ദുർബലമായ ആഗോള ട്രെൻഡുകളും, ലാഭമെടുപ്പും വിപണിയെ വീഴ്ത്തി
വിപണിയിൽ ഇന്ന് വലിയ തോതിലുള്ള ചാഞ്ചാട്ടമാണ് ഉണ്ടായത്. സെൻസെക്‌സിലും നിഫ്റ്റിയിലും ഉണ്ടായ കയറ്റിറക്കങ്ങൾക്കൊടുവിൽ നേരിയ നഷ്ടത്തിൽ വ്യാപാരം അവസാനിച്ചു. വലിയൊരു ഗാപ് ഡൌണിൽ ആരംഭിച്ച വിപണി, പിന്നീട് എനർജി, മെറ്റൽ എഫ്എംസിജി ഓഹരികളിലുണ്ടായ വാങ്ങലുകളിൽ തിരിച്ചു വന്നിരുന്നു. എന്നാൽ, ഉയർന്ന നിലയിൽ ലാഭമെടുപ്പ് സംഭവിച്ചതിനാൽ സെൻസെക്‌സും നിഫ്റ്റിയും വീണ്ടും ഇടിഞ്ഞ് നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 150.48 പോയിന്റ് (0.28 ശതമാനം) താഴ്ന്ന് 53,026.97 ൽ വ്യാപാരം അവസാനിച്ചപ്പോൾ, നിഫ്റ്റി 51.10 പോയിന്റ് (0.32 ശതമാനം ) താഴ്ന്ന് […]
വിപണിയിൽ ഇന്ന് വലിയ തോതിലുള്ള ചാഞ്ചാട്ടമാണ് ഉണ്ടായത്. സെൻസെക്‌സിലും നിഫ്റ്റിയിലും ഉണ്ടായ കയറ്റിറക്കങ്ങൾക്കൊടുവിൽ നേരിയ നഷ്ടത്തിൽ വ്യാപാരം അവസാനിച്ചു. വലിയൊരു ഗാപ് ഡൌണിൽ ആരംഭിച്ച വിപണി, പിന്നീട് എനർജി, മെറ്റൽ എഫ്എംസിജി ഓഹരികളിലുണ്ടായ വാങ്ങലുകളിൽ തിരിച്ചു വന്നിരുന്നു. എന്നാൽ, ഉയർന്ന നിലയിൽ ലാഭമെടുപ്പ് സംഭവിച്ചതിനാൽ സെൻസെക്‌സും നിഫ്റ്റിയും വീണ്ടും ഇടിഞ്ഞ് നഷ്ടത്തിൽ അവസാനിച്ചു.
സെൻസെക്സ് 150.48 പോയിന്റ് (0.28 ശതമാനം) താഴ്ന്ന് 53,026.97 ൽ വ്യാപാരം അവസാനിച്ചപ്പോൾ, നിഫ്റ്റി 51.10 പോയിന്റ് (0.32 ശതമാനം ) താഴ്ന്ന് 15,799.10 ലുമാണ് ക്ലോസ് ചെയ്തത്.
യുഎസ് വിപണിയിലെ വൻ തോതിലുള്ള ഓഹരി വിറ്റഴിക്കലും, ദുർബലമായ ഏഷ്യൻ-യൂറോപ്പ്യൻ വിപണികളും ആഭ്യന്തര വിപണി ഇടിയുന്നതിനു കാരണമായി. എങ്കിലും ആഭ്യന്തര വിപണിയിലുണ്ടായ നഷ്ടം വിദേശ വിപണികളിലുണ്ടായതിനേക്കാളും കുറവായിരുന്നു. സൗത്ത് കൊറിയയുടെ കോസ്‌പി സൂചിക 1.82 ശതമാനവും, ഷാങ്ങ്ഹായ്
കോംപൊസിറ്റ് 1.40 ശതമാനവും നഷ്ടത്തിലായിരുന്നു. ഹോംഗ് കോങ്ങിലെ ഹാങ്ങ് സെങ്, തായ്‌വാൻ വെയ്‌റ്റഡ് എന്നിവ യഥാക്രമം 1.88 ശതമാനവും, 1.29 ശതമാനവും ഇടിഞ്ഞു. യൂറോസോണിലെ പ്രധാന വിപണികളെല്ലാം വൻ നഷ്ടത്തിലായിരുന്നു. സമ്പദ് വ്യവസ്ഥയിൽ ഉണ്ടായേക്കാവുന്ന മാന്ദ്യ ഭീതിയുടെ പശ്ചാത്തലത്തിൽ, ഉപഭോക്താക്കളുടെ ആത്മവിശ്വാസം ജൂൺ മാസത്തിൽ ഒന്നര വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്നുവെന്ന റിപ്പോർട്ട് അമേരിക്കയിൽ ഇന്നലെ പുറത്തുവന്നിരുന്നു. ഇത് ആഗോള വിപണികളിലെല്ലാം വിറ്റഴിക്കലിന് പ്രേരകമായി.
"സമ്മിശ്ര സൂചനകൾ മൂലം വിപണിയുടെ ഗതി നിർണയിക്കാൻ ഇപ്പോൾ ബുദ്ധിമുട്ടാണ്. ചൈനയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നത് ശുഭകരമാണ്. എന്നാൽ, യുഎസ്സിൽ നിന്നുള്ള കുറഞ്ഞ ഉപഭോക്തൃ ആത്മവിശ്വാസ കണക്കുകൾ വളർച്ചയെയും, പണപ്പെരുപ്പത്തെയും കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചു. അതിനാൽ, മുന്നോട്ടു നോക്കുമ്പോൾ, വിപണിയിൽ ഇതേ ചാഞ്ചാട്ടം തുടരാനാണ് സാധ്യത," മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവ്വീസസിന്റെ റീട്ടെയിൽ റിസേർച്ച് ഹെഡ് സിദ്ധാർത്ഥ ഖേംക പറഞ്ഞു.
ആഭ്യന്തര വിപണിയിൽ രൂപ വീണ്ടും, ഡോളറിനെതിരെ, 79 എന്ന നിലയും കടന്ന് എക്കാലത്തെയും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തി. ഇന്ന് 79.03 ലാണ് ഇന്ത്യൻ കറൻസി ക്ലോസ് ചെയ്തത്.
"നഷ്ടത്തിൽ അവസാനിക്കുന്നതിനു മുമ്പ് നിഫ്റ്റി ഇന്ന് ദുർബലമായ തിരിച്ചു വരവിനു ശ്രമിച്ചിരുന്നു. താഴത്തെ നിലയിൽ, 15,650-15,700 പിന്തുണ നിലയായി പ്രവർത്തിച്ചു. തലേ ദിവസത്തെ ക്ലോസിങ് നില ഇന്ന് പ്രതിരോധ നിലയായി മാറി. ഹ്രസ്വകാലത്തേക്ക് ഇത്തരത്തിൽ 'നെഗറ്റീവ്' സ്വഭാവമുള്ള, വശങ്ങളിലേക്കുള്ള വ്യാപാരമാവും കാണപ്പെടുക. 15,650 നും താഴോട്ട് പോവുകയാണെകിൽ വലിയൊരു തകർച്ചയാണ് ഉണ്ടാവുക. മുകളിലേക്ക് പോവുകയാണെങ്കിൽ 15,900-16,000 പ്രതിരോധമായി രൂപപ്പെടാം," എൽകെപി സെക്യൂരിറ്റീസിന്റെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് രൂപക് ദേ പറഞ്ഞു.
വിപണിയിൽ ഇന്ന് വ്യാപാരത്തിനെത്തിയ ഓഹരികളിൽ 1,781 എണ്ണം നഷ്ടത്തിലായപ്പോൾ 1,521 എണ്ണം ലാഭത്തിലും അവസാനിച്ചു.
