുത്തുന്നു.

നിഷ്‌ക്രിയ ആസ്തിയായ വായ്പകളില്‍ ബാങ്ക് ഡിമാന്റ് നോട്ടീസ് തയ്യാറാക്കി വായ്പക്കാരനോ ജാമ്യക്കാരനോ രജിസ്ട്രേഡ് തപാല്‍ അയക്കും. നോട്ടീസ് കൈപ്പറ്റിയ തീയതി മുതല്‍ 60 ദിവസത്തേക്ക് തുക തിരിച്ചടയ്ക്കാന്‍ വായ്പ എടുത്ത ആള്‍ക്ക് അവസരം നല്‍കും. പറഞ്ഞ കാലാവധിക്കുള്ളില്‍ തിരിച്ചടച്ചില്ലെങ്കില്‍ ആര്‍ബിഐയുടെ മേല്‍നോട്ടത്തില്‍ രജിസ്ട്രേഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് അസറ്റ് റീകണ്‍ട്രക്ഷന്‍ കമ്പനികള്‍ വഴി ലേല നടപടികള്‍ ആരംഭിക്കും.

സാധാരണക്കാര്‍ക്ക് ഇന്നും ഭീഷണി

വീടുനിര്‍മ്മാണം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ അടിസ്ഥാനാവശ്യങ്ങക്കായി വായ്പയെടുക്കുന്ന സാധാരണക്കാര്‍ക്കെതിരെ ഈ നിയമം ഉപയോഗിക്കുവാനാണ് പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ താല്‍പ്പര്യപ്പെടുന്നത്. വായ്പക്കെണിയില്‍ കുടുങ്ങിയ ഒട്ടേറെ സാധാരണക്കാര്‍ സര്‍ഫാസി നിയമത്തിന്റെ പിടിയില്‍ അകപ്പെട്ട് ജപ്്തിയും കുടിയിറക്കല്‍ ഭീഷണിയും നേരിടുന്നുണ്ട്. സര്‍ഫാസി നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ്, ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ കോടതികളില്‍ സിവില്‍ സ്യൂട്ടുകളെ ആശ്രയിക്കേണ്ടി വന്നിരുന്നു.

എന്നാല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നതോടെ കോടതി നടപടികള്‍ ഇല്ലാതെ തന്നെ ബാങ്കുകള്‍ക്ക് നേരിട്ട് ജപ്തി നടപടികളിലേക്ക് കടക്കാമെന്നായി. സഹകരണ ബാങ്കുകളില്‍ നിന്നും വായ്പകള്‍ക്ക് മേല്‍ ജപ്തി നടപടികള്‍ ശക്തമാകുകയാണ്. 2018 മുതല്‍ മാര്‍ച്ച് 17 വരെ 5266 വസ്തുവകകള്‍ക്ക് മേല്‍ സഹകരണ ബാങ്കുകള്‍ സര്‍ഫാസി നിയമ പ്രകാരം ജപ്തി നടപടികള്‍ തുടങ്ങിയെന്നാണ് കണക്കുകള്‍. ഇക്കാലയളവില്‍ 68357 ജപ്തി നോട്ടീസുകളാണ് വായ്പ എടുത്തവര്‍ക്ക് സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകള്‍ അയയ്ച്ചത്.

സര്‍ഫാസി നിമയത്തിന്റെ പരിധിയില്‍ നിന്നും സഹകരണ ബാങ്കുകളെ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് ഈ നിയമപ്രകാരമുള്ള നടപടികള്‍ മൂലം സംസ്ഥാനത്തുണ്ടായ അവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ എന്ന പരിധി മാറ്റി പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ക്കേ നിയമം ബാധകമാവൂ എന്ന് ഭേദഗതി വരുത്തണമെന്നും കമ്മറ്റി ശുപാര്‍ശ ചെയ്തിരുന്നു. സംസ്ഥാനത്ത് സഹകരണ ബാങ്കുകളില്‍ നിന്നും സാധാരണക്കാരെടുത്തിരിക്കുന്ന ഭൂരിഭാഗം വായ്പകളും പത്തു ലക്ഷം രൂപയ്ക്ക് താഴെയാണെന്നും ഓര്‍ക്കണം.

 

 

Tags:    

Similar News