image

5 Dec 2025 2:29 PM IST

Technology

ഓസ്‌ട്രേലിയയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം

Vivek

ഓസ്‌ട്രേലിയയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം
X

Summary

അക്കൗണ്ടുകൾ നീക്കം ചെയ്ത് തുടങ്ങി മെറ്റ


ഓസ്‌ട്രേലിയയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തു തുടങ്ങി മെറ്റ. ഇത്തരത്തിൽ ലോകത്തിലെ ആദ്യത്തെ നിരോധനം ഓസ്ട്രേലിയയിൽ പ്രാബല്യത്തിൽ വരുന്നതിന് ഒരാഴ്ച ബാക്കിനിൽക്കെയാണ് മെറ്റ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് കുട്ടികളുടെ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ തുടങ്ങിയത്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ത്രെഡ്‌സ് എന്നീ പ്ലാറ്റ്‌ഫോമുകളിൽ നിന്നാണ് 16 വയസ്സിന് താഴെയുള്ളവരെ ഒഴിവാക്കുന്നത്.മെറ്റയുടെ പ്ലാറ്റ്‌ഫോമുകൾക്ക് പുറമെ, യൂട്യൂബ്, എക്‌സ്, ടിക് ടോക്, സ്‌നാപ്ചാറ്റ്, റെഡിറ്റ്, കിക്ക്, ട്വിച്ച് തുടങ്ങിയ മറ്റ് സോഷ്യൽ മീഡിയ സൈറ്റുകളെയും ഈ നിരോധനം ബാധിക്കുന്നുണ്ട്.

16 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ തെറ്റായി ഉൾപ്പെടുത്തി അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടു എന്ന് കരുതുന്ന കൗമാരക്കാർക്ക്, അവരുടെ പ്രായം ശരിയാണെന്ന് തെളിയിക്കുന്നതിനായി "വീഡിയോ സെൽഫി" വഴിയോ ഡ്രൈവിംഗ് ലൈസൻസ് പോലുള്ള സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകൾ വഴിയോ അപ്പീൽ നൽകാം.ഈ നിയമം ഔദ്യോഗികമായി ഡിസംബർ 10-നാണ് നിലവിൽ വരുന്നത്. എന്നാൽ, ഡിസംബർ 4 മുതൽ അക്കൗണ്ടുകൾ അടച്ചുപൂട്ടാൻ തുടങ്ങുമെന്ന് 13 മുതൽ 15 വയസ്സുവരെയുള്ള ഉപയോക്താക്കളെ മെറ്റാ നവംബറിൽ തന്നെ അറിയിച്ചിരുന്നു. ഏകദേശം 150,000 ഫേസ്ബുക്ക് ഉപയോക്താക്കളെയും 350,000 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളെയും ഈ നടപടി ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. നിയമം പാലിക്കുന്നതിൽ കമ്പനികൾ വീഴ്ച വരുത്തിയാൽ 49.5 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ വരെ പിഴ ചുമത്തും. സോഷ്യൽ മീഡിയയുടെ ദൂഷ്യവശങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നിരോധനം കൊണ്ടുവന്നിരിക്കുന്നത്.