image

8 Dec 2025 7:44 PM IST

Economy

ഇന്ത്യയും യുഎസും വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നു

MyFin Desk

ഇന്ത്യയും യുഎസും വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നു
X

Summary

ഈ മാസം 10-11 തീയതികളിലാണ് ചര്‍ച്ച നടക്കുക


യുഎസും ഇന്ത്യയും വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നു. ഈ മാസം 10, 11 തീയതികളില്‍ ന്യൂഡെല്‍ഹിയിലാണ് ചര്‍ച്ചകള്‍ നടക്കുക. ഡെപ്യൂട്ടി യുഎസ് ട്രേഡ് പ്രതിനിധി (യുഎസ്ടിആര്‍) റിക്ക് സ്വിറ്റ്സറിന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം ഇന്ത്യന്‍ സംഘവുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കരാറിനായുള്ള യുഎസ്എയുടെ മുഖ്യ ചര്‍ച്ചക്കാരനായ, ദക്ഷിണ, മധ്യേഷ്യയ്ക്കുള്ള അസിസ്റ്റന്റ് യുഎസ് വ്യാപാര പ്രതിനിധി ബ്രണ്ടന്‍ ലിഞ്ച്, ഇന്ത്യയുടെ മുഖ്യ ചര്‍ച്ചക്കാരനും വാണിജ്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയുമായ ദര്‍പ്പണ്‍ ജെയിന്‍ എന്നിവര്‍ ചര്‍ച്ചാ സംഘത്തിലുണ്ട്.

കരാറിന്റെ ആദ്യ ഘട്ടം അന്തിമമാക്കാന്‍ ഇന്ത്യയും യുഎസും പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ സന്ദര്‍ശനം നിര്‍ണായകമാണ്.റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങിയതിന്റെ പേരില്‍ അമേരിക്കന്‍ വിപണിയിലെത്തുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫും 25 ശതമാനം അധിക പിഴയും ഏര്‍പ്പെടുത്തിയതിന് ശേഷമുള്ള ചര്‍ച്ചകള്‍ക്കായുള്ള അവരുടെ രണ്ടാമത്തെ വരവാണിത്.

സെപ്റ്റംബര്‍ 16 നാണ് യുഎസ് ഉദ്യോഗസ്ഥര്‍ ഇതിനുമുമ്പ് ഇന്ത്യ സന്ദര്‍ശിച്ചത്.

സെപ്റ്റംബര്‍ 22 ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ വ്യാപാര ചര്‍ച്ചകള്‍ക്കായി യുഎസിലേക്ക് ഒരു ഔദ്യോഗിക പ്രതിനിധി സംഘത്തെ നയിച്ചു. മെയ് മാസത്തിലും ഗോയല്‍ വാഷിംഗ്ടണ്‍ സന്ദര്‍ശിച്ചിരുന്നു.

ഈ വര്‍ഷം തന്നെ യുഎസുമായി ഒരു ചട്ടക്കൂട് വ്യാപാര കരാറില്‍ എത്താന്‍ ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ടെന്നും, ഇത് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് പ്രയോജനകരമാകുന്ന തരത്തില്‍ താരിഫ് പ്രശ്‌നം പരിഹരിക്കുമെന്നും വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ അടുത്തിടെ പ്രസ്താവിച്ചതിനാല്‍ ഈ ചര്‍ച്ചകളും പ്രധാനമാണ്.

ഉഭയകക്ഷി വ്യാപാര കരാര്‍ (ബിടിഎ) പൂര്‍ത്തിയാകാന്‍ സമയമെടുക്കുമെന്ന് ചൂണ്ടിക്കാട്ടിയ അഗര്‍വാള്‍, ഇന്ത്യന്‍ കയറ്റുമതിക്കാര്‍ നേരിടുന്ന പരസ്പര താരിഫ് വെല്ലുവിളിയെ അഭിസംബോധന ചെയ്യുന്ന ഒരു ചട്ടക്കൂട് വ്യാപാര കരാറില്‍ ഇന്ത്യ യുഎസുമായി നീണ്ട ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

2025 ലെ ശരത്കാലത്തോടെ കരാറിന്റെ ആദ്യ ഘട്ടം അവസാനിപ്പിക്കാനാണ് പദ്ധതിയിട്ടിരുന്നത്. ഇതുവരെ ആറ് റൗണ്ട് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം നിലവിലെ 191 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 500 ബില്യണ്‍ യുഎസ് ഡോളറായി ഇരട്ടിയിലധികം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം.