1 Dec 2025 5:14 PM IST
Summary
ഉല്‍പ്പാദന മേഖലയുടെ വളര്‍ച്ച നവംബറില്‍ ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍
രാജ്യത്തിന്റെ ഉല്‍പ്പാദന മേഖലയില്‍ മാന്ദ്യമെന്ന് എച്ച് എസ് ബി സി പിഎംഐ ഡേറ്റ. അമേരിക്കന്‍ താരിഫുകള്‍ ഡിമാന്‍ഡിനെ ബാധിച്ചുതുടങ്ങിയെന്നും റിപ്പോര്‍ട്ട്.
ഇന്ത്യയുടെ ഉല്‍പ്പാദന മേഖലയുടെ വളര്‍ച്ച നവംബറില്‍ ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. എച്ച് എസ് ബി സി ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്സിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പിഎംഐ ഒക്ടോബറിലെ 59.2 എന്ന ശക്തമായ നിലയില്‍ നിന്ന് നവംബറില്‍ 56.6 ആയി കുറഞ്ഞു. അമേരിക്കന്‍ താരിഫുകള്‍ ഡിമാന്‍ഡിനെ ബാധിച്ചുതുടങ്ങിയതിന്റെ ഞെട്ടിക്കുന്ന സൂചനയാണിതെന്നാണ് വിലയിരുത്തല്‍.
എങ്കിലും, തുടര്‍ച്ചയായ 53-ാം മാസവും പിഎംഐ 50 നിലവാരത്തിന് മുകളില്‍ നിലനില്‍ക്കുന്നത് ആശ്വാസകരമാണ്. കഴിഞ്ഞ പാദത്തില്‍ 8.2% എന്ന മികച്ച ജിഡിപി വളര്‍ച്ച രാജ്യം നേടിയിരുന്നു. എന്നാല്‍, ഈ വളര്‍ച്ചയ്ക്ക് യുഎസ് താരിഫുകള്‍ തിരിച്ചടിയായേക്കും.ട്രംപ് ഭരണകൂടം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 50% താരിഫുകളാണ് ഉല്‍പ്പന്ന ആവശ്യകത കുറയുന്നതിന് പ്രധാന കാരണം.
പുതിയ കയറ്റുമതി ഓര്‍ഡറുകളുടെ വളര്‍ച്ച ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്.ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ വില്‍പ്പന വര്‍ധനവിനിടയിലും അന്താരാഷ്ട്ര ഡിമാന്‍ഡ് കുറയുകയാണ്.
യുഎസിലേക്കുള്ള കയറ്റുമതിയില്‍ ഏകദേശം 9% വര്‍ഷാടിസ്ഥാനത്തില്‍ കുറവ് വന്നതോടെ ഇന്ത്യയുടെ വ്യാപാരക്കമ്മി റെക്കോര്‍ഡ് ഉയരത്തിലെത്തി.നവംബറിലെ പിഎംഐ, യുഎസ് താരിഫുകളാണ് ഉല്‍പ്പാദന വളര്‍ച്ച മന്ദഗതിയിലാക്കിയതെന്ന് സ്ഥിരീകരിക്കുന്നുവെന്ന് എച്ച്എസ്ബിസി ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റ് പ്രഞ്ജുല്‍ ഭണ്ഡാരിയും വ്യക്തമാക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
