പിന്നാക്ക വിഭാഗ സംരംഭകര്‍ക്ക് സാമൂഹിക പിന്തുണ അനിവാര്യം : മന്ത്രി രാധാകൃഷ്ണന്‍

  • പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലെ യുവജനങ്ങളെ സംരംഭകരും തൊഴില്‍ദാതാക്കളുമായി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സാമൂഹിക മേഖലാ സംരംഭമാണ് 'സ്റ്റാര്‍ട്ടപ്പ് സിറ്റി'

Update: 2023-11-02 09:18 GMT

തിരുവനന്തപുരം: സമൂഹത്തിലെ പിന്നാക്കവിഭാഗക്കാരിലെ സംരംഭകര്‍ക്ക് മുന്നോട്ട് വരാനുള്ള സാമൂഹിക മൂലധനം നല്‍കേണ്ടത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലെ യുവജനങ്ങളെ സംരംഭകരും തൊഴില്‍ദാതാക്കളുമായി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സാമൂഹിക മേഖലാ സംരംഭമായ 'സ്റ്റാര്‍ട്ടപ്പ് സിറ്റി'യുടെ സംരംഭകത്വ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും വരുമാനവും സൃഷ്ടിക്കുന്നതിനാണ് കേരള എംപവര്‍മെന്റ് സൊസൈറ്റി രൂപീകരിച്ചതെന്നും കെഎസ് യുഎം, കേരള നോളജ് ഇക്കണോമി മിഷന്‍ എന്നിവയുമായുള്ള പങ്കാളിത്തം മികച്ച അവസരങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ അധ്യക്ഷത വഹിച്ച എസ്.സി-എസ്.ടി പിന്നാക്കക്ഷേമ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയും ഉന്നതി സിഇഒയുമായ പ്രശാന്ത് നായര്‍ സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതിയുടെ അവലോകനം നടത്തി. സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതിയുടെ ആദ്യ ബാച്ചിലെ സംരംഭകര്‍ക്ക് ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി), പ്രതിരോധ-വ്യോമയാനമേഖല, ഹോസ്പിറ്റാലിറ്റി, നിര്‍മ്മാണ മേഖല തുടങ്ങിയവയിലെ മികച്ച ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഉന്നതിയുടെ സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന സംരംഭങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതിനൊപ്പം കേരളത്തിന് പുറത്തേക്ക് ബിസിനസ് വ്യാപിപ്പിക്കാനുള്ള അവസരവും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക ആമുഖഭാഷണം നടത്തി.  സംരംഭങ്ങളേയും സ്റ്റാര്‍ട്ടപ്പുകളേയും സുസ്ഥിര സംരംഭങ്ങളിലേക്ക് നയിക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശം സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ ലഭിക്കുമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.

പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ചടങ്ങില്‍ സംസാരിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, എസ്.സി-എസ്.ടി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രതിനിധികള്‍ പദ്ധതിയെക്കുറിച്ചുള്ള സെഷനുകള്‍ നയിച്ചു.

Tags:    

Similar News