'മുന്നില്‍ നിന്ന് നയിക്കാന്‍' വനിത സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി

  • രാജ്യത്തെ ഏറ്റവും വലിയ വനിതാ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി
  • 50 ലധികം ഉത്പന്നങ്ങളുടെ പ്രദര്‍ശനം

Update: 2023-09-22 07:45 GMT

വനിതാ സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രോത്സാഹനം ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) നടത്തുന്ന വനിതാ സംരംഭ ഉച്ചകോടി ഈ മാസം 29 ന് കളമശ്ശേരിയിലെ ടെക്‌നോളജി ഇനോവേഷന്‍ സോണില്‍ നടക്കും.

'മുന്നില്‍ നിന്ന് നയിക്കുക' എന്നതാണ് വിമന്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയുടെ ഇത്തവണത്തെ പ്രമേയം. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ രാജ്യം മുന്നേറുമ്പോഴും ഈ രംഗത്തെ വനിതാ പ്രാതിനിധ്യം കുറയുന്നതിന്റെ കാരണങ്ങള്‍ പരിഹരിച്ച് കൂടുതല്‍ വനിതാസംരംഭകരെ ഈ രംഗത്തേക്ക് കൊണ്ടു വരികയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ലക്ഷ്യം വക്കുന്നത്.

ദേശീയ-അന്തര്‍ദേശീയ തലത്തില്‍ വിവിധ മേഖലകളില്‍ നേതൃത്വം വഹിക്കുന്ന പ്രമുഖവനിതകളാണ് പരിപാടിയുടെ ഭാഗമാകുന്നത്. കൂടാതെ വ്യവസായ പ്രമുഖര്‍, ഇനോവേറ്റര്‍മാര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്, ലേബര്‍ കമ്മീഷ്ണര്‍ കെ വാസുകി ഐഎഎസ്, ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പ് സെക്രട്ടറി രത്തല്‍ യു കേല്‍ക്കര്‍ ഐഎഎസ്, ഡിസ്ട്രിക് ഡെവലപ്പ്‌മെന്റ് കമ്മീഷ്ണര്‍ എറണാകുളം മാധവിക്കുട്ടി എംഎസ് ഐഎഎസ് ,ന്യൂസ് 18 മാനേജിംഗ് എഡിറ്റര്‍ പാല്‍കി ശര്‍മ്മ ഉപാദ്ധ്യായ, സഹോദരി ഫൗണ്ടേഷന്റെ സ്ഥാപക കല്‍ക്കി സുബ്രഹ്‌മണ്യം, സാഫിന്‍ ഇന്ത്യയുടെ എംഡി സുജ ചാണ്ടി, ബിസിനസ് ഫിന്‍ലാന്‍ഡ് ഇന്ത്യാ വിഭാഗം ടാലന്റ് ബൂസ്റ്റ് മേധാവി ഗിറ്റ പെരെസ്, ഫിന്‍ലന്‍ഡ് കോണ്‍സുലേറ്റ് ജനറല്‍ എറിക് ഗുസ്താവ് ക്രിസ്റ്റഫര്‍, റെഡ് എഫ്എം ഡയറക്ടര്‍ നിഷ നാരായണ്‍, കെഎസ്‌യുഎം സിഇഒ അനൂപ് അംബിക തുടങ്ങിയ പ്രമുഖര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.

ആശയങ്ങളും അനുഭവങ്ങളും പങ്ക് വയ്ക്കുക, വ്യാവസായിക ലോകവുമായി അടുത്ത് സംവദിക്കുക എന്നിവയാണ് വനിതാ ഉച്ചകോടിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ആഗോളതലത്തിലെ വിദഗ്ധര്‍ ഓരോ വിഷയത്തിലും സംസാരിക്കും. വനിതാ സ്റ്റാര്‍ട്ടപ്പുകളിലെ സുസ്ഥിരമായ വളര്‍ച്ച, സംരംഭക മേഖലയിലെ വനിതാ നെറ്റ് വര്‍ക്കുകള്‍, പാനല്‍ ചര്‍ച്ചകള്‍, പരിശീലനകളരികള്‍, ആശയസംവാദം എന്നിവ പരപാടിയുടെ ഭാഗമായി നടക്കും.

സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ വനിതാ സംരംഭകര്‍ നല്‍കുന്ന ദിശാബോധം, മികച്ച സ്റ്റാര്‍ട്ടപ്പ് അടിത്തറ, വളര്‍ച്ചയുടെ ആസൂത്രണവും വെല്ലുവിളികളും, സംരംഭകത്വത്തിന്റെ ഭാവി, വ്യാവസായ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും.

800 ല്‍ അധികം പേരുടെ പങ്കാളിത്തമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. 10 സെഷനുകളിലായാണ് ചര്‍ച്ചകള്‍ നടക്കുക. 

സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, ഇന്നൊവേറ്റര്‍മാര്‍ എന്നിവര്‍ക്ക് ഉച്ചകോടിയില്‍ പ്രത്യേകമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നിശ്ചിത സമയത്തേക്ക് മാത്രമാണ് ഈ വിഭാഗത്തിലെ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുകയുള്ളൂ. https://womenstartupsummit.com എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8047180470 എന്ന നമ്പറിലോ https://startupmission.kerala.gov.in/ എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.

Tags:    

Similar News