16 Dec 2025 9:37 PM IST
Summary
20-ലധികം സുരക്ഷാ പ്രശ്നങ്ങളാണ് പുതിയ അപ്ഡേറ്റില്‍ പരിഹരിച്ചിട്ടുള്ളത്
ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി ആപ്പിള്‍ പുതിയ ഐഒഎസ് 26.2 അപ്ഡേറ്റ് പുറത്തിറക്കി. ഗുരുതരമായ സുരക്ഷാ പിഴവുകള്‍ക്കുള്ള പരിഹാരങ്ങള്‍ ഈ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഫോണുകള്‍ എത്രയും വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് ഉപഭോക്താക്കളോട് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി.
ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പ് കണ്ടെത്തിയ രണ്ട് 'സീറോ-ഡേ' പിഴവുകള്‍ ഉള്‍പ്പെടെ 20-ലധികം സുരക്ഷാ പ്രശ്നങ്ങളാണ് ഐഒഎസ് 26.2ല്‍ പരിഹരിച്ചിരിക്കുന്നത്. സഫാരി ബ്രൗസറുമായി ബന്ധപ്പെട്ട വെബ്കിറ്റ് പിഴവുകള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് ഫോണില്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടായിരുന്നു.
മാധ്യമപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ട മെര്‍സനറി സ്പൈവെയര്‍ ആക്രമണങ്ങള്‍ക്ക് ഇതുപയോഗിച്ചേക്കാമെന്ന ആശങ്കയും റിപ്പോര്‍ട്ടുകളില്‍ ഉയര്‍ന്നിട്ടുണ്ട്. സുരക്ഷയ്ക്കൊപ്പം ചില പുതിയ ഫീച്ചറുകളും അപ്ഡേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോക്ക് സ്ക്രീനിലെ 'ലിക്വിഡ് ഗ്ലാസ്' ഇന്റര്‍ഫേസിലെ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്നും, ഡിസ്പ്ലേയുടെ ഒപ്പാസിറ്റി ഇഷ്ടാനുസരണം ക്രമീകരിക്കാന്‍ പുതിയ സ്ലൈഡര്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും ആപ്പിള്‍ അറിയിച്ചു.
ആപ്പിള്‍ മ്യൂസിക്കില്‍ ഇനി പാട്ടുകളുടെ ലിറിക്സ് ഓഫ്ലൈനായും ലഭിക്കും. പോഡ്കാസ്റ്റ് ആപ്പില്‍ ഓട്ടോ-ജനറേറ്റഡ് ട്രാന്‍സ്ക്രിപ്റ്റുകളും ചാപ്റ്ററുകളും ചേര്‍ത്തിട്ടുണ്ട്.
എയര്‍ഡ്രോപ്പിലൂടെ അപരിചിതരില്‍ നിന്ന് ഫയല്‍ സ്വീകരിക്കാന്‍ ഇനി പിന് വെരിഫിക്കേഷന് നിര്‍ബന്ധമാക്കുന്നതും അപ്ഡേറ്റിന്റെ പ്രധാന സവിശേഷതയാണ്. ഗെയിംസ് ആപ്പില്‍ ഫയല്‍ സൈസ് അനുസരിച്ച് ഗെയിമുകള്‍ തരംതിരിക്കാന്‍ സാധിക്കും. ഹെല്‍ത്ത് ആപ്പില്‍ ഉറക്കത്തിന്റെ നിലവാരം വിലയിരുത്തുന്ന 'സ്ലീപ്പ് സ്കോര്‍' എന്ന പുതിയ ഫീച്ചറും എത്തിച്ചിട്ടുണ്ട്.
സുരക്ഷയും സ്വകാര്യതയും മുന്‍നിര്‍ത്തിയുള്ള ഈ അപ്ഡേറ്റ്, എല്ലാ ഐഫോണ്‍ ഉപയോക്താക്കളും ഉടന്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ആപ്പിള്‍ നിര്‍ദേശിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
