എയര്‍ടെല്‍ ലോഹെഗാവ് എയര്‍പോര്‍ട്ടില്‍ 5ജി സേവനങ്ങള്‍ ആരംഭിച്ചു

ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, സിലിഗുരി,നാഗ്പൂര്‍,വാരാണസി എന്നിങ്ങനെ 8 നഗരങ്ങളിലാണ് ആദ്യ ഘട്ട സേവനങ്ങള്‍ കമ്പനി ആരംഭിച്ചത്.

Update: 2022-11-20 08:36 GMT

airtel launches 5g network in Pune International airport

പുനെ: ഭാരതി എയര്‍ടെല്ലിന്റെ 5ജി സേവനങ്ങള്‍ പുനെയിലെ ലോഹെഗാവ് എയര്‍പോര്‍ട്ടില്‍ ആരംഭിച്ചു. ഇതോടെ 5ജി സേവനങ്ങള്‍ ആരംഭിക്കുന്ന ആദ്യത്തെ വിമാനത്താവളമായി ലോഹെഗാവ് എയര്‍പോര്‍ട്ട് മാറി. ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ 5ജി പ്ലസ്, നിലവിലുള്ള 4 ജി സിമ്മുകളില്‍ തന്നെ ലഭ്യമാകുമെന്നും അതിനായി ഡാറ്റ പ്ലാന്‍ അപ്പ് ഗ്രെഡ് ചെയേണ്ടതില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഒക്ടോബറിലാണ് എയര്‍ടെല്‍ ആദ്യമായി 5ജി പ്ലസ് പ്രഖ്യാപിച്ചത്.

ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, സിലിഗുരി,നാഗ്പൂര്‍,വാരാണസി എന്നിങ്ങനെ 8 നഗരങ്ങളിലാണ് ആദ്യ ഘട്ട സേവനങ്ങള്‍ കമ്പനി ആരംഭിച്ചത്. തുടര്‍ന്ന് പാനിപ്പട്ട്, ഗുരുഗ്രാം എന്നിവിടങ്ങളിലേക്കും സേവനം വിപുലീകരിച്ചു.

അടുത്ത വര്‍ഷത്തോടെ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും 5ജി ടെക്നോളജി പ്രാപ്തമാക്കുമെന്ന് കമ്പനി അറിയിച്ചു. നിലവിലുള്ള 4ജിയെക്കാള്‍ 20 മുതല്‍ 30 മടങ്ങ് വരെ ഉയര്‍ന്ന വേഗതയും മികച്ച വോയ്സ് അനുഭവവും സൂപ്പര്‍ ഫാസ്റ്റ് കോള്‍ കണക്ഷനും നല്‍കാനാണ് എയര്‍ടെല്‍ ലക്ഷ്യമിടുന്നത്.

മത്സരം കടുപ്പിച്ച് ജിയോയും

ഇന്ത്യന്‍ ടെലികോം ചരിത്രത്തിലെ ഇതുവരെയുള്ളതിലെ അതിവേഗ ഡൗണ്‍ലോഡ് സ്പീഡ് കാഴ്ച്ചവെച്ചുവെന്ന് റിലയന്‍സ് ജിയോ ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു. പ്രമുഖ ടെലികോം ന്യൂസ് പോര്‍ട്ടലായ ടെലി ടോക്ക് പുറത്ത് വിട്ട് റിപ്പോര്‍ട്ട് പ്രകാരം ഡെല്‍ഹിയില്‍ കമ്പനി നടത്തിയ 5ജി ബീറ്റാ ട്രയിലില്‍ 600 എംബിപിഎസ് ഡൗണ്‍ലോഡിംഗ് സ്പീഡാണ് രേഖപ്പെടുത്തിയത്.

നിലവിലെ 4ജി ഡൗണ്‍ലോഡിംഗ് സ്പീഡിലും ജിയോ തന്നെയാണ് മുന്നില്‍. ഇത് ശരാശരി 21-22 എംബിപിഎസ് സ്പീഡ് വരെയാണ് വരിക. 4ജിയുമായി താരതമ്യം ചെയ്ത് നോക്കിയാല്‍ 25 ഇരട്ടിയിലേറെ വേഗതയാണ് 5ജി കാഴ്ച്ചവെച്ചിരിക്കുന്നത്. ആഗോള നെറ്റ് വര്‍ക്ക് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ഓക്ലയാണ് 5ജി സ്പീഡ് സംബന്ധിച്ച വിശദവിവരങ്ങള്‍ ആദ്യം പുറത്ത് വിട്ടത്.

വളരെ കുറച്ച് യൂസേഴ്സിനെ ഉള്‍പ്പെടുത്തിയാണ് 5ജി ബീറ്റാ ട്രയല്‍ നടത്തിയതെങ്കിലും 5ജി സേവനം വ്യാപിപ്പിച്ചാലും ഡൗണ്‍ലോഡ് സ്പീഡ് 500 എംബിപിഎസില്‍ താഴേയ്ക്ക് പോകില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഡെല്‍ഹിയ്ക്ക് പുറമേ രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും സ്പീഡ് ടെസ്റ്റ് നടത്തിയിരുന്നു. കൊല്‍ക്കത്തയില്‍ 482.02 എംബിപിഎസ്, മുംബൈയില്‍ 515.38 എംബിപിഎസ്, വാരണാസിയില്‍ 485.22 എംബിപിഎസ് എന്നിങ്ങനെ 5ജി ഡൗണ്‍ലോഡ് സ്പീഡ് ജിയോ രേഖപ്പെടുത്തി.

Tags:    

Similar News