നിതീഷ് കുമാർ മോദി മാജിക്, തൂത്തുവാരി എൻഡിഎ; നിതീഷ് കുമാർ അഞ്ചാം തവണയും അധികാരക്കസേരയിലേക്ക്?
എക്സിറ്റ് പോൾ ഫലങ്ങളെ പലതിനെയും മറികടന്ന് ബീഹാർ തൂത്തുവാരി എൻഡിഎ
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എക്സിറ്റ് പോളുകളെയും നിഷ്ഫലമാക്കി എൻഡിഎയുടെ തകർപ്പൻ മുന്നേറ്റം. ബിജെപിയും ജെഡിയുവും കാഴ്ച വെച്ച മിന്നുന്ന പ്രകടനം എക്സിറ്റ് പോൾ പ്രവചനങ്ങളെ ചിലതിനെ മറികടന്നു. മുഖ്യമന്ത്രി നിതീഷ് കുമാർ തുടർച്ചയായി അഞ്ചാം തവണയും അധികാരത്തിലെത്തുമെന്ന സൂചനകളാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.സംസ്ഥാനത്തെ 243 സീറ്റുകളിൽ 204 എണ്ണത്തിലും എൻഡിഎ സഖ്യം മുന്നിലാണ്.
ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നതിൻ്റെ റെക്കോഡ് നിതീഷ് കുമാറിനാണ്. ഉച്ചയ്ക്ക് 2.45 ന്, 122 സീറ്റുകൾ നേടിയ എൻഡിഎ 2020 ലെ ഫലങ്ങളെ മറികടന്നു. അതേസമയം രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവ് രഘോപൂരിൽ മുന്നിലുണ്ട്. പക്ഷേ ആർജെഡിക്ക് പ്രതീക്ഷിച്ചതുപോലെ തിളങ്ങാനായില്ല. രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ജെഡിയു ഉൾപ്പെടുന്ന എൻഡിഎ തൂത്തുനാരുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നു.
നവംബർ ആറിനും 11 നും നടന്ന നിയമസഭയിലേക്കുള്ള രണ്ട് ഘട്ട തിരഞ്ഞെടുപ്പിൽ സംസ്ഥാനം 67.13 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഉയർന്ന നിരക്കാണിത്. ഇത്തണ സ്ത്രീകൾ കൂടുതലായി പോളിങ് ബൂത്തിലെത്തിയിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സ്ത്രീകൾക്കായി നടപ്പാക്കിയ ക്ഷേമപദ്ധതികളും ഫലം കണ്ടു എന്നാണ് സൂചന.
സീറ്റ് നില ഇങ്ങനെ
ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ 2020-ൽ 74 സീറ്റുകൾ നേടിയ ബിജെപി 95 സീറ്റുകൾ നേടി. 43 സീറ്റുകളുണ്ടായിരുന്ന ജെഡിയു ഇത്തവണ നേടിയിരിക്കുന്നത് 82 സീറ്റുകളാണ്. 2020-ൽ 75 സീറ്റുകൾ നേടിയ ആർജെഡിക്ക് ഇത്തവണ നേടാനായത് 25 സീറ്റുകൾ മാത്രം. 19 സീറ്റുകൾ നേടിയ കോൺഗ്രസ് ആകട്ടെ മൂന്നു സീറ്റുകളിലേക്കൊതുങ്ങി.
