14 Dec 2025 10:19 AM IST
Summary
ഫോറത്തില്‍ ഇന്ത്യയില്‍നിന്ന് പങ്കെടുക്കുക നാല് മുഖ്യമന്ത്രിമാരും നൂറിലധികം സിഇഒമാരും
അടുത്ത മാസം സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറം വാര്‍ഷിക യോഗത്തില്‍ ഇന്ത്യ ശ്രദ്ധേയമായ സാന്നിധ്യം അറിയിക്കും. നാല് മുഖ്യമന്ത്രിമാരും 100-ലധികം സിഇഒമാരും ഫോറത്തില്‍ പങ്കെടുക്കും.
മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്നാവിസ്, ആന്ധ്രാപ്രദേശിലെ എന്‍ ചന്ദ്രബാബു നായിഡു, തെലങ്കാനയിലെ എ രേവന്ത് റെഡ്ഡി, മധ്യപ്രദേശിലെ മോഹന്‍ യാദവ് എന്നിവരാണ് പങ്കെടുക്കുന്ന മുഖ്യമന്ത്രിമാര്‍. മുകേഷ് അംബാനി, നന്ദന്‍ നിലേകനി, സജ്ജന്‍ ജിന്‍ഡാല്‍. ടാറ്റ ഗ്രൂപ്പിന്റെ എന്‍ ചന്ദ്രശേഖരന്‍, ബജാജ് ഗ്രൂപ്പിന്റെ സഞ്ജീവ് ബജാജ്, ജൂബിലന്റ് ഭാരതിയ ഗ്രൂപ്പിന്റെ ഹരി എസ് ഭാരതിയ തുടങ്ങിയ പ്രമുഖ വ്യവസായ നേതാക്കളും ഇവര്‍ക്കൊപ്പം ചേരും.
രാജ്യത്തിന്റെ സാമ്പത്തിക സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുകയും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയും ചെയ്യുകയാണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ലക്ഷ്യം. മഹാരാഷ്ട്ര ഇതിനകം 15.70 ലക്ഷം കോടിയുടെ 54 ധാരണാപത്രങ്ങള്‍ നേടിയിട്ടുണ്ട്. ഇത് ഏകദേശം 16 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്നു. പുനരുപയോഗ ഊര്‍ജ്ജം, ഇലക്ട്രോണിക്‌സ്, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ആന്ധ്രാപ്രദേശും തെലങ്കാനയും സുപ്രധാന കരാറുകളില്‍ ഒപ്പുവെക്കുമെന്നാണ് കരുതപ്പെടുന്നത്.
സഹകരണം, നവീകരണം, സുസ്ഥിര വികസനം തുടങ്ങിയ ആഗോള വെല്ലുവിളികളില്‍ ലോക സാമ്പത്തിക ഫോറം വാര്‍ഷിക യോഗം ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്ത്യയുടെ സാമ്പത്തിക രൂപരേഖയെക്കുറിച്ചുള്ള സെഷനുകളില്‍ ഇന്ത്യന്‍ നേതാക്കള്‍ പങ്കെടുക്കുകയും നിക്ഷേപത്തിനും വളര്‍ച്ചയ്ക്കുമുള്ള അവസരങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും.
ജി7, ജി20, ബ്രിക്‌സ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളും അന്താരാഷ്ട്ര സംഘടനകളുടെ മേധാവിമാരും ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
