6 Dec 2025 8:26 PM IST
ആഭ്യന്തര സര്‍വീസുകള്‍ക്കാണ് നിയന്ത്രണം. 500 കിലോമീറ്റര്‍ വരെ പരമാവധി 7,500 രൂപ വിമാനകൂലിയായി നിശ്ചയിച്ചു. ഇന്‍ഡിഗോ പ്രതിസന്ധിക്കിടെ എയര്‍ ഇന്ത്യ അടക്കം വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നടപടി.
500 - 1000 കിലോമീറ്റര്‍ വരെ പരമാവധി 12,000 രൂപ വരെ മാത്രമെ ടിക്കറ്റ് നിരക്ക് ഈടാക്കാന്‍ സാധിക്കുകയുള്ളൂ. 1000 - 1500 കിലോമീറ്റര്‍ വരെ 15,000 രൂപയും 1500 കിലോമീറ്റര്‍ ദൂരപരിധിക്ക് മുകളില്‍ 18,000 രൂപയും വിമാനക്കൂലി പരിധിയായി നിശ്ചയിച്ചു. നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണം ഉടന്‍ പ്രാബല്യത്തില്‍ വരും. നേരത്തെ കോവിഡ് കാലത്താണ് സമാനമായ നിയന്ത്രണം കേന്ദ്ര വ്യോമയാന മന്ത്രാലയം ഏര്‍പ്പെടുത്തിയത്. വിമാന കമ്പനികള്‍ അസാധാരണമായ വിധം ഉയര്‍ന്ന വിമാന കൂലി ഈടാക്കുന്നതിനെ കുറിച്ചുള്ള ആശങ്കകള്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് കൂടിയതില്‍ എയര്‍ ഇന്ത്യയുടെ വിശദീകരണം പുറത്തുവന്നു. ഡിസംബര്‍ നാല് മുതല്‍ ടിക്കറ്റ് വിലയില്‍ പരിധി ഏര്‍പ്പെടുത്തിയിരുന്നുവെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. പ്രീമിയം ഇക്കോണമി ക്ലാസ്, ബിസിനസ് ക്ലാസ് എന്നിവയില്‍ മാത്രമാണ് അവസാന നിമിഷം ടിക്കറ്റ് ലഭ്യമായിരിക്കുക. അതുകൊണ്ടാണ് നിരക്ക് ഉയര്‍ന്നുനില്‍ക്കുന്നതെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. തേര്‍ഡ് പാര്‍ട്ടി സൈറ്റുകളിലെ സ്‌ക്രീന്‍ ഷോട്ടുകളാണ് നിലവില്‍ പ്രചരിക്കുന്നതെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
സര്‍വീസ് റദ്ദാക്കല്‍ തുടരുന്നു
അതേസമയം, ഇന്നും ഇന്‍ഡിഗോയുടെ 600 അടുത്ത് സര്‍വീസുകള്‍ ഇന്നും റദ്ദാക്കി. വെള്ളിയാഴ്ചയിലേതിന് സമാനമായ പ്രതിസന്ധി ഇന്നുണ്ടാകില്ലെന്ന ഉറപ്പ് കമ്പനി പറഞ്ഞിരുന്നെങ്കിലും നിലവില്‍ സാഹചര്യം വിപരീതമാണ്. രാജ്യത്തെ മിക്ക വിമാനത്താവളങ്ങളില്‍ നിന്നും പുറപ്പെടേണ്ട വിമാനങ്ങള്‍ പുലര്‍ച്ചെ മുതല്‍ റദ്ദാക്കപ്പെട്ടു മുംബൈയില്‍ നിന്ന് 110 സര്‍വീസുകളും ബെംഗളൂരുവില്‍ നിന്ന് 125 സര്‍വീസുകളും ഡല്‍ഹിയില്‍ നിന്ന് 86 സര്‍വീസുകളും ഉച്ചവരെ റദ്ദാക്കിയതാണ് വിവരം. ഹൈദരബാദ് വിമാനത്താവളത്തില്‍ നിന്ന് 69 ഇന്‍ഡിഗോ വിമാനങ്ങളും അഹമ്മദബാദില്‍ 20ലേറെ സര്‍വീസുകളും റദ്ദാക്കപ്പെട്ടു.നചെന്നൈയില്‍ 30 സര്‍വീസുകളും തടസപ്പെട്ടു. കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം യാത്രക്കാര്‍ വലഞ്ഞു. തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന ആറ് സര്‍വീസുകള്‍ റദ്ദാക്കി. തിരുവനന്തപുരത്തേക്ക് വരേണ്ട 4 സര്‍വീസും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. കൊച്ചിയില്‍ 11 സര്‍വീസുകളും കോഴിക്കോടും കണ്ണൂരും ഓരോ സര്‍വീസ് വീതവും റദ്ദാക്കി.
ഡിസബംര്‍ 15 നുള്ളില്‍ പ്രതിസന്ധി തീരുമെന്നാണ് സൂചന. ഡിസംബര്‍ അഞ്ചിനും പതിനഞ്ചിനും ഇടയിലുള്ള ക്യാന്‍സലായ ടിക്കറ്റുകള്‍ക്ക് ഉടന്‍ റീഫണ്ട് ലഭ്യമാക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. DGCA പുറപ്പെടുവിച്ച ഡ്യൂട്ടി പരിഷ്‌കരണ ഉത്തരവ് പൂര്‍ണമായും പിന്‍വലിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വ്യോമയാനമന്ത്രാലയം തള്ളി. പൈലറ്റുമാരുടെ രാത്രി ഡ്യൂട്ടി, രാത്രി ലാന്‍ഡിങ് തുടങ്ങിയ വ്യവസ്ഥകളില്‍ ഇന്‍ഡിഗോയ്ക്ക് മാത്രം ഫെബ്രുവരി 10 വരെ ഇളവുകളുണ്ടാകുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. മറ്റ് വിമാനക്കമ്പനികള്‍ പരിഷ്‌കരിച്ച വ്യവസ്ഥകളെല്ലാം പാലിച്ച് സുഗമമായി തന്നെ സര്‍വീസ് നടത്തുന്നുണ്ടെന്നും വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു ഓര്‍മിപ്പിച്ചു. സുരക്ഷ മാനദണ്ഡങ്ങള്‍ ലക്ഷ്യമിട്ടുള്ള പരിഷ്‌കരണങ്ങളില്‍ ഇന്‍ഡിഗോയ്ക്ക് മാത്രം ഇളവ് നല്‍കിയതിന് എതിരെയും പ്രതിഷേധമുയരുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
