5 Dec 2025 1:29 PM IST
Summary
ഐഫോണിലെ ലിക്വിഡ് ഗ്ലാസ് ഇന്റര്‍ഫെയ്സ് ഒരുക്കിയ
ആപ്പിളിന്റെ യൂസര്‍ ഇന്റര്‍ഫെയ്സ് മേധാവി അലന് ഡൈ തട്ടിയെടുത്ത് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റ. ആപ്പിളില്‍ ദീര്‍ഘകാലം ഡിസൈനറായി പ്രവര്‍ത്തിച്ച സ്റ്റീഫന്‍ ലീമേ ആയിരിക്കും ഇനി ആപ്പിളിന്റെ യൂസര്‍ ഇന്റര്‍ഫെയ്സ് മേധാവി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആപ്പിളിന് അവരുടെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. പലരും എതിരാളികളായ സ്ഥാപനങ്ങളിലേക്ക് പോവുകയാണ്. പ്രത്യേകിച്ചും മെറ്റയിലേക്കാണ് പലരും പോവുന്നത്. 20 വര്‍ഷത്തിലേറെ അനുഭവപരിചയമുള്ള അലന് ഡൈയെ ലഭിക്കുന്നത് മെറ്റയെ സംബന്ധിച്ച് വലിയ നേട്ടമാണ്. എഐ സ്മാര്‍ട് ഗ്ലാസുകള്‍, വിആര്‍ ഉപകരണങ്ങള്‍ ഉള്‍പ്പടെ വിവിധ കണ്‍സ്യൂമര്‍ ഉപകരണ നിര്‍മാണത്തില്‍ കമ്പനി വന്‍തോതില്‍ നിക്ഷേപം നടത്തുന്നതിനിടെയാണ് ഈ നീക്കം. ഡിസംബര്‍ 31 ന് മെറ്റയില്‍ ചേരുന്ന അലന് മെറ്റയുടെ ചീഫ് ടെക്നോളജി ഓഫീസര്‍ ആന്‍ഡ്രൂ ബോസ് വര്‍ത്തിന് കീഴിലായിരിക്കും പ്രവര്‍ത്തിക്കുക.
ഡിസൈന്‍, ഫാഷന്‍, സാങ്കേതികവിദ്യ എന്നിവ സംയോജിക്കുന്ന പുതിയ ക്രിയേറ്റീവ് സ്റ്റുഡിയോക്ക് അലന് നേതൃത്വം നല്‍കുമെന്ന് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ബുധനാഴ്ച പറഞ്ഞു. ആപ്പിള്‍ അടുത്തിടെ അവതരിപ്പിച്ച ഐഒഎസ് 26 ലെ ലിക്വിഡ് ഗ്ലാസ് ഇന്റര്‍ഫെയ്സിന്റെ രൂപകല്പനയ്ക്ക് നേതൃത്വം നല്കിയ വ്യക്തിയാണ് അലന് ഡൈ. ജൂണില്‍ നടന്ന വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ് ഈ ഡിസൈന്‍ ആദ്യം അവതരിപ്പിച്ചത്. ഐഫോണ്‍ 17 സീരീസിനൊപ്പം ഇത് പുറത്തിറക്കുകയും ചെയ്തു. സുതാര്യമായ ബട്ടനുകളോടുകൂടിയ പുതുമയുള്ള ഡിസൈന്‍ ആണിത്. ഇതുവഴി ഐഒഎസ് ഇന്റര്‍ഫെയ്സിന് പുതുമയുള്ള രൂപം നല്കാന് കമ്പനിക്ക് സാധിച്ചു. കമ്പനിയുടെ സോഫ്റ്റ് വെയറിന്റെ അടുത്ത അധ്യായമാണിതെന്നാണ് പുതിയ ഡിസൈന്‍ അവതരിപ്പിച്ചുകൊണ്ട് അലന് ഡൈ പറഞ്ഞത്. എന്നാല്‍ പുതിയ ഡിസൈനിന് സമ്മിശ്ര പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചത്.
2014 ല്‍ ആപ്പിളിന്റെ വിഖ്യാതനായ പ്രൊഡക്ട് ഡിസൈനര്‍ ജോണി ഐവ് ആപ്പിളിലെ ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നിന്നപ്പോഴാണ് അലന് ഡൈ യൂസര്‍ ഇന്റര്‍ഫെയ്സ് ഡിസൈന്‍ വിഭാഗം ഏറ്റെടുത്ത് കമ്പനിയുടെ ഡിസൈന്‍ സ്റ്റുഡിയോ മേധാവിമാരില്‍ ഒരാളായി മാറിയത്. 2006 ല്‍ മാര്‍ക്കറ്റിങ് ആന്റ കമ്മ്യൂണിക്കേഷന്‍ എക്സിക്യൂട്ടീവ് ആയാണ് ഡൈ ആപ്പിളില്‍ എത്തിയത്. പിന്നീട് ഐഫോണ്‍, ഐപാഡ്, മാക്ക്, ആപ്പിള്‍ വാച്ച്, ആപ്പിള്‍ ടിവി, വിഷന്‍ പ്രോ എന്നീ ഉപകരണങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. അലന് ഡൈക്ക് ശേഷം ചുമതലയേറ്റെടുക്കുന്ന സ്റ്റീഫന്‍ ലീമേ 1999 മുതല്‍ ആപ്പിളില്‍ ഉള്ളയാളാണ്.
പഠിക്കാം & സമ്പാദിക്കാം
Home
