ഈദ് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് പൊടിപൊടിക്കുന്നു;യുഎഇ ബ്രാന്‍ഡുകള്‍ക്ക് പ്രിയമേറുന്നു
- റമദാന്‍ കാലത്ത് ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ കുതിച്ചുചാട്ടം നടത്തുകയും കൂടുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും
- മിഠായി വിഭാഗത്തിന്റെ വില്‍പ്പനയിലും വര്‍ദ്ധനവ്
- പ്രാദേശിക ബ്രാന്‍ഡുകളില്‍ നിന്നുള്ള ഓണ്‍ലൈന്‍ സമ്മാന പര്‍ച്ചേസുകളുടെ എണ്ണം 2023 നെ അപേക്ഷിച്ച് 65 ശതമാനം കൂടി
യുഎഇയില്‍ റമദാന്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് പൊടിപൊടിക്കുന്നു. ഈ വര്‍ഷം മിഡില്‍ ഈസ്റ്റിലേയും വടക്കേ ആഫ്രിക്കയിലേയും ശരാശരി ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ യുഎഇ മുന്നിലായിരിക്കും. ശരാശരി ഓര്‍ഡര്‍ മൂല്യം 102 ഡോളറാണ്. റമദാന്‍ കാലത്ത് ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ കുതിച്ചുചാട്ടം നടത്തുകയും കൂടുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്രാദേശിക ബ്രാന്‍ഡുകള്‍ക്കായുള്ള യുഎഇ ആസ്ഥാനമായുള്ള ആഗോള ഗിഫ്റ്റിംഗ് മാര്‍ക്കറ്റ് പ്ലേസ് ആയ Flowwow, അഫിലിയേറ്റ് മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോമായ Asmitad എന്നിവയാണ് പഠനം നടത്തിയത്. യുഎഇയ്ക്ക് പിന്നില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തിയ ഗള്‍ഫ് രാജ്യങ്ങള്‍ കുവൈറ്റ്,ഖത്തര്‍ എന്നിവയാണ്.
ഫ്‌ലോറിസ്റ്റിന്റെ യഥാര്‍ത്ഥ പൂച്ചെണ്ടുകളുടെ വില്‍പ്പന 2023 മുതല്‍ 2024 വരെ 220 ശതമാനം ഉയര്‍ന്നു. മിഠായി വിഭാഗത്തിന്റെ വിറ്റുവരവ് ഇതിനകം തന്നെ 2023 ലെ മൊത്തം വിറ്റുവരവിന്റെ പകുതിയാണ്. ഇഷ്ടാനുസൃതമായി രൂപകല്‍പ്പന ചെയ്ത കേക്കുകളില്‍ 36 ശതമാനം ഉയര്‍ച്ചയും വ്യക്തിഗതമാക്കിയ ബെന്റോ കേക്കുകളില്‍ 26 ശതമാനം വര്‍ധനയും കസ്റ്റമൈസ്ഡ് ഡിസൈനുകള്‍ ഉള്‍ക്കൊള്ളുന്ന ചോക്ലേറ്റ് പൊതിഞ്ഞ സ്ട്രോബെറിയില്‍ 15 ശതമാനം വര്‍ധനയും കമ്പനിയുടെ വിദഗ്ധര്‍ നിരീക്ഷിച്ചു.
വിശുദ്ധ മാസത്തിലെ പ്രധാന ദിവസങ്ങള്‍ ഇപ്പോഴും മുന്നിലാണെങ്കിലും, ഓണ്‍ലൈന്‍ ഓര്‍ഡറുകളുടെ എണ്ണം ഇതിനകം നാല് ശതമാനവും മൊത്ത വ്യാപാര മൂല്യം (ജിഎംവി) ആറ് ശതമാനവും വര്‍ദ്ധിച്ചു. ശരാശരി ഓര്‍ഡര്‍ വോളിയവും ചെറുതായി വര്‍ദ്ധിച്ചു. അതായത് 34.5 ഡോളറില്‍ നിന്ന് 35.3 ഡോളറായി.
യുഎഇയിലെ പ്രാദേശിക ബ്രാന്‍ഡുകളില്‍ നിന്നുള്ള ഓണ്‍ലൈന്‍ സമ്മാന പര്‍ച്ചേസുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 65 ശതമാനവും പെരുന്നാള്‍ അല്ലാത്ത സമയങ്ങളെ അപേക്ഷിച്ച് 84 ശതമാനവും വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഗിഫ്റ്റിങ്ങ് വിപണി വന്‍ വളര്‍ച്ചാ സാധ്യതയാണ് കാണിക്കുന്നത്.
പ്രാദേശിക ഷോപ്പുകളിലും വില്‍പ്പന മികച്ച രീതിയില്‍ തന്നെ നടക്കുന്നുണ്ട്. ഓണ്‍ലൈനിലും പ്രാദേശിക ഉത്പന്നങ്ങളാണ് കൂടുതല്‍ പേരും തെരഞ്ഞെടുക്കുന്നത്. വരും ദിവസങ്ങളിലും ഷോപ്പിങ്ങ് പൊടിപൊടിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
