image

15 Dec 2025 3:03 PM IST

Economy

പകര തീരുവ വിലപ്പോയില്ല; കയറ്റുമതി പത്ത് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

MyFin Desk

പകര തീരുവ വിലപ്പോയില്ല;  കയറ്റുമതി പത്ത് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍
X

Summary

നവംബറില്‍ കയറ്റുമതി 38.13 ബില്യണ്‍ ഡോളറിലെത്തി


നവംബറില്‍ ഇന്ത്യയുടെ കയറ്റുമതി 10 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 38.13 ബില്യണ്‍ ഡോളറിലെത്തി. മുന്‍ വര്‍ഷത്തേക്കാള്‍ 19.37% വര്‍ധനവാണ് രേഖപ്പെടുത്തിയത്. എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങൾ, രത്‌നങ്ങള്‍, ആഭരണങ്ങള്‍, മരുന്നുകള്‍, ഫാര്‍മ തുടങ്ങിയ പ്രധാന മേഖലകളിലെ കയറ്റുമതിയാണ് വളര്‍ച്ചയ്ക്ക് കാരണമായത്.

നവംബറിലെ കയറ്റുമതിയിലെ മുന്നേറ്റം ഒക്ടോബറിലെ നഷ്ടം നികത്തി. യുഎസിലേക്കുള്ള കയറ്റുമതി, വാര്‍ഷികാടിസ്ഥാനത്തില്‍ 22% വളര്‍ച്ചയോടെ 6.97 ബില്യണ്‍ ഡോളറിലെത്തിയതായും വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു.

അതേസമയം സ്വര്‍ണം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, സസ്യ എണ്ണ, കല്‍ക്കരി എന്നിവയുടെ ഇറക്കുമതിയിൽ നവംബറിൽ ഇടിവ്. ഇറക്കുമതി 1.88% കുറഞ്ഞ് 62.66 ബില്യണ്‍ ഡോളറിലെത്തി.

ഉയർന്ന താരിഫ് ഏര്‍പ്പെടുത്തിയിട്ടും, യുഎസിലേക്കുള്ള കയറ്റുമതി നിലനിര്‍ത്താന്‍ രാജ്യത്തിന് കഴിയുന്നതായി അഗര്‍വാള്‍ പറഞ്ഞു. ഓഗസ്റ്റ് 27 മുതല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങിയതിന് 25 ശതമാനം പിഴ ഉള്‍പ്പെടെ 50 ശതമാനം തീരുവയാണ് യുഎസ് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയത്.

വ്യാപാര കരാർ നേട്ടമാകും

ഏപ്രില്‍-നവംബര്‍ കാലയളവില്‍ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 2.62% വര്‍ധിച്ച് 292.07 ബില്യണ്‍ ഡോളറിലെത്തി. അതേസമയം ഇറക്കുമതി 5.59% വര്‍ധിച്ച് 515.21 ബില്യണ്‍ ഡോളറിലെത്തി. യുഎസുമായുള്ള വ്യാപാര ചര്‍ച്ചകളും നയ പിന്തുണയും മൂലം കയറ്റുമതിയില്‍ വളര്‍ച്ച ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.