image

15 Dec 2025 7:25 PM IST

Economy

താരിഫ് പ്രഹരത്തെ അതിജീവിച്ച് ഈ സെക്ടര്‍

MyFin Desk

താരിഫ് പ്രഹരത്തെ അതിജീവിച്ച് ഈ സെക്ടര്‍
X

Summary

നവംബറില്‍ രത്ന-ആഭരണ കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുത്തനെ ഉയര്‍ന്നു


രത്നാഭരണ മേഖല യു.എസിന്റെ താരിഫ് പ്രഹരത്തെ മറികടക്കാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. നവംബറില്‍ കയറ്റുമതി ഉയര്‍ന്നു. അതേസമയം ഇന്തോ-യുഎസ് ചര്‍ച്ചയില്‍ പുരോഗതിയെന്നും വാണിജ്യ സെക്രട്ടറി.

യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 50% താരിഫിന്റെ ആഘാതത്തില്‍ നിന്ന് മേഖല പുറത്ത് കടന്ന് തുടങ്ങി. നവംബറില്‍ രത്ന-ആഭരണ കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19.64% വര്‍ധിച്ചു. 2.5 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 2.1 ബില്യണ്‍ ആയിരുന്നു കയറ്റുമതി. ഹോങ്കോങ്, ചൈന, മിഡില്‍ ഈസ്റ്റ് പോലുള്ള മറ്റ് വിപണികളില്‍ ഡിമാന്‍ഡ് ശക്തമായി തിരികെ വന്നതാണ് ഈ മുന്നേറ്റത്തിന് കാരണം.

ഈ പുതിയ ഓര്‍ഡറുകള്‍ യു.എസ്. വിപണിയിലെ നഷ്ടത്തെ മറികടക്കാന്‍ സഹായിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. അതേസമയം,ഇതൊരു താല്‍ക്കാലിക ആശ്വാസം മാത്രമാണോ, അതോ ഇന്ത്യന്‍ കയറ്റുമതി വിപണിയില്‍ സംഭവിച്ച സ്ഥിരയുള്ള മാറ്റമാണോ എന്ന് പറയാന്‍ സമയമായിട്ടില്ലെന്നാണ് കെയര്‍ എഡ്ജ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50% വരെ താരിഫ് നേരിടേണ്ടി വരുന്നു. ഇത് നമ്മുടെ ഉല്‍പ്പന്നങ്ങളുടെ മത്സരശേഷി ഗണ്യമായി കുറയ്ക്കുന്നതായും വാണിജ്യ സെക്രട്ടറി രാകേഷ് അഗര്‍വാള്‍ അറിയിച്ചു. യു.എസുമായുള്ള വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ മാത്രമേ താരിഫ് സമ്മര്‍ദ്ദത്തില്‍ നിന്ന് ശാശ്വതമായ ആശ്വാസം ലഭിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസുമായുള്ള ചര്‍ച്ചകള്‍ പോസിറ്റീവായി തുടരുകയാണ്. ഇരു രാജ്യങ്ങള്‍ക്കും പരസ്പരം സ്വീകാര്യമായപരിഹാരം കണ്ടെത്താനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.