25ാം വയസ്സിലെത്തി കേരളത്തിലെ ആദ്യകാല ഐടി സ്റ്റാര്‍ട്ടപ്പ്

  • രജത ജൂബിലിയില്‍ വിപുലീകരണ പദ്ധതികള്‍ അവതരിപ്പിക്കാനൊരുങ്ങി കമ്പനി

Update: 2023-10-06 10:00 GMT

കേരളത്തിലെ ആദ്യത്തെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളിലൊന്നായ പല്‍നാര്‍ ട്രാന്‍സ്മീഡിയ 25ാം വര്‍ഷത്തിലേക്ക്. അമേരിക്കയിലും യൂറോപ്യന്‍ വിപണിയിലടക്കം ചുവടുറപ്പിച്ച കമ്പനിയുടെ രജതജൂബിലി ആഘോഷങ്ങള്‍ നാളെ നടക്കും. ഈയവസരത്തില്‍ കമ്പനിയുടെ വിപുലീകരണ പദ്ധതികള്‍ അവതരിപ്പിക്കുമെന്ന് പല്‍നാര്‍ ട്രാന്‍സ്മീഡിയയുടെ സ്ഥാപക ഡയറക്ടര്‍ ഡോ. സയ്യിദ് ഇബ്രാഹിം പറഞ്ഞു.

1998 സെപ്റ്റംബര്‍ 16 ന് ടെക്‌നോപാര്‍ക്കിലെ പമ്പ ബ്ലോക്കില്‍ 150 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ 650 ഡോളറിന്റെ മൂലധനത്തിലാണ് സഹപ്രവര്‍ത്തകനായ ശ്രീജിത്തിനൊപ്പം ഡോ. സയ്യിദ് സ്ഥാപനത്തിന് തുടക്കമിട്ടത്. നിലവില്‍ ഇന്ത്യ, അമേരിക്ക, ജര്‍മ്മനി എന്നിവിടങ്ങളിലായി 300 ലധികം ജീവനക്കാരും 17 ദശലക്ഷം ഡോളറിലധികം വിറ്റുവരവുമാണ് പല്‍നാറിന് ഉള്ളത്.

1990 ല്‍ കേരളത്തിലെ ഐടി ഭൂപടം തികച്ചും വ്യത്യസ്തമായിരുന്നു. ടെക്‌നോപാര്‍ക്കില്‍ 10 ല്‍ താഴെ ഐടി കമ്പനികള്‍ മാത്രമാണുണ്ടായിരുന്നത്. മൊത്തം ജീവനക്കാര്‍ 200 ല്‍ താഴെയായിരുന്നു ഉണ്ടായിരുന്നത്. മെഗാബൈറ്റ് അളവില്‍ ഇന്റര്‍നെറ്റ് ലഭിക്കുന്നത് തന്നെ ആഡംബരമായിരുന്ന കാലത്ത് നിന്ന് ഇതുവരെയുള്ള യാത്ര വെല്ലുവിളികള്‍ നിറഞ്ഞതും ആവേശം പകരുന്നതുമായിരുന്നു. ഗൂഗിള്‍ സെര്‍ച്ച് പോലുള്ള സൗകര്യങ്ങളില്ലാതിരുന്ന കാലത്ത് വ്യക്തിഗതമായ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നതെന്നും ഡോ സയ്യിദ് പറഞ്ഞു.

ആരംഭ ഘട്ടത്തില്‍ ജര്‍മ്മന്‍ സംസാരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പല്‍നാറിന്റെ പ്രവര്‍ത്തനം. പിന്നീട് ജര്‍മ്മന്‍ ഐടി കമ്പനിയായ ഐവര്‍ക്‌സ് ജിഎംബിഎച്ചിനെ ഏറ്റെടുത്തതോടെ പല്‍നാറിന് യൂറോപ്പിലെ കൂടുതല്‍ വിപണിയിലേക്ക് കടന്നു ചെല്ലാന്‍ സാധിച്ചു. ജര്‍മ്മന്‍ ഉപഭോക്താക്കളുമായി നേരിട്ടുള്ള സഹകരണമായതിനാല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനാതായി ഡോ. സയ്യിദ് ചൂണ്ടിക്കാട്ടി. പല്‍നാര്‍ ആരംഭിക്കുന്നതിന് മുമ്പ് മൂന്നു വര്‍ഷം ജര്‍മ്മനിയിലാണ് സയ്യിദ് ജോലി ചെയ്തിരുന്നത്.

ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലെ പട്ടണങ്ങളിലെ ബൈക്ക് പാര്‍ക്കിംഗ് ടവറുകള്‍ക്കായുള്ള ആപ്ലിക്കേഷന്‍ തയ്യാറാക്കിയതാണ് കമ്പനിക്ക് നിര്‍ണായകമായത്. ഓസ്ട്രിയയിലെ ഡാഫി, പോങ്കൗ മേഖലയിലുടനീളമുള്ള നൂറുകണക്കിന് സോളാര്‍ ഇന്‍സ്റ്റാളേഷനുകള്‍, എനര്‍ജി മാനേജ്‌മെന്റ് സംവിധാനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ നല്‍കുന്നത് പല്‍നാറാണ്.

Tags:    

Similar News