ക്യൂ സംവിധാനത്തിന് വിട; പുതിയ സോഫ്റ്റ് വെയറുമായി ഒറാവ്‌കോ

  • ശ്രദ്ധേയമായി ദി വാനിഷിംഗ് മോഡല്‍
  • ഉപഭോക്താവ് പ്രത്യേകം ആപ്പുകളൊന്നും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല
  • ഗള്‍ഫ് രാജ്യങ്ങളിലേക്കും വിപുലീകരണം

Update: 2024-03-19 09:22 GMT

തിരക്കുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളിലും തുണിക്കടകളിലും ഷോപ്പിംഗിനു പോകുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് ബില്ലടക്കുകയെന്നത്. ഈ പ്രതിസന്ധിയ്ക്ക് ശാശ്വത പരിഹാരം കാണുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ ഒറാവ്‌കോ പ്രൈവറ്റ് ലിമിറ്റഡ്.

സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ബില്ലടയ്ക്കാന്‍ അവസാനമില്ലാത്ത ക്യൂവില്‍ നിന്ന് മനസ് മടുത്തതാണ് ഗുരുവായൂര്‍ സ്വദേശി അനസ് സൈദ്മുഹമ്മദ് ഇത്തരമൊരു സോഫ്റ്റ് വെയറിനെക്കുറിച്ച് ചിന്തിക്കാന്‍ കാരണമായത്. സുഹൃത്തായ ഒറ്റപ്പാലം സ്വദേശി രാജീവ് രാധാകൃഷ്ണനുമായി ചേര്‍ന്നാണ് ഒറാവ്‌കോ സെല്‍ഫ് ചെക്കൗട്ട് എന്ന സോഫ്റ്റ്വെയര്‍ നിര്‍മ്മിച്ചത്.

ഏതൊരു കടയുടമയ്ക്കും www.oravcoselfcheckout.com എന്ന വെബ്‌സൈറ്റിലൂടെ സൗജന്യമായി സ്വന്തം കട രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കാം. അതു വഴി ലഭിക്കുന്ന ക്യു ആര്‍ കോഡ് പ്രിന്റ് ചെയ്ത് കടയില്‍ സ്ഥാപിക്കുക. ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണിലുള്ള സ്‌കാനര്‍ ഉപയോഗിച്ച് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാവുന്നതാണ്. ഇതിലൂടെ ഓരോ ഉത്പന്നവും സ്വന്തം കാര്‍ട്ടിലേക്ക് ചേര്‍ക്കാം. ഷോപ്പിംഗ് അവസാനിച്ചാല്‍ യുപിഐ, കാര്‍ഡ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയ സംവിധാനങ്ങളിലൂടെ ഓണ്‍ലൈനായി പണം അടച്ച് ക്യൂ നില്‍ക്കാതെ പുറത്തേക്കു പോകാമെന്നതാണ് ഇതിന്റെ മെച്ചം. ഈ സേവനം നേടുന്നതിന് ഉപഭോക്താവ് പ്രത്യേകം ആപ്പുകളൊന്നും ഇന്‍സ്റ്റാള്‍ ചെയ്യേണ്ട എന്നതും മേന്മയാണ്.

ഇനി ഏതെങ്കിലും സാധനം സ്‌കാന്‍ ചെയ്യാന്‍ മറന്നു പോവുകയോ അല്ലെങ്കില്‍ മനഃപൂര്‍വ്വം പണമടക്കാതിരിക്കുകയോ ചെയ്താലും വഴിയുണ്ടെന്ന് അനസ് സൈദ്മുഹമ്മദ് പറഞ്ഞു. പുറത്ത് നില്‍ക്കുന്ന സെക്യൂരിറ്റിയുടെ വക മറ്റൊരു സ്‌കാനിംഗ് ഉണ്ട്. അത് ഉപഭോക്താവിന്റെ പക്കലുള്ള ബാസ്‌കറ്റോ ട്രോളിയോ ഒന്നടങ്കം സ്‌കാന്‍ ചെയ്യും. അതില്‍ പണമടച്ച ഉത്പന്നങ്ങളെല്ലാം അപ്രത്യക്ഷമാവുകയും പണമടയ്ക്കാത്തത് മാത്രം തെളിഞ്ഞു വരികയും ചെയ്യും. ദി വാനിഷിംഗ് മോഡല്‍ എന്നാണ് ഈ സംവിധാനത്തിന്റെ പേര്.

കളമശേരിയിലെ ടെക്‌നോളജി ഇനോവേഷന്‍ സോണില്‍ നടന്ന പരിപാടിയില്‍ കെഎസ്‌യുഎം അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ മുഹമ്മദ് സഗീറാണ് ഉത്പന്നം പുറത്തിറക്കിയത്. പുതിയൊരു ഷോപ്പിംഗ് അനുഭവം കൂടിയാണ് ഒറാവ്‌കോ സെല്‍ഫ് ചെക്ക് ഔട്ട് നല്‍കുന്നതെന്ന് അനസ് സൈദ്മുഹമ്മദ് പറഞ്ഞു. ഇന്ത്യയില്‍ അവതരിപ്പിച്ചതിന് ശേഷം ഗള്‍ഫ് രാജ്യങ്ങളിലും ഒറാവ്‌കോ സെല്‍ഫ് ചെക്കൗട്ട് പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News