പ്രവാസി നിക്ഷേപം; ഏറ്റവും ഉയർന്ന പലിശ എവിടെ?
പ്രവാസികളുടെ നിക്ഷേപത്തിന് ഏറ്റവും ഉയർന്ന പലിശ നൽകുന്ന ബാങ്കുകൾ ഏതൊക്കെ?
എൻആർഇ സ്ഥിര നിക്ഷേപങ്ങൾക്ക് മുൻനിര ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകൾ ഏതൊക്കെ?ഏറ്റവും ഉയർന്ന എൻആർഇ സ്ഥിര നിക്ഷേപ പലിശ വാഗ്ദാനം ചെയ്യുന്ന ഒരു ബാങ്ക് ഇൻഡസ്ഇൻഡ് ബാങ്കാണ്. 6.75 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ എന്നിവയും മികച്ച പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു വർഷത്തെ കാലാവധിയുള്ള നിക്ഷേപത്തിന് 6.15- 6.6 ശതമാനം പലിശ വരെ ഇപ്പോൾ ലഭ്യമാണ്.
പ്രവാസികളുടെ നിക്ഷേപത്തിന് മികച്ച പലിശ നിരക്കുമായി പല ബാങ്കുകളും രംഗത്തുണ്ട്. പൊതുമേഖലാ ബാങ്കുകളും സ്വകാര്യ മേഖലാ ബാങ്കുകളും 6.75 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുമ്പോൾ സ്മോൾ ഫിനാൻസ് ബാങ്കുകൾ 8 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയും എൻആർഐകൾക്കായി മികച്ച നിക്ഷേപ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. മൂന്നു കോടി രൂപയിൽ താഴെയുള്ള തുകക്ക് ഒരു വർഷം മുതൽ 10 വർഷം വരെയുള്ള കാലാവധിക്ക് 6.80 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ ലഭിക്കും. ഇതിന് അമൃത് വൃഷ്ടി എന്ന പ്രത്യേക പദ്ധതി എസ്ബിഐ പ്രഖ്യാപിച്ചിരുന്നു. പ്രവാസികൾക്കായി പ്രത്യേക ടേം ഡിപ്പോസിറ്റുകളുമുണ്ട്. ഒരു വർഷത്തിന് മുമ്പ് നിക്ഷേപം പിൻവലിച്ചാൽ പലിശ നൽകില്ല. 2024 ജൂലൈ 15 മുതൽ നിരക്കുകൾ ബാധകമാകും.
സേവിങ്സ് അക്കൗണ്ടുകളേക്കാൾ ഉയർന്ന പലിശ
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ ഒരു വർഷത്തെ എൻആർഇ നിക്ഷേപത്തിന് 6.6 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. പ്രവാസികളുടെ പേരിൽ മാത്രമാണ് നോൺ-റെസിഡന്റ് എക്‌സ്റ്റേണൽ (എൻആർഇ) അക്കൗണ്ട് തുറക്കാൻ കഴിയുക. ഇന്ത്യയിലെ എൻആർഇ അക്കൌണ്ടിൽ നിന്ന് ലഭിക്കുന്ന പലിശ നികുതി രഹിതമാണ്. എൻആർഇ അക്കൌണ്ടുകൾക്ക് സാധാരണ സേവിംഗ്സ് അക്കൗണ്ടുകളേക്കാൾ പലിശ കൂടുതലായിരിക്കും.
