image

6 Dec 2025 9:41 PM IST

News

അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യ തിളങ്ങുന്നു; എല്ലാ മേഖലയിലും പുരോഗതി മാത്രം- പ്രധാനമന്ത്രി നരേന്ദ്രമോദി

MyFin Desk

അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യ തിളങ്ങുന്നു; എല്ലാ മേഖലയിലും പുരോഗതി മാത്രം- പ്രധാനമന്ത്രി നരേന്ദ്രമോദി
X

അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ലോകത്ത് ഇന്ത്യ തിളങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ മേഖലയിലും പുരോഗതി കൈവരിച്ചുവരികയാണെന്നും രാജ്യം എന്നതിനാണ് മുന്‍ഗണനയെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്.21-ാം നൂറ്റാണ്ടിന്റെ കാല്‍ഭാഗം പിന്നിട്ട ഒരു ഘട്ടത്തിലാണ് നാം. ലോകം പല കയറ്റിറക്കങ്ങളിലൂടെയും കടന്നുപോയി, സാമ്പത്തിക പ്രതിസന്ധി, ആഗോള മഹാമാരി തുടങ്ങിയവ. ഈ സാഹചര്യങ്ങള്‍ ലോകത്തിന് പലതരത്തിലുള്ള വെല്ലുവിളികള്‍ സൃഷ്ടിച്ചു. ഇന്ന് ലോകം അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതാണ്, എന്നാല്‍ ഇതിനിടയില്‍ നമ്മുടെ ഇന്ത്യ വ്യത്യസ്തമായ ഒരു തലത്തിലാണ് ഉള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, രണ്ടാം പാദത്തിലെ ഇന്ത്യയുടെ ജിഡിപി കണക്കുകള്‍ പുറത്തുവന്നു. 8% വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. നമ്മുടെ പുരോഗതിയാണ് ഇത് കാണിക്കുന്നത്. ഇവ വെറും സംഖ്യകള്‍ മാത്രമല്ല. ഇന്ന് ലോക സമ്പദ്വ്യവസ്ഥയുടെ പ്രധാന വളര്‍ച്ചാ പ്രേരകമായി ഇന്ത്യ ഉയര്‍ന്നു വരുന്നു എന്ന സന്ദേശമാണ് അവ നല്‍കുന്നതെന്നും മോദി പറഞ്ഞു. നമ്മുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍, നമ്മുടെ ഗ്രാമങ്ങള്‍, നഗരങ്ങള്‍, രാജ്യത്തെ സ്ത്രീശക്തി, പുതിയ സമ്പദ് വ്യവസ്ഥ, ബഹിരാകാശ മേഖല, ഇവയുടെയെല്ലാം പൂര്‍ണ്ണമായ സാധ്യതകളും മറ്റ് പല കാര്യങ്ങളും മുമ്പ് കണ്ടെത്തപ്പെട്ടിരുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നമ്മുടെ പെണ്‍മക്കള്‍ എല്ലാ മേഖലകളിലും തങ്ങളുടെ കഴിവ് തെളിയിക്കുന്നു.. സമൂഹത്തിന്റെ ചിന്താഗതിയെയും കഴിവുകളെയും അവര്‍ രൂപാന്തരപ്പെടുത്തുന്നു. തടസ്സങ്ങള്‍ നീങ്ങുമ്പോള്‍, ആകാശത്ത് പറക്കാന്‍ പുതിയ ചിറകുകള്‍ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നികുതി ഘടനയിലെ മാറ്റങ്ങളും മറ്റു പരിഷ്‌കാരങ്ങളും രാഷ്ട്രം ആദ്യം എന്ന ആശയത്തില്‍നിന്നാണ് വന്നത്. ഒരു ദശകം മുമ്പ് ഇത് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. അന്ന് അവര്‍ പരിഷ്‌കാരങ്ങള്‍ നടത്തിയത് ഏതെങ്കിലും രാഷ്ട്രീയ താല്‍പ്പര്യത്തിനോ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനോ വേണ്ടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദേശീയ വളര്‍ച്ചയാണ് പ്രേരകശക്തി. ഓരോ മേഖലയിലും എന്തെങ്കിലും മെച്ചപ്പെടുന്നുണ്ട്. നമ്മുടെ വേഗത സ്ഥിരമാണ്, ദിശ സ്ഥിരമാണ്, ഉദ്ദേശ്യം രാഷ്ട്രം ആദ്യം എന്നുള്ളതാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ പരിഷ്‌കാരം പുത്തന്‍ ജിഎസ്ടി ആണ്. അതിന്റെ ഫലം വ്യക്തമാണ്. നേരിട്ടുള്ള നികുതി സംവിധാനവും വലിയ തോതില്‍ പരിഷ്‌കരിച്ചു. ഇപ്പോള്‍ പ്രതിവര്‍ഷം 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയില്ലെന്നും മോദി വ്യക്തമാക്കി.