10 Dec 2025 7:37 PM IST
Summary
പലിശ കുറയുമ്പോള്‍ നിഫ്റ്റി ഇടിഞ്ഞതും ചരിത്രം
ഫെഡ് റിസര്‍വ് കാല്‍ ശതമാനം പലിശ കുറയ്ക്കാന്‍ സാധ്യത. ഇത് വിപണിയെ ബാധിച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. പലിശ കുറച്ചാല്‍ വിപണി കുതിച്ചുയരും എന്ന പ്രതീക്ഷ അധികം വേണ്ടെന്നാണ് ഇന്ത്യന്‍ നിക്ഷേപകരോട് വിദഗ്ധര്‍ പറയുന്നത്. പലിശ നിരക്ക് കുറയ്ക്കുമ്പോഴും വിപണിക്ക് കര്‍ശനമായ സന്ദേശം നല്‍കുന്ന 'ഹോക്കിഷ് കട്ട്' ആണ് പ്രതീക്ഷിക്കുന്നതെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു.
യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറച്ചാല്‍ സാധാരണ ഇന്ത്യ പോലുള്ള വളര്‍ന്നുവരുന്ന വിപണികള്‍ക്ക് അത് ശുഭവാര്‍ത്തയാണ്. കാരണം, കുറഞ്ഞ പലിശ, നിക്ഷേപകരെ ഉയര്‍ന്ന വരുമാനം നല്‍കുന്ന ഇന്ത്യന്‍ ഓഹരികളിലേക്കും ബോണ്ടുകളിലേക്കും ആകര്‍ഷിക്കും.
പക്ഷേ 2024 സെപ്റ്റംബര്‍ മുതല്‍ കഴിഞ്ഞ അഞ്ച് ഫെഡ് റേറ്റ് കട്ടുകള്‍ പരിശോധിച്ചാല്‍ അതില്‍ മൂന്ന് തവണയും പിറ്റേന്ന് തന്നെ നിഫ്റ്റി 50 ഇടിഞ്ഞു. ഒരു ആഴ്ചയ്ക്കുള്ളില്‍ അഞ്ച് തവണയില്‍ നാല് തവണയും നിഫ്റ്റി നഷ്ടത്തിലായി. 1.07% ആയിരുന്നു ശരാശരി നഷ്ടമെന്നും സാമ്പത്തിക വിദഗ്ധര്‍ ഓര്‍മപ്പെടുത്തുന്നുണ്ട്.
പലിശ കുറവ് ഇന്ത്യക്ക് നേട്ടമാകുന്നത് എപ്പോൾ?
ഫെഡ് കട്ട് ഇന്ത്യന്‍ വിപണിയെ സന്തോഷിപ്പിക്കാത്തതിന് നാല് കാരണങ്ങളും വിദഗ്ധർ സൂചിപ്പിക്കുന്നു. ഒന്നാമത്തേത് ചെറിയ നിരക്ക് കുറയ്ക്കലുകള്‍ അപ്രസക്തമാണെന്നതാണ്. ഫെഡ് വലിയ തോതിൽ നിരക്ക് കുറച്ചാൽ മാത്രമാണ് ഇന്ത്യന്‍ വിപണിക്ക് യഥാര്‍ത്ഥത്തില്‍ നേട്ടമാകുക.
രണ്ടാമതായി അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിലെ പ്രശ്നങ്ങളാണ്. യുഎസിലുള്ള കടുത്ത റേറ്റ് കട്ട് ചില പ്രശ്നങ്ങളുടെ സൂചനയാണ് .അതായത് സാമ്പത്തിക വളര്‍ച്ച ദുര്‍ബലമാകുമ്പോഴോ, പണപ്പെരുപ്പം ഉയരുമ്പോഴോ ആണ് പലിശ കുറയ്ക്കുന്നത്. ഓഹരികളും റിയല്‍ എസ്റ്റേറ്റും റെക്കോര്‍ഡ് ഉയരത്തില്‍ നില്‍ക്കുമ്പോള്‍ പലിശ കുറയ്ക്കുന്നത് സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാണ് എന്നതിന്റെ സൂചനയാണ്.
അപ്പോള്‍ അത് ഇന്ത്യന്‍ കയറ്റുമതിയെയും രൂപയുടെ മൂല്യത്തെയും ബാധിക്കും. ഇന്ത്യന്‍-യുഎസ് വിപണികള്‍ തമ്മിലെ ബന്ധം അത്ര ശക്തമല്ലെന്നതാണ് അടുത്തത്. ഉദാഹരണത്തിന്, യുഎസ് പലിശ നിരക്ക് 5.25% ആയി ഉയര്‍ന്നപ്പോള്‍ പോലും, കഴിഞ്ഞ 12 മാസങ്ങളില്‍ ഇന്ത്യന്‍ വിപണി റെക്കോര്‍ഡ് ഉയരത്തിലാണ് എത്തിയത്.യുഎസ് പലിശ നിരക്ക് വാർത്തകൾ പെട്ടെന്ന് ബാധിക്കുന്നത് കടപ്പത്ര നിക്ഷേപകരെയാണ്. ഓഹരി നിക്ഷേപകരെയല്ല. അവര്‍ ഇന്ത്യന്‍ ബോണ്ടുകളില്‍ പണം നിക്ഷേപിച്ചേക്കാം, പക്ഷേ ഇന്ത്യന്‍ ഓഹരികളിലേക്ക് നിക്ഷേപം വരാനുള്ള സാധ്യത കുറവാണ്.
പഠിക്കാം & സമ്പാദിക്കാം
Home
