27 Nov 2025 7:25 PM IST
Summary
ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍ അവസരങ്ങളൊരുക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബലിന്റെ ഏഴാം പതിപ്പിന് ഡിസംബറില്‍ കോവളത്ത് തിരിതെളിയും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 11 മുതല്‍ 13 വരെ ലീല റാവിസ് ഹോട്ടലിൽ ഹഡില്‍ ഗ്ലോബല്‍ 2025 മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
ഹഡില്‍ ഗ്ലോബല്‍ 2025 ലൂടെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 100 കോടി രൂപയുടെ നിക്ഷേപം സ്വരൂപിക്കുകയാണ് ലക്ഷ്യം. സ്റ്റാര്‍ട്ടപ്പ് മേഖലയുടെ ബഹുമുഖ വികസനത്തിന് ഹഡില്‍ ഗ്ലോബല്‍ വഴിയൊരുക്കും.സ്റ്റാര്‍ട്ടപ്പുകളുടെ മികച്ച ആശയങ്ങളേയും സംരംഭങ്ങളേയും പരിപോഷിപ്പിക്കുന്നതിനും മൂലധനം കണ്ടെത്തുന്നതിനും ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള മികച്ച വേദിയാണ് ഹഡില്‍ ഗ്ലോബല്‍.
കമ്പനി-സ്റ്റാര്‍ട്ടപ്പ് കണക്റ്റ്, ജിസിസി റൗണ്ട് ടേബിള്‍, ജിസിസി ഇന്നൊവേഷന് ബ്രിഡ്ജ് തുടങ്ങിയവ സ്റ്റാര്‍ട്ടപ്പ് സംഗമത്തിനെ ആകര്‍ഷകമാക്കും. 5,000 ത്തിലധികം സന്ദര്‍ശകര്‍, 200 ലധികം പ്രഭാഷകര്‍, 150 ലധികം നിക്ഷേപകര്‍, 300 ലധികം എച്ച്എന്‍ഐകള്‍, 100 ലധികം എക്സിബിറ്റര്‍മാര്‍, ഇന്ത്യയിലും വിദേശത്തുമുള്ള 3,000 സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ ഹഡില്‍ ഗ്ലോബലില്‍ പങ്കെടുക്കും.
കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 20000 മായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ നടപ്പിലാക്കും.നിര്‍മ്മിത ബുദ്ധി (എഐ), ഫിന്‍ടെക്, ബ്ലോക്ക് ചെയിന്‍, ഹെല്‍ത്ത്ടെക്, ലൈഫ് സയന്‍സസ്, ഓഗ്മെന്റഡ്/വെര്‍ച്വല്‍ റിയാലിറ്റി, സ്പേസ്ടെക്, ഇ-ഗവേണന്‍സ്, ഇന്റനെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയ മേഖലകള്‍ക്ക് ഹഡില്‍ ഗ്ലോബല്‍ പ്രാധാന്യം നല്‍കും. ഈ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ മികച്ച ആശയങ്ങള്‍ അവതരിപ്പിക്കും.
സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി മുന്‍കാല ഹഡില്‍ ഗ്ലോബല്‍ വേദികളില്‍ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍, ആഗോള നിക്ഷേപകര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവരുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബെല്‍ജിയം, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായുള്ള സഹകരണത്തിനും ഹഡില്‍ ഗ്ലോബല്‍ വഴിയൊരുക്കി.
പഠിക്കാം & സമ്പാദിക്കാം
Home
