image

4 Dec 2025 10:05 PM IST

News

Vladimir Putin In India: റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയില്‍

MyFin Desk

Vladimir Putin In India: റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയില്‍
X

ലോകം ഉറ്റുനോക്കുന്ന ഇന്ത്യാ സന്ദർശനത്തിനെത്തി റഷ്യൻ പ്രസിഡൻ്റ് വ്ളാഡ്മിർ പുടിൻ. വിമാനത്താവളത്തില്‍ എത്തിയ പുടിനെ പ്രധാന മന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു. വളരെ ഊഷ്മളമായ സ്വീകരണമാണ് പുടിന് ലഭിച്ചത്. പുടിൻ്റെ ഇന്ത്യാ സന്ദര്‍ശനത്തിന് അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രാധാന്യമുണ്ട്. നിര്‍ണായക ചര്‍ച്ചകളും തന്ത്രപ്രധാനമായ നിരവധി യോഗങ്ങളും പ്രധാന പ്രഖ്യാപനങ്ങളും കൂടിക്കാഴ്ചയില്‍ പ്രതീക്ഷിക്കുന്നു.

അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച

റിപ്പോര്‍ട്ടുകള്‍ പ്രകാരം 'രഹസ്യ കൂടിക്കാഴ്ച' എന്ന് വിശേഷിപ്പിക്കാവുന്ന ഒരു യോഗത്തോടെയാണ് റഷ്യന്‍ പ്രസിഡൻ്റിൻ്റെ ഇന്ത്യാ സന്ദര്‍ശനം ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാട്മിര്‍ പുടിന്‍ എന്നിവര്‍ മാത്രം പങ്കെടുക്കുന്ന സുപ്രധാന യോഗമാണ് ആദ്യം നടക്കുക. 2024 ജൂലൈയില്‍ മോസ്‌കോ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ക്രെംലിനില്‍ സംഘടിപ്പിച്ച സ്വകാര്യ യോഗത്തിൻ്റെ രീതിയിലാണ് ദില്ലിയില്‍ കൂടിക്കാഴ്ച നടക്കുക.

പുടിൻ്റെ ഇന്ത്യാ സന്ദര്‍ശനത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളില്‍ ഒന്നായിരിക്കും ഈ കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ട്. അടച്ചിട്ട മുറിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലോക് കല്യാണ്‍ മാര്‍ഗില്‍ മോദി ഒരു സ്വകാര്യ അത്താഴവിരുന്നും സംഘടിപ്പിക്കുന്നുണ്ട്. രണ്ട് ദിവസം പുടിന്‍ ഇന്ത്യയില്‍ തങ്ങും.

നാളെ പ്രധാനമന്ത്രി മോദിയോടൊപ്പം 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും. മോദി ഉപയോഗിക്കുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ കാറിലാണ് ഇരുവരും വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്. സെപ്തംബറില്‍, ചൈനയില്‍ നടന്ന ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കിടെ പുടിന്‍ പ്രധാനമന്ത്രി മോദിക്ക് തൻ്റെ ഔദ്യോഗിക കാറില്‍ യാത്ര വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യ-റഷ്യ എണ്ണ വ്യാപാരത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുവ പ്രഖ്യാപിച്ച സമയത്തെ ആ കാര്‍ യാത്ര ഒരു കൃത്യമായ പ്രസ്താവന കൂടിയായിരുന്നു. നാളെ പ്രധാനമന്ത്രി മോദിയുമായി പുടിന്‍ ചര്‍ച്ച നടത്തും. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, വ്യാപാരവും സാമ്പത്തിക സഹകരണവും വര്‍ദ്ധിപ്പിക്കുന്നതിലായിരിക്കും ചര്‍ച്ച പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. സമീപ വര്‍ഷങ്ങളില്‍ ഈ മേഖലയില്‍ വലിയ വളര്‍ച്ചയുണ്ടായിട്ടുണ്ട്.

ആന്‍ഡ്രി ബെലോസോവ്, ആൻ്റൺ സിലുവാനോവ്, വ്ളാഡിമിര്‍ കൊളോകോള്‍ട്സോവ്, സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ എല്‍വിറ നബിയുള്ളിന എന്നിവരുള്‍പ്പെടെ ഒമ്പത് കാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ശക്തമായ ഒരു റഷ്യന്‍ പ്രതിനിധി സംഘം പുടിനൊപ്പമുണ്ട്. വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിന് പകരം ഡെപ്യൂട്ടി മന്ത്രി ആന്‍ഡ്രി റുഡെന്‍കോയാണ് വിദേശകാര്യ മന്ത്രാലയത്തെ പ്രതിനിധീകരിക്കുന്നത്. പ്രതിനിധി സംഘങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഹൈദരാബാദ് ഹൗസില്‍ നടക്കും. ഇതിന് ശേഷം ഒരു സംയുക്ത പ്രസ്താവന, റഷ്യ-ഇന്ത്യ സാമ്പത്തിക സഹകരണത്തിനായുള്ള 2030ലെ രൂപരേഖ, ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ നിര്‍മ്മാണത്തെക്കുറിച്ചുള്ള ഒരു മെമ്മോറാണ്ടം തുടങ്ങിയ നിര്‍ണായകമായ പല തീരുമാനങ്ങളും ഉണ്ടായേക്കും. വെള്ളിയാഴ്ച വൈകുന്നേരം പുടിന്‍ മോസ്‌കോയിലേക്ക് മടങ്ങും.