image

14 March 2022 9:00 AM GMT

Fixed Deposit

യുദ്ധം; എംഎസ്എംഇ വായ്പാ തിരിച്ചടവില്‍ പ്രതിസന്ധി ഭയന്ന് ബാങ്കുകൾ

MyFin Desk

യുദ്ധം; എംഎസ്എംഇ വായ്പാ തിരിച്ചടവില്‍ പ്രതിസന്ധി ഭയന്ന് ബാങ്കുകൾ
X

Summary

ഇതിനകം തന്നെ പ്രതിസന്ധിയില്‍ തുടരുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയ്ക്ക് (എം എസ് എം ഇ) കൂനിന്‍മേല്‍ കുരുവായി റഷ്യ- യുക്രെയിന്‍ യുദ്ധം. രണ്ട് വര്‍ഷമായി ഭാഗീകമായെങ്കിലും അടഞ്ഞ് കിടന്ന ഈ മേഖല കോവിഡ് ഭീതി ഒഴിഞ്ഞ പശ്ചാത്തലത്തില്‍ സാവധാനം കര പറ്റാന്‍ ഒരുങ്ങുമ്പോഴാണ് ഇടിത്തീ ആയി യുദ്ധം വന്നത്. ഇത്തരം സംരഭങ്ങളിലെ നല്ലൊരു ശതമാനവും നാമമാത്ര ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇവയാണ് യുദ്ധം ഉണ്ടാക്കിയ വിലക്കയറ്റിത്തില്‍ പിടിച്ച് നില്‍ക്കാനാവാതെ നട്ടം തിരിയുന്നത്. ഇതു മൂലം


ഇതിനകം തന്നെ പ്രതിസന്ധിയില്‍ തുടരുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയ്ക്ക് (എം എസ് എം ഇ) കൂനിന്‍മേല്‍ കുരുവായി റഷ്യ- യുക്രെയിന്‍ യുദ്ധം. രണ്ട്...

 

ഇതിനകം തന്നെ പ്രതിസന്ധിയില്‍ തുടരുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയ്ക്ക് (എം എസ് എം ഇ) കൂനിന്‍മേല്‍ കുരുവായി റഷ്യ- യുക്രെയിന്‍ യുദ്ധം. രണ്ട് വര്‍ഷമായി ഭാഗീകമായെങ്കിലും അടഞ്ഞ് കിടന്ന ഈ മേഖല കോവിഡ് ഭീതി ഒഴിഞ്ഞ പശ്ചാത്തലത്തില്‍ സാവധാനം കര പറ്റാന്‍ ഒരുങ്ങുമ്പോഴാണ് ഇടിത്തീ ആയി യുദ്ധം വന്നത്. ഇത്തരം സംരഭങ്ങളിലെ നല്ലൊരു ശതമാനവും നാമമാത്ര ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇവയാണ് യുദ്ധം ഉണ്ടാക്കിയ വിലക്കയറ്റിത്തില്‍ പിടിച്ച് നില്‍ക്കാനാവാതെ നട്ടം തിരിയുന്നത്. ഇതു മൂലം ഈ മേഖലയിലെ വായ്പാതിരിച്ചടവില്‍ വീണ്ടും പ്രതിസന്ധി നേരിട്ടേക്കും എന്ന ഭീതിയിലാണ് ബാങ്കുകളും.

നിഷ്ക്രിയ ആസ്തി

സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭ മേഖലകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി 2020 സെപ്റ്റംബറിലെ 1,45,673 കോടി രൂപയില്‍ നിന്ന് 2021 സെപ്റ്റംബര്‍ വരെ 20,000 കോടി രൂപ വര്‍ധിച്ച് 1,65,732 കോടി രൂപയായതായി ആബിഐ പുറത്തു വിട്ടിരുന്ന കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭ മേഖലയുടെ നിഷ്‌ക്രിയ ആസ്തികളില്‍ ഭൂരിഭാഗവും പൊതുമേഖലാ ബാങ്കുകളിലാണ്. ഇത് 1,37,087 കോടി രൂപയാണെന്ന് ആര്‍ബിഐ പറയുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളില്‍, 2021 സെപ്തംബര്‍ വരെ പിഎന്‍ബിക്ക് 25,893 കോടി രൂപയും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 24,394 കോടി രൂപയും, യൂണിയന്‍ ബാങ്ക് 22,297 കോടി രൂപയും കാനറ ബാങ്കിന് 15,299 കോടി രൂപയും സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭ മേഖലയുടെ നിഷ്‌ക്രിയ ആസ്തികള്‍ ഉണ്ടെന്ന് ആര്‍ബിഐ പറയുന്നു.

വില കയറ്റം

തൊഴില്‍ എന്ന മുഖ്യ പരിഗണനയില്‍ പ്രവര്‍ത്തിക്കുന്ന ഇടത്തരം സംരഭങ്ങളില്‍ ഏറിയ പങ്കും നേരിയ ലാഭത്തിലെങ്കിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവയുടെ പ്രധാന അസംസ്‌കൃത വസ്തുക്കളിലൊന്നാണ് ലോഹങ്ങള്‍, പ്രത്യേകിച്ച് സ്റ്റീല്‍ പോലുള്ള വസ്തുക്കള്‍. ഇത് കൂടാതെ വിവധ രാസവസതുക്കള്‍, അലുമിനിയം, ചെമ്പ്, സിങ്ക്, പോളിമര്‍, ബിറ്റുമെന്‍, എമല്‍ഷന്‍ തുടങ്ങി പലതരം അസംസ്‌കൃത വസ്തുക്കളും അസംസ്‌കൃത വസ്തുക്കളായി ഇവ ഇറക്കുമതി ചെയ്യുന്നുണ്ട്. യുദ്ധത്തെ തുടര്‍ന്ന് ഇവയുട ലഭ്യത വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ഇത് വലിയ തോതില്‍ വിലക്കയറ്റവും ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരം ഉത്പന്നങ്ങളുടെ വിതരണ ശൃംഖലയെ യുദ്ധം ബാധിക്കുന്നതിനാല്‍ വിവിധതരം സ്റ്റീല്‍ ഉത്പന്നങ്ങളായ ഹോട്ട്-റോള്‍ഡ് കോയിലിന്റെയും (എച്ച്ആര്‍സി) ടിഎംടി ബാറുകളുടെയും വില ടണ്ണിന് 5,000 രൂപ വരെ വര്‍ധിപ്പിച്ചിരിക്കുന്നു. ഇത്തരത്തില്‍ മറ്റ് അസംസ്‌കൃത വസ്തുക്കള്‍ക്കു വില വര്‍ധിച്ചു. ഇതു മൂലം ഇപ്പോള്‍ തന്നെ പ്രതിസന്ധി രൂക്ഷമായ ഈ മേഖലയില്‍ വീണ്ടും നിര്‍മാണ ചെലവ് ഉയരുകയാണ്.

എണ്ണവില

ഇതിനെല്ലാം പുറമെയാണ് എണ്ണ വിലയും കുതിച്ചുയരുന്നത്. ബ്രെന്റ് ക്രൂഡിന്റെ വില മുകളിലേക്കാണ്. ബാരലിന് 109 ഡോളര്‍ വരെ എത്തിനില്‍ക്കുന്ന സാഹചര്യമാണുള്ളത്. ഇതോടെ ഇന്ധന വില കുത്തനെ ഉയരും. പല വലിയ വ്യവസായങ്ങളുടെയും അംസസ്‌കൃത വസ്തുവായ എം എസ് എം ഇ കളുടെ ഉത്പന്നത്തിന്റെ ഗതാഗത ചെലവും വലിയ തോതില്‍ വര്‍ധിക്കും. ഇത് ഇത്തരം യൂണിറ്റുകളുടെ പ്രതിസന്ധി രൂക്ഷമാക്കും. മറ്റ് വ്യവസായങ്ങളെ അപേക്ഷിച്ച് നേരിയ മാര്‍ജിനില്‍ പ്രവര്‍ത്തിക്കുന്നവയായതിനാലും കോവിഡിന് ശേഷം നിലവില്‍ വലിയ തോതില്‍ ബാധ്യത ഉള്ളതിനാലും ഇത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നാണ് ആശങ്ക.

കോവിഡ് പ്രതിസന്ധി ഏല്‍പ്പിച്ച ആഘാതവും ചെറുതൊന്നുമായിരുന്നില്ല. അത്തരം ഒരു പ്രതിസന്ധിയെ നേരിടുന്നതില്‍ ആര്‍ക്കും മുന്‍ പരിചയമില്ലായിരുന്നു. ഫിനിഷ്ഡ് ഗുഡ്സ് വിതരണം, അസംസ്‌കൃത വസ്തുക്കള്‍ ഏറ്റെടുക്കല്‍, ഉല്‍പ്പാദന, വിതരണ പ്രവര്‍ത്തനങ്ങളില്‍ ജോലി ചെയ്യാനുള്ള ജീവനക്കാരുടെ ലഭ്യത എന്നിവയില്‍ നീണ്ട ലോക്ക്ഡൗണ്‍ പ്രതികൂലമായി ബാധിച്ചു. കോവിഡിനെ തുടര്‍ന്ന് 9 ശതമാനം സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭങ്ങളും പൂട്ടി പോയതായി സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നു.

നോട്ട് നിരോധനം, ജിഎസ് ടി

കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ഇന്ത്യയിലെ എം എസ് എം ഇ കള്‍ക്ക് പ്രതിസന്ധിയുടെ നാളുകളാണ്. നോട്ട് നിരോധനവും ജി എസ് ടിയും കടന്നുവന്നപ്പോഴാണ് എംഎസ്എംഇകള്‍ തകര്‍ച്ചയിലേക്ക് നീങ്ങിയത്. ചെറുകിട ഇടത്തരം കച്ചവടക്കാരിലേക്കുള്ള സാധനങ്ങളുടെ വിതരണം മുടങ്ങുന്നതിനും നോട്ട് നിരോധനം കാരണമായി. അസംസ്‌കൃത വസ്തുക്കളുടെ വിതരണം കുറഞ്ഞതോടെ തൊഴില്‍ ലഭ്യതയും കുറഞ്ഞു. നോട്ട് നിരോധനവും ജി എസ് ടിയും ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഈ മേഖലയില്‍ 35 ലക്ഷം ആളുകള്‍ക്ക് ജോലി നഷ്ടമായി. ഇത്തരത്തില്‍ നോട്ടുനിരോധനവും ചരക്ക് സേവന നികുതിയും സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭ മേഖലയെ പ്രതികൂലമായി ബാധിച്ചു. ഓള്‍ ഇന്ത്യാ മാനുഫാക്ച്ചറേഴ്‌സ് ഓര്‍ഗനൈസേഷന്‍ നടത്തിയ സര്‍വേ പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ നോട്ടുനിരോധനവും ചരക്ക് സേവന നികുതിയും നടപ്പിലാക്കിയതും മൂലം വ്യാപാരമേഖലയില്‍ 43 ശതമാനവും, മൈക്രോ മേഖലയില്‍ 32 ശതമാനവും, ചെറുകിട സ്ഥാപനങ്ങളില്‍ 35 ശതമാനവും ഇടത്തരം സ്ഥാപനങ്ങളില്‍ 24 ശതമാനവും തൊഴിലുകള്‍ നഷ്ടപെട്ടതായി പറയുന്നു.

ആകെ 6.3 കോടി

രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കുന്നൊരു മേഖലയാണ് സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭ മേഖല (എംഎസ്എംഇ). 2021ലെ കണക്കുകള്‍ പ്രകാരം ഏകദേശം 6.3 കോടി എംഎസ്എഇകളാണ് നിലവിലുള്ളത്. ജിഡിപിയുടെ 30 ശതമാനം ഈ മേഖലയില്‍ നിന്നുമാണ്. അതായത് ഈ വ്യവസായങ്ങളുടെ വളര്‍ച്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ നേരിട്ട് സ്വാധീനിക്കുന്ന ഒന്നാണ്. ഇത്തരമൊരു മേഖലയില്‍ നിന്നും മേല്‍പ്പറഞ്ഞ കണക്കുകള്‍ പ്രകാരം നിഷ്‌ക്രിയ ആസ്തികള്‍ ഇത്തരത്തില്‍ കൂടുക എന്നത് തികച്ചും ആശങ്കാജനകാമയ കാര്യമാണ്.