30 Nov 2025 2:58 PM IST
Summary
ഭാവിയില്‍ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകരുടെ ഒഴുക്ക് പ്രതീക്ഷിക്കാം
ജിഡിപി ഡാറ്റയുടെ അടിസ്ഥാനത്തില്‍ ആഗോള സ്ഥാപനങ്ങള്‍ ഇന്ത്യയുടെ റേറ്റിംഗ് ഉടന്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. അന്താരാഷ്ട്ര നാണ്യ നിധി, മൂഡിസ്, ഫിച്ച് എന്നിവയുടെ റിപ്പോര്‍ട്ടുകളാണ് ഇനി പ്രതീക്ഷിക്കുന്നതെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
അതേസമയം എലാര സെക്യൂരിറ്റീസ് ഡെപ്യൂട്ടി മേധാവിയും സാമ്പത്തിക വിദഗ്ധയുമായ ഗരിമ കപൂര്‍ പറയുന്നത്, ശക്തമായ സര്‍ക്കാര്‍ മൂലധന വിനിയോഗവും കയറ്റുമതിയുടെ മുന്നേറ്റവുമാണ് ജിഡിപിയിലെ മുന്നേറ്റത്തിന് കാരണമെന്നാണ്. അതിനാല്‍ മുന്നോട്ടേക്ക് ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകരുടെ ഒഴുക്ക് പ്രതീക്ഷിക്കാം.
വിദേശികളുടെ ട്രെഡിങില്‍ 'ട്രെന്‍ഡ് റിവേഴ്‌സല്‍' ഉണ്ടാക്കുമെന്നും ബാസവ് ക്യാപിറ്റലിന്റെ സഹസ്ഥാപകനായ സന്ദീപ് പാണ്ഡെ വ്യക്തമാക്കി. കര്‍ശനമായ പണനയം നിലനില്‍ക്കുമ്പോഴാണ് ഈ വളര്‍ച്ച കൈവരിച്ചത്. ഒക്ടോബറില്‍ പണപ്പെരുപ്പം ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 0.25%-ലേക്ക് കുറഞ്ഞതിനാല്‍, ഡിസംബറിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രഖ്യാപനം വിപണിയ്ക്ക് നിര്‍ണായകമാണ്.
ജിഎസ്ടിയും കുറഞ്ഞ പണപ്പെരുപ്പവുമാണ് നിഫ്റ്റിയുടെ അടുത്ത റാലിക്കുള്ള പ്രധാന ഘടകങ്ങളായി കാണുന്നതെന്നുമാണ് ഇക്വിറ്റി സ്ട്രാറ്റജിസ്റ്റ് ക്രാന്തി ബാത്തിനി പറയുന്നത്. ഹ്രസ്വകാലത്തേക്ക് മിഡ്-ക്യാപ്, സ്‌മോള്‍-ക്യാപ് ഓഹരികളില്‍ ഡിമാന്‍ഡ് വര്‍ദ്ധിക്കുമെന്നാണ് ഫണ്ടമെന്റല്‍ ഇക്വിറ്റി അനലിസ്റ്റായ അവിനാഷ് ഗോരഖ്ഷ്‌കര്‍ പറയുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ പ്രധാന ബെഞ്ച്മാര്‍ക്ക് സൂചികകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നുവെങ്കിലും, മറ്റ് ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം നിലനിന്നിരുന്നു. ഇപ്പോള്‍, ശക്തമായ ജിഡിപി ഡാറ്റ വന്നതോടെ ദലാല്‍ സ്ട്രീറ്റില്‍ മുന്നേറ്റം പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഫലമായി, മിഡ്-ക്യാപ്, സ്‌മോള്‍-ക്യാപ് വിഭാഗങ്ങളിലെ 'വാല്യു പിക്കുകള്‍'ക്കായി ഡിമാന്‍ഡ് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം വ്യാവസായിക ഉല്‍പ്പാദന സൂചിക സെപ്റ്റംബര്‍ 2025-ല്‍ 4% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. മാനുഫാക്ചറിംഗ് മേഖലയുടെ വളര്‍ച്ച 4.8% ആണ്. സേവന മേഖലയും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. അതിനാല്‍ ഈ മേഖലകളിലെ ഓഹരികള്‍ ശ്രദ്ധാ കേന്ദ്രമായി മാറുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
