16 Dec 2025 7:03 PM IST
Summary
2047-ഓടെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക ലക്ഷ്യം
ഇന്‍ഷുറന്‍സ് മേഖലയില്‍ 100ശതമാനം വിദേശ നിക്ഷേപം കൊണ്ടുവരുന്ന ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് ധനമന്ത്രി. സബ്ക ഭീമാ സബ്കി രക്ഷാ എന്ന പേരിലാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 2047-ഓടെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യമെന്ന് നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.
നിലവിലെ 74 ശതമാനത്തില്‍ നിന്നാണ് 100ശതമാനത്തിലേക്ക് നിക്ഷേപ പരിധി ഉയര്‍ത്തുന്നത്.1938ലെ ഇന്‍ഷുറന്‍സ് നിയമം, 1956ലെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ നിയമം, 1999ലെ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി നിയമം എന്നിവയിലാണ് മാറ്റം കൊണ്ടുവരുന്നത്.
ഇന്‍ഷുറന്‍സ് മേഖലയുടെ വളര്‍ച്ചയും വികസനവും വേഗത്തിലാക്കുക, പോളിസി ഉടമകള്‍ക്ക് മികച്ച സംരക്ഷണം ഉറപ്പാക്കുക, ബിസിനസ് ലളിതവല്‍ക്കരിക്കുക, നിയന്ത്രണങ്ങളില്‍ സുതാര്യത കൊണ്ടുവരിക, റെഗുലേറ്ററി മേല്‍നോട്ടം വര്‍ദ്ധിപ്പിക്കുക എന്നിവയും ബില്ലിന്റെ ലക്ഷ്യമാണെന്ന് മന്ത്രി അറിയിച്ചു.
അതേസമയം, ബില്‍ നിക്ഷേപക ശ്രദ്ധ സ്വകാര്യ ബാങ്കുകളുടെ ഓഹരികളിലേക്കെത്തിച്ചു. ഇന്‍ഷുറന്‍സ് കമ്മീഷനുകള്‍ക്ക് പരിധി ഏര്‍പ്പെടുത്താനുള്ള ബില്ലിലെ നിര്‍ദ്ദേശമാണ് ഇതിന് കാരണം. ബാങ്ക് ഇന്‍ഷുറന്‍സ് വഴി വരുമാനത്തില്‍ നിന്ന് ഗണ്യമായ ലാഭം നേടുന്ന ബാങ്കുകള്‍ക്ക് ഈ നീക്കം വെല്ലുവിളിയാകും. ലൈഫ്, ജനറല്‍ ഇന്‍ഷുറന്‍സ് വിതരണത്തില്‍ ശക്തമായ ബന്ധങ്ങളുള്ള ബാങ്കുകള്‍ക്കാണ് കൂടുതല്‍ ബാധ്യത. പുതിയ ബില്‍ ഏജന്റ് കമ്മീഷന് പരിധി ഏര്‍പ്പെടുത്താന്‍ അധികാരം നല്‍കുന്നു. മാത്രമല്ല, ഇടനിലക്കാര്‍ക്ക് നല്‍കാവുന്ന കമ്മീഷന്‍, പ്രതിഫലം അല്ലെങ്കില്‍ റിവാര്‍ഡ് എന്നിവയ്ക്കും പരിധി നിശ്ചയിക്കും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്‍ഷുറന്‍സ് കമ്മീഷന്‍ വഴി ഏറ്റവും കൂടുതല്‍ വരുമാനം നേടിയത് എച്ച്ഡിഎഫ്സി ബാങ്കാണ്, 6,308 കോടി, ഐസിഐസിഐ-4,474 കോടി, ആക്സിസ് ബാങ്ക് -3,174 കോടി എന്നിങ്ങനെയാണ്.
അതിനാല്‍, കമ്മീഷന്‍ ഘടനയിലെ മാറ്റങ്ങളോട് ഏറ്റവും കൂടുതല്‍ പ്രതികരിക്കുന്നതും ഈ ബാങ്കുകളായിരിക്കുമെന്നാണ് വിലയിരുത്തല്‍.ചെറുകിട ബാങ്കുകള്‍ക്കും സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് വരുമാനത്തിലുള്ള ആശ്രിതത്വം വളരെ കൂടുതലാണ്, ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ഡിസിബി ബാങ്ക് എന്നിവയുടെ വരുമാനത്തെ നീക്കം കാര്യമായി ബാധിക്കും.
താരതമ്യേന സുരക്ഷിതമായത് പൊതുമേഖല ബാങ്കുകളാണെന്നും വിദഗ്ധര്‍ പറയുന്നു.
ഇന്‍ഷുറന്‍സില്‍ നിന്ന് എസ്ബിഐയുടെ ലാഭം 2763 കോടിയാണ്. എന്നാല്‍ ഇത് നികുതിക്ക് മുന്‍പുള്ള ലാഭത്തിന്റെ 2.9ശതമാനം മാത്രമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ പ്രധാന ബാങ്കുകള്‍ക്ക്, വൈവിധ്യമാര്‍ന്ന വരുമാന സ്രോതസ്സുകള്‍ കാരണം ഈ ആഘാതം കൈകാര്യം ചെയ്യാന്‍ സാധിച്ചേക്കും. ഉയര്‍ന്ന ലോണ്‍ വളര്‍ച്ചയോ മറ്റ് ഫീസുകളിലെ നേട്ടമോ വഴി ഈ നഷ്ടം നികത്താന്‍ അവര്‍ ശ്രമിക്കേണ്ടിവരുമെന്നും അവര്‍ വ്യക്തമാക്കി.
പഠിക്കാം & സമ്പാദിക്കാം
Home
