നവകേരള സദസിലെ പരാതിക്ക് ഫലമുണ്ടോ? അറിയാന്‍ ഇതാണ് മാര്‍ഗം

  • നവകേരള സദസ് നാലാം ദിവസത്തിലേക്ക് കടന്നു
  • 2 ദിവസത്തില്‍ ലഭിച്ചച് 14232 നിവേദനങ്ങള്‍
  • പരാസികളില്‍ 40 ദിവസത്തിനകം തീര്‍പ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം

Update: 2023-11-21 06:07 GMT

സംസ്ഥാന ഭരണ നിര്‍വഹണത്തിനെ വേറിട്ടൊരു പരീക്ഷണത്തിലാണ് പിണറായി വിജയന്‍ മന്ത്രിസഭ. സംസ്ഥാനത്തെ ഓരോ നിയമസഭാ മണ്ഡലങ്ങളിലും മുഴുവന്‍ മന്ത്രിസഭയും എത്തിച്ചേരുന്ന നവകേരള സദസ്സ് നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഓരോ മണ്ഡലത്തിലും വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും ഒപ്പം തങ്ങളുടെ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വ്യക്തികളുമായും സംഘടനകളുമായും സംരംഭകരുമായും ചര്‍ച്ച നടത്തുന്നതിനും മന്ത്രിമാര്‍ സമയം കണ്ടെത്തുന്നു.

രണ്ടു ദിവസത്തില്‍ 14232 നിവേദനങ്ങള്‍

ലോകസഭ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ക്കണ്ട് സംസ്ഥാന സര്‍ക്കാരിന്‍റെ ഭാരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യം കൂടി നവകേരള സദസ്സുകള്‍ക്കുണ്ട്. ഓരോ കേന്ദ്രത്തിലും നിവേദനങ്ങളും പരാതികളും സ്വീകരിക്കുന്നതിനായി ഏഴോളം കൗണ്ടറുകളാണ് ഒരുക്കിയിട്ടുള്ളത്. മന്ത്രിമാര്‍ക്ക് മുന്നില്‍ ക്യൂ നിന്ന് പരാതി നല്‍കുകയോ കാത്തു നില്‍ക്കുകയോ ചെയ്യേണ്ടതില്ല. മുഖ്യ വേദികളില്‍ സംവാദങ്ങള്‍ക്കും സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ വിശദീകരിക്കുന്നതിനും നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നതിനുമാണ് അവസരമുള്ളത്. 

നവകേരള സദസ് ആരംഭിച്ച് 2 ദിവസം പിന്നിട്ടപ്പോൾ കാസർകോഡ് ജില്ലയിൽ നിന്നും 14232 നിവേദനങ്ങളാണ് ലഭിച്ചത്. മഞ്ചേശ്വരം മണ്ഡലത്തിൽ 1908 ഉം കാസർഗോഡ് മണ്ഡലത്തിൽ 3451ഉം ഉദുമ മണ്ഡലത്തിൽ 3733ഉം കാഞ്ഞങ്ങാട് മണ്ഡലത്തിൽ 2840ഉം തൃക്കരിപ്പൂർ മണ്ഡലത്തിൽ 2300ഉം നിവേദനങ്ങളാണ് ലഭിച്ചു.

നിവേദനങ്ങള്‍ ട്രാക്ക് ചെയ്യാം

നിവേദനങ്ങളിലും പരാതികളിലും സ്വീകരിച്ചിട്ടുള്ള നടപടികളും അവയുടെ നിലവിലെ സ്ഥിതിയോ അറിയുന്നതിനുള്ള സംവിധാനവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. www.navakeralasadas.kerala.gov.in എന്ന വെബ്‌സൈറ്റിൽ കയറി പരാതികളുടെ രസീത് നമ്പരോ പരാതിയിലുള്ള മൊബൈൽ നമ്പറോ നൽകിയാൽ വിവരങ്ങള്‍ അറിയാനാകും. 40 ദിവസത്തിനകം പരാതികള്‍ തീര്‍പ്പാക്കുന്നതിനുള്ള നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. 

 

Tags:    

Similar News