ഇന്ത്യയുടെ ആക്രമണത്തില്‍ നൂറ് ഭീകരര്‍ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രി

  • സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാരിന് പൂര്‍ണപിന്തുണ
  • പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കും
  • 'ഓപ്പറേഷന്‍ സിന്ദൂര്‍' ഒരു തുടര്‍ച്ചയായ പ്രവര്‍ത്തനമെന്ന് കിരണ്‍ റിജിജു

Update: 2025-05-08 10:05 GMT

ഇന്ത്യ നടത്തിയ ആക്രമണത്തില്‍ നൂറ് പാക് ഭീകരര്‍ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.പാര്‍ലമെന്റില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇനി പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും പ്രകോപനം ഉണ്ടായാല്‍ ഇന്ത്യ തിരിച്ചടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായ യോഗത്തില്‍ 'ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച്' നേതാക്കള്‍ക്ക് അദ്ദേഹം വിശദീകരിച്ചു.നിര്‍ണായകഘട്ടത്തില്‍ പ്രതിപക്ഷം പക്വത കാണിച്ചു.ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം സായുധ സേനയെ എല്ലാവരും അഭിനന്ദിക്കുകയും ചെയ്തു- പ്രതിരോധ മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സര്‍ക്കാരിനുള്ള പിന്തുണ ആവര്‍ത്തിച്ചു. 'പ്രതിസന്ധിയുടെ സമയത്ത്, ഞങ്ങള്‍ സര്‍ക്കാരിനൊപ്പമാണ്' എന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, എസ് ജയ്ശങ്കര്‍, ജെ പി നദ്ദ, നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ചു. കോണ്‍ഗ്രസില്‍ നിന്ന് രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സന്ദീപ് ബന്ദോപാധ്യായ, ഡിഎംകെയുടെ ടി ആര്‍ ബാലു എന്നിവര്‍ യോഗത്തിലെ പ്രധാന പ്രതിപക്ഷ നേതാക്കളില്‍ ഉള്‍പ്പെടുന്നു. സമാജ്വാദി പാര്‍ട്ടിയുടെ രാം ഗോപാല്‍ യാദവ്, എഎപിയുടെ സഞ്ജയ് സിംഗ്, ശിവസേനയുടെ (യുബിടി) സഞ്ജയ് റൗട്ട്, എന്‍സിപി (എസ്പി) യുടെ സുപ്രിയ സുലെ, ബിജെഡിയുടെ സസ്മിത് പത്ര, സിപിഐഎമ്മിന്റെ ജോണ്‍ ബ്രിട്ടാസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ജെഡി(യു) നേതാവ് സഞ്ജയ് ഝാ, കേന്ദ്രമന്ത്രിയും എല്‍ജെപി (റാം വിലാസ്) നേതാവുമായ ചിരാഗ് പാസ്വാന്‍, എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസി എന്നിവരും യോഗത്തിനെത്തി.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സായുധ സേന നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തിലാണ് സര്‍വകക്ഷി യോഗം. അതേസമയം 'ഓപ്പറേഷന്‍ സിന്ദൂര്‍' ഒരു തുടര്‍ച്ചയായ പ്രവര്‍ത്തനമാണെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു സര്‍വകക്ഷി യോഗത്തിന് ശേഷം പറഞ്ഞു.

Tags:    

Similar News